സുരക്ഷിതമായ നിക്ഷേപം നടത്തി മാസം തോറും നിശ്ചിത തുക വരുമാനമായി നേടിയെടുക്കാൻ സാധിക്കുന്ന ഒട്ടനവധി നിക്ഷേപ പദ്ധതികൾ തപാൽ വകുപ്പിന്റെയും ബാങ്കുകളുടെയും കീഴിലുണ്ട്. അവയിൽ മികച്ച പദ്ധതി ഏതാണെന്ന് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയാണ് പ്രധാനപ്പെട്ട കാര്യം. അത്തരത്തിൽ ഒരു നിശ്ചിത തുക പ്രതിമാസം ലഭിക്കുന്ന ഒരു പദ്ധതി പരിചയപ്പെടാം. തപാൽ വകുപ്പിന്റെ കീഴിലുളള പ്രതിമാസ വരുമാന പദ്ധതിയിലൂടെ (എംഐഎസ്) മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്. എംഐഎസിനെക്കുറിച്ച് കൂടുതലറിയാം.
1000 രൂപ മുതൽ ഒമ്പത് ലക്ഷം രൂപ വരെയും ഒരാൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിക്ഷേപകന് ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടുകളിലോ പണം നിക്ഷേപിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ പ്രതിമാസം 7.4 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. നിക്ഷേപകന് അഞ്ച് വർഷത്തേക്ക് പ്രതിമാസ വരുമാനവും ലഭിക്കും.
പ്രായപൂർത്തിയാകാത്തവർക്കും മാനസിക വളർച്ചയില്ലാത്തവർക്കുമായി രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാവുന്നതാണ്. ഒറ്റയ്ക്ക് പദ്ധതിയിൽ ചേരുമ്പോൾ പരമാവധി ഒമ്പത് ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടുകളിലായി 15 ലക്ഷം രൂപയുടെയും നിക്ഷേപം നടത്താം. അക്കൗണ്ട് ആരംഭിച്ച് കൃത്യം ഒരു മാസം പിന്നിടുമ്പോൾ തന്നെ നിക്ഷേപകന് പലിശ ലഭിച്ചുതുടങ്ങും.ഒമ്പത് ലക്ഷം രൂപയുടെ നിക്ഷേപമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ പ്രതിമാസം 5,550 രൂപ വരുമാനമായി ലഭിക്കും. 8,11,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5000 രൂപയും ലഭിക്കും. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.
കാലയളവ് പൂർത്തിയാകുന്നതിന് മുൻപും പദ്ധതിയിൽ നിന്നും പിൻമാറാം. അങ്ങനെ ചെയ്യുമ്പോൾ നിക്ഷേപ തുക പൂർണമായും പിൻവലിക്കാൻ സാധിക്കില്ല. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം വരെ പണം പിൻവലിക്കാൻ സാധിക്കില്ല. അതിനുശേഷം ആവശ്യമെങ്കിൽ പണം പിൻവലിക്കാവുന്നതാണ്. മൂന്ന് വർഷത്തിന് മുൻപ് ക്ലോസ് ചെയ്യുകയാണെങ്കിൽ രണ്ട് ശതമാനം പിഴ ഈടാക്കും. എന്നാൽ മൂന്ന് വർഷത്തിന് ശേഷവും അഞ്ച് വർഷത്തിന് മുൻപും ഈ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴ ഒരു ശതമാനമാക്കി കുറയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |