SignIn
Kerala Kaumudi Online
Monday, 07 July 2025 7.12 PM IST

ആരോഗ്യ മേഖലയ്ക്ക് എമർജൻസി ചികിത്സ ഇനി വൈകരുത്

Increase Font Size Decrease Font Size Print Page
das

സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ഇപ്പോൾ വെന്റലേറ്ററിലാണെന്നു പറഞ്ഞാൽ ഒരു അതിശയോക്തിയുമില്ല. തിരുവനന്തപുരം മെഡി. കോളേജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ ഈയിടെ ഉന്നയിച്ച ആരോപണങ്ങൾ ഈ തകർച്ചയുടെ വ്യാപ്തി ബോദ്ധ്യപ്പെടുത്തുന്നതാണ്. സർക്കാർ നിലപാടുകൾ, ധനകാര്യ മാനേജ്‌മെന്റിലെ പിടിപ്പുകേട്, കാഴ്ചപ്പാടുകളിലെ വൈകല്യം എന്നിവയൊക്കെ ആരോഗ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം നടന്ന വർഷങ്ങളായിരുന്നു,​ ഉമ്മൻചാണ്ടി സർക്കാരിൽ ഞാൻ ആരോഗ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ആ കാലഘട്ടമെന്ന് അഭിമാനത്തോടെ

ഓർക്കുന്നു.

'ആരോഗ്യം അവകാശം' എന്ന അടിസ്ഥാന നയമാണ് ഞങ്ങൾ സ്വീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങളിലും സൗജ്യന്യ ചികിത്സാ സംവിധാനങ്ങളിലും അക്കാലത്ത് വലിയ മുന്നേറ്റം നടത്താനായി. ബ‌ഡ്ജറ്റിൽ എപ്പോഴും വലിയ വിഹിതം ആരോഗ്യ മേഖലയ്ക്ക് നീക്കിവച്ചു. യു.ഡി.എഫ് സർക്കാർ ആരോഗ്യമേഖലയ്ക്കു നല്കിയ സംഭാവനകൾ ഈ സാഹചര്യത്തിൽ ഒന്ന് ഓർമപ്പെടുത്തണമെന്ന് തോന്നുന്നു. സംസ്ഥാനത്ത് പത്ത് പുതിയ മെഡിക്കൽ കോളേജുകൾ വന്നത് ആ സർക്കാരിന്റെ കാലത്താണ്- മഞ്ചേരി, തിരുവനന്തപുരം, പാരിപ്പള്ളി, കോന്നി, ഇടുക്കി, വയനാട്, കാസർകോഡ്, പാലക്കാട് എന്നീ പുതിയ മെഡി. കോളേജുകൾ ആരംഭിച്ചതിനു പുറമെ എറണാകുളം, പരിയാരം സഹകരണ മെഡിക്കൽ കോളേജുകൾ സർക്കാർ ഏറ്റെടുത്തു.

പുതിയ മെഡിക്കൽ കോളേജുകൾ വഴി പ്രതിവർഷം ആയിരത്തോളം വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ മെഡിക്കൽ പഠനം സാദ്ധ്യമായി. എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് ആയി. ഗ്രാമീണ മേഖലകളിലുള്ളവർക്ക് സമീപ പ്രദേശങ്ങളിൽത്തന്നെ വിദഗ്ദ്ധ ചികിത്സ സാദ്ധ്യമായി. 500 കോടി രൂപ പി.എസ്.എസ്. വൈ പദ്ധതി വഴി അന്ന് നിലവിലുണ്ടായിരുന്ന മെഡിക്കൽ കോളേജുകളുടെ വികസനത്തിനു മാത്രമായി ചെലവഴിച്ചു. കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ 1240 കോടി രൂപയാണ് അന്ന് ചികിത്സാ സഹായമായി സാധാരണക്കാരിലേക്ക് എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സൗജന്യ മരുന്ന് വിതരണം 2012 മുതൽ ആരംഭിച്ചു. ഇപ്പോൾ ആ പദ്ധതി നിലവിലില്ല.

പദ്ധതികൾ അട്ടിമറിച്ചു

ബി.പി.എൽ കുടുംബങ്ങൾക്ക് പരിധിയില്ലാതെ ചികിത്സ ലഭ്യമാക്കിയ 'സുകൃതം" പദ്ധതി 35 ലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രാപ്യമായിരുന്നു. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ സാദ്ധ്യമാക്കിയ 'ആരോഗ്യ കിരണം" പദ്ധതിയും തുടങ്ങി. കോടിക്കണക്കിനു രൂപ ആ പദ്ധതിയിൽ ആശുപത്രികൾക്കു നൽകാൻ കുടിശികയുണ്ട്. അതിൽ നിന്ന് ഹൃദയചികിത്സ മാത്രം ഉൾപ്പെടുത്തി 'ഹൃദ്യം" എന്ന പദ്ധതി എൽ.ഡി.എഫ് തുടങ്ങി. അതിലും ആശുപത്രികൾക്ക് പണം കൊടുക്കുന്നില്ല. ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ മരുന്ന് ലഭ്യമാക്കുകയായിരുന്നു 'അമൃതം ആരോഗ്യം" പദ്ധതിയുടെ ലക്ഷ്യം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഞ്ചു ലക്ഷം രൂപ വരെ കവറേജ് ഉറപ്പാക്കി. ഈ പദ്ധതിയും പണമില്ലാതെ ഇഴയുന്നു. ഇത്തരം പദ്ധതികൾ ഏകോപിപ്പിക്കാൻ തുടങ്ങിയ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കു കീഴിൽ 709 സബ് സെന്ററുകൾ യു.ഡി.എഫ് സർക്കാർ ആരംഭിച്ചു. 56 കാരുണ്യ ഫാർമസികൾ ഞങ്ങൾ തുടങ്ങിയപ്പോൾ ഇടതു മുന്നണി ഒമ്പതു വർഷംകൊണ്ട് തുടങ്ങിയത് 19 എണ്ണം മാത്രം. ഞങ്ങൾ അഞ്ചുവർഷം കൊണ്ട് 75 അർബൻ പി.എച്ച്.സികൾ തുടങ്ങി; ഇടതുസർക്കാർ 27 എണ്ണവും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അതിനുള്ള പ്രക്രിയ സുതാര്യമാക്കുന്നതിനുമായി ആരംഭിച്ചതാണ് 'മൃതസഞ്ജീവനി." അവയവം മാറ്റിവയ്ക്കൽ വ്യാപകമാക്കാൻ ഇത് സഹായിച്ചു. സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രി സേവനവും ഒരൊറ്റ ഐഡിയിൽ എവിടെയും ലഭ്യമാക്കാൻ തുടങ്ങിയതാണ് ഇ- ഹെൽത്ത് പദ്ധതി.

കാരുണ്യ ചികിത്സാ പദ്ധതി അടക്കം ഇടതു സർക്കാർ എത്രയധികം പദ്ധതികൾ അട്ടിമറിച്ചു! ബഡ്ജറ്റ് വിഹിതം കുറച്ചു. ബഡ്ജറ്റിൽ നീക്കി വച്ചാൽത്തന്നെ പണം കൊടുക്കാതെയായി. മരുന്നു കമ്പനികൾക്ക് ഭീമമായ കുടിശിക വരുത്തി. അങ്ങനെ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ ചലിക്കാനേ കഴിയാത്ത അവസ്ഥയിലെത്തി. പല മെഡിക്കൽ കോളേജുകളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. ഉദാഹരണമായി,​ തൃശൂർ മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്താൻ ചുരുങ്ങിയത് ആറ് മാസമെങ്കിലും കാത്തിരിക്കണം. അവിടെ ഹൃദയശസ്ത്രക്രിയ നിലച്ചിട്ട് മൂന്നു മാസമായി. അമ്പതിലധികം പേർ അവിടെ ശസ്ത്രക്രിയയ്ക്ക് ഊഴംകാത്ത് കഴിയുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

നാടു വിടുന്ന ഡോക്ടർമാർ

മെഡിക്കൽ കോളേജുകൾ ഇങ്ങനെയെങ്കിൽ ജില്ലാ, താലൂക്ക് ആശുപത്രികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഡോക്ടർമാരുടെ ശമ്പള കുടിശിക 400 കോടിക്കു മുകളിലായി. ഒട്ടേറെ ഡോക്ടകർമാർ ലീവെടുത്ത് വിദേശത്തു പോയി ജോലി നോക്കുന്നു. അർഹിക്കുന്ന ശമ്പളം ലഭിക്കാതെ വരുമ്പോൾ അവരിൽ പലരും ഇത്തരം മാർഗങ്ങൾ തേടുന്നു. കാലാനുസൃതമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടതുണ്ട്.

ആവശ്യത്തിന് ഡോക്ടർമാർ എവിടെയുമില്ല. ഒഴിവുകൾ നികത്തുന്നില്ല. മെഡിക്കൽ കൗൺസിൽ പരശോധനാ സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ഡോക്ടർമാരെ ട്രാൻസ്ഫർ ചെയ്ത് തടിതപ്പും. കഴിഞ്ഞ ദിവസം,​ ഡോക്ടേഴ്സ് ദിനത്തിൽ സർക്കാർ ഡോക്ടർമാർക്ക് സമരം ചെയ്യേണ്ടിവന്ന അവസ്ഥ തീർത്തും ദയനീയമാണ്.

ജനങ്ങൾക്ക് പൊതു ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കാൻ കഴിയാതെ വരുന്നത് സർക്കാരിന്റെ പരാജയമല്ലാതെ മറ്റെന്താണ്?​ സംസ്ഥാനത്തെ ശിശുമരണ, മാതൃമരണ, നവജാത ശിശുമരണ നിരക്കുകൾ ഈ സർക്കാർ ഗണ്യമായി കുറച്ചു എന്നാണ് പറയുന്നത്. എത്രയോ നാളുകളായി ഇക്കാര്യങ്ങളിലൊക്കെ കേരളം അന്താരാഷ്ട്ര സൂചികകൾക്കൊപ്പമാണെന്ന് മറന്നുപോകരുത്. അക്കാര്യത്തിലൊന്നും പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല.

മെഡിക്കൽ സർവീസസ് കോർപ്പറേഷന് അതിഭീമമായ തുകയാണ് സർക്കാർ കൊടുക്കാനുള്ളത്. പിന്നെങ്ങനെ മരുന്നു കമ്പനികൾക്ക് പണം കിട്ടും?​ കുടിശിക കൂടിയപ്പോൾ അവർ മരുന്ന് കൊടുക്കാതെയായി. 693 കോടി രൂപ കുടിശികയുണ്ടെന്നാണ് നിയമസഭാ രേഖ പ്രകാരമുള്ള കണക്ക്!

സിസ്റ്റത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിൽ അത് പരിഹരിക്കണം. ഡിപ്പാർട്ട്‌മെന്റ് മേധാവികൾക്ക് അവശ്യ ഉപകരണങ്ങൾ വാങ്ങാനെങ്കിലുമുള്ള അധികാരം കൊടുക്കുന്നതിൽ എന്താണ് അപാകത?​ അധികാരം മാത്രം പോരാ, പണവും നൽകണം. മനുഷ്യനോട് സഹാനുഭൂതിയുണ്ടെങ്കിലേ ഒരു സർക്കാരിന് ഇത്തരം കാര്യങ്ങളിൽ നീതി പുലർത്താനാകൂ.

(ആരോഗ്യവകുപ്പ് മുൻ മന്ത്രിയാണ് ലേഖകൻ)​

TAGS: DOCTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.