തൊണ്ണൂറുകളിലാണ് എന്നെ വളരെയധികം അതിശയിപ്പിച്ച ആ സംഭവം നടന്നത്. ഞാനന്ന് തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. ഐ.എം.എ.യുടെ സെക്രട്ടറിയുമായിരുന്നു. അന്ന് തിരുവനന്തപുരത്ത് ഐ.എം.എ സംസ്ഥാന ഓഫീസ് തുറന്നിട്ടില്ല. ഇ - മെയിലും സെൽഫോണുമില്ലാത്ത കാലം. സംസ്ഥാന ഓഫീസിലേക്കുള്ള നിരവധി കത്തുകൾ എന്റെ ഓഫീസിലെത്തും. വലിയ തിരക്കുള്ള ഓഫീസ്. ദിവസവും കത്തുകൾ പൊട്ടിച്ചു വായിക്കൽ ശ്രമകരമായ ഉത്തരവാദിത്വമായിരുന്നു. ഒരു ദിവസം ഉത്തരേന്ത്യയിൽ നിന്ന് ഒരു കത്ത് വന്നു. ആ സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറായ ഡോക്ടറാണ് എഴുതിയിരിക്കുന്നത്. കത്തിലെ വരികൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. 'എനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് എച്ച്.ഐ.വി. രോഗാണുബാധയുണ്ട്. ആരോഗ്യം വഷളായി വരുന്നു. എച്ച്.ഐ.വി പൂർണമായും ചികിത്സിച്ചു മാറ്റുന്ന ഒരു ആയുർവേദ മരുന്ന് കൊച്ചിയിൽ കണ്ടുപിടിച്ചതായി പത്രത്തിൽ വായിച്ചു. ദയവായി എന്റെ രോഗിക്ക് കുറഞ്ഞത് ഒരു വർഷത്തേക്കുള്ള മരുന്ന് വാങ്ങി അയച്ചുതരണം. വില എത്രയായാലും കുഴപ്പമില്ല." ഇതായിരുന്നു കത്തിന്റെ സാരം. ആ വരികളാണ് എന്നെ അതിശയിപ്പിച്ചത്.കാരണം കത്തെഴുതിയ ആൾ ഉത്തരവാദിത്വപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനായ മെഡിക്കൽ ഡോക്ടറായിരുന്നു . അന്ന് ഇന്റർനെറ്റും ഗൂഗിളും സമൂഹമാദ്ധ്യമങ്ങളും ഇല്ലാത്തതിനാൽ എച്ച്.ഐ.വി യെപ്പറ്റി പൊതുജനത്തെ ബോധവത്കരിക്കാൻ മറ്റ് മാദ്ധ്യമങ്ങളും സമ്മേളനങ്ങളുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ജനങ്ങൾക്കിടയിൽ അവബോധം വളർന്നതും സാവധാനമായിരുന്നു. എന്നാൽ ഡോക്ടർമാർക്കായി നല്ല ട്രെയിനിംഗ് പരിപാടികൾ രാജ്യം മുഴുവനുമുണ്ടായിരുന്നു. ആരോഗ്യവകുപ്പോ ഐ.എം.എ യോ ഒക്കെ വഴി പരിശീലനം കിട്ടാത്ത ഡോക്ടർമാരില്ലായിരുന്നു എന്നുതന്നെ പറയാം. എച്ച്.ഐ.വി ക്ക് എതിരായുള്ള ചില മരുന്നുകൾ അന്നേ കണ്ടുപിടിച്ചിരുന്നു. എന്നാൽ അവയുടെ ലഭ്യത കുറവായിരുന്നു. കൂടാതെ മരുന്നുകൾ കടുത്ത പാർശ്വഫലങ്ങൾ ഉള്ളവയുമായിരുന്നു.
ഇപ്പോൾ നല്ല മരുന്നുകളുണ്ടെങ്കിലും എച്ച്.ഐ.വി രോഗാണുബാധയെ ശരീരത്തിൽ നിന്ന് പൂർണമായി നീക്കാനാവില്ല എന്നത് പരിമിതിമാണ്. ഇപ്പോൾ ലഭ്യമായ മരുന്നുകൾ ശരീരത്തിലെ എച്ച്.ഐ.വി രോഗാണുക്കളുടെ സാന്നിദ്ധ്യം തീരെ കുറയ്ക്കുന്നതിനാൽ അണുബാധയുള്ളവർക്ക് ഏതാണ്ട് സാധാരണ ജീവിതം സാദ്ധ്യമാണ്. കാൽനൂറ്റാണ്ടായി മരുന്നുകൾ കഴിച്ച് എച്ച്.ഐ.വി നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കുന്ന ചിലരെ എനിക്കറിയാം. ഉയർന്ന ജോലികൾ ചെയ്യുന്നവരും കുടുംബമായി ജീവിക്കുന്നവരും അതിൽപ്പെടും. അന്ന് ലഭിച്ച കത്തിന്റെ ലെറ്റർപാഡിലെ ഫോൺ നമ്പർ നോക്കി ഞാൻ വിളിച്ചു. ഡോക്ടറെ കിട്ടി. സംഭാഷണത്തിൽ നിന്നും എച്ച്.ഐ.വി രോഗാണു ബാധയുള്ളയാൾ ഡോക്ടറുടെ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്നു തോന്നി. അത്ര വിഷമത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. നല്ല അറിവുള്ള ഡോക്ടറാണ്. അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രീയ എച്ച്.ഐ.വി മരുന്നുകളുടെ പരിമിതികളെപ്പറ്റിയും അണുബാധ പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും കൊച്ചിയിൽ പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന വാർത്ത കേട്ടപ്പോൾ ഒന്ന് ശ്രമിച്ചാലോ എന്ന് തോന്നിപ്പോയി. കേരളത്തിലാണ് കണ്ടുപിടിച്ചതെന്നറിഞ്ഞപ്പോൾ വിശ്വാസം അല്പം കൂടി. ഞാൻ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
ഒരു ചികിത്സാരീതിയിലും പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരാളാണ് താൻ എച്ച്.ഐ.വി ക്കെതിരെ ആയുർവേദ മരുന്ന് കണ്ടുപിടിച്ചെന്ന് കൊച്ചിയിലിരുന്ന് വ്യാജപ്രചാരണം നടത്തിയത്. അത് വലിയ വാർത്തയായി. മനുഷ്യന്റെ നിസഹായാവസ്ഥ നിർദ്ദയം മുതലെടുത്ത തട്ടിപ്പുകാരൻ. തന്റെ 'മരുന്ന് " എച്ച്.ഐ.വി രോഗാണുബാധ പൂർണമായും മാറ്റുമെന്ന് അയാൾ നിരവധിപ്പേരെ വിശ്വസിപ്പിച്ചു. പലരും അയാൾക്കെതിരെ കേസ് കൊടുത്തു. എന്നാൽ സർക്കാരിനെയും നിയമത്തെയും വെട്ടിച്ച് അയാൾ 'ചികിത്സ" തുടർന്നു. ഐ.എം.എ യിൽ ഞങ്ങളും നിയമോപദേശം തേടി. വളരെ ബുദ്ധിപൂർവമായി അയാൾ പരസ്യം ചെയ്യുന്ന രീതി ഒരു വക്കീൽ ഞങ്ങൾക്ക് കാട്ടിത്തന്നു. അയാളുടെ പരസ്യം വായിക്കുന്നവർക്ക് മരുന്നുകൾ എച്ച്.ഐ.വി. മാറ്റുമെന്ന ധാരണയുണ്ടാക്കും. എന്നാൽ അയാളത് നേരിട്ട് പറയുന്നില്ല. പരസ്യത്തിൽ ആദ്യം വലിയ അക്ഷരങ്ങളിൽ എച്ച്.ഐ.വി മാരക രോഗമാണെന്ന് പറയുന്നു. തൊട്ടുതാഴെ അദ്ദേഹത്തിന്റെ മരുന്നിന്റെ പേര് പറയുന്നു. അതിനും താഴെ മരുന്ന് കഴിച്ച് ഭയമില്ലാതെ സന്തോഷമായി ജീവിക്കാൻ പറയുന്നു. എച്ച്.ഐ.വി മാറ്റുമെന്ന് പറയുന്നില്ല. നിയമത്തിന്റെ പിടി വീഴില്ല. എച്ച്.ഐ.വി ഉള്ളവരോട് ഒരു സിനിമ കണ്ട് ജീവിതം ആസ്വദിക്കാൻ പറഞ്ഞാൽ നിയമവിരുദ്ധമല്ലല്ലോ.
മരുന്ന് ആയുർവേദമാണെന്നു പറഞ്ഞാൽ രക്ഷപ്പെടാൻ എളുപ്പവുമായിരുന്നു. അതുകൊണ്ടാണ് ആയുർവേദ ഡോക്ടർമാരുൾപ്പെടെ എതിർത്തിട്ടും ഈ 'മരുന്ന് " വിപണിയിൽ തുടർന്നത്. എച്ച്.ഐ.വി. വന്ന് രോഗികൾ മരിച്ചു വീണുകൊണ്ടിരുന്ന കാലം. അണുബാധ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ ആരോഗ്യവകുപ്പും ആരോഗ്യ പ്രവർത്തകരും ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ അഹോരാത്രം പണിയെടുത്തപ്പോൾ മറുവശത്ത് കൊച്ചിയിലെ 'മരുന്നിന്റെ" കച്ചവടം പൊടിപൊടിച്ചു. നമ്മൾ വാങ്ങുന്ന പല ഉത്പന്നങ്ങളും ഉത്പാദകർ പറയുന്ന ഫലം തന്നില്ലെങ്കിൽ നമ്മൾ വഴക്കുണ്ടാക്കും. നാട്ടുകാരോടൊക്കെ പറയും. മാദ്ധ്യമങ്ങളെ അറിയിക്കും. എന്നാൽ എച്ച്.ഐ.വി. പോലുള്ള രോഗങ്ങൾക്കുള്ള 'മരുന്ന്' കഴിച്ച് രോഗശാന്തിയുണ്ടായില്ലെങ്കിൽ ആരും പുറത്തു പറയില്ല. മാനഹാനി പേടിച്ച്. ഗുഹ്യരോഗങ്ങൾ, ലൈംഗിക ശേഷിക്കുറവ് എന്നീ പേരുകളിലെ രോഗങ്ങൾക്കും സർവത്ര വ്യാജചികിത്സകൾ നടക്കുന്നതിന്റെ കാരണമിതാണ്. ചികിത്സ ഏൽക്കാത്തവർ പുറത്തു പറയില്ല.
'ഇങ്ങനെയൊരു രോഗമേയില്ല, രോഗിയുടെ കൈയിലെ പൈസ തട്ടാനാണ് ഡോക്ടർമാർ നോക്കുന്നത് " തുടങ്ങിയുള്ള പ്രസ്താവനകളുമായാണ് വ്യാജചികിത്സകർ നമ്മെ സമീപിക്കുക. തുടർന്നും ജീവിച്ചിരിക്കാൻ ആഗ്രഹിക്കുമ്പോൾ മുന്നിൽ വന്നുനിൽക്കുന്ന ആസന്ന മരണത്തെ തടയാൻ എന്തിനും തയാറാകും. ആ ദുർബല ദിനങ്ങളാണ് വ്യാജചികിത്സയുടെ ചാകര ദിനങ്ങൾ. രോഗം മാറില്ല എന്ന് ആധുനിക വൈദ്യശാസ്ത്രം പറഞ്ഞാൽ അന്ന് മുതൽ ചികിത്സയില്ലെന്നല്ല അർത്ഥം. രോഗിയുടെ ശിഷ്ടകാലം രോഗം മൂലമുള്ള ദുരിതങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളോ വേദനസംഹാരികളോ ഒക്കെ നൽകി ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാവും. എന്നാൽ അതിനുള്ള അവസരം കൂടി ഇല്ലാതാക്കുന്നതാണ് വ്യാജചികിത്സ.
ഇന്ത്യയിൽ പ്രതിവർഷം ഇരുപതുലക്ഷത്തോളം ക്ഷയരോഗികൾ ചികിത്സിക്കപ്പെടുന്നു. കൃത്യമായി രോഗം കണ്ടുപിടിക്കാനും ശരിയായ ചികിത്സ നൽകാനും കഴിഞ്ഞാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങൾ നിരവധിയാണ്. സമയത്ത് ശസ്ത്രക്രിയ നടത്തിയാൽ മാറുന്ന രോഗങ്ങളുണ്ട്. അപസ്മാരം, മാനസികരോഗം എന്നിവയുള്ളവർ സ്ഥിരമായി മരുന്നു കഴിക്കുന്നതു മൂലം സാധാരണ ജീവിതം നയിക്കുന്നുണ്ട്. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കൃത്യമായി മരുന്ന് കഴിച്ചാൽ പതിറ്റാണ്ടുകൾ സാധാരണജീവിതം തുടരാനാവും. കാൻസർ നേരത്തേ കണ്ടുപിടിച്ചതിനാൽ ജീവിതം പതിറ്റാണ്ടുകൾ നീണ്ടുകിട്ടിയവർ ധാരാളമുണ്ട്. അപകടത്തിൽപെട്ട് തലയോട്ടിയോ എല്ലുകളോ പൊട്ടിയവർ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതം തിരികെപ്പിടിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി നടത്തുന്നതിനാൽ ബാലമരണങ്ങൾ ഗണ്യമായി കുറഞ്ഞു. ആയുർദൈർഘ്യം കൂടുന്നു. പോളിയോ വന്ന് മുടന്തി നടക്കുന്ന തലമുറ ഇല്ലാതായിരിക്കുന്നു. കേരളത്തിൽ ഹൃദയം വരെ മാറ്റിവയ്ക്കുന്നു. കോടിക്കണക്കിന് മനുഷ്യർ ഇങ്ങനെ ചികിത്സിക്കപ്പെടുന്ന ആശുപത്രികൾക്ക് മുന്നിൽ അത്ഭുത ചികിത്സയുടെ പരസ്യം പ്രദർശിപ്പിക്കുന്നില്ല. എല്ലാം സാധാരണ സംഭവങ്ങൾ. എന്നാൽ ചികിത്സയില്ലാതെയോ ഫലിക്കാതെയോ മരണം മുന്നിൽക്കാണുന്ന രോഗിയുടെയും ബന്ധുക്കളുടെയും കീശയിലെ ബാക്കിയുള്ള പണം കൂടി തട്ടിയെടുക്കുന്ന വ്യാജചികിത്സകർക്കു പറയാനുള്ളത് അത്ഭുത ചികിത്സയെപ്പറ്റിയാണ്. അസുഖം വരുമ്പോൾ അത്ഭുത ചികിത്സകരെല്ലാം ഏറ്റവും നല്ല ആശുപത്രിയിൽപ്പോയി ചികിത്സ തേടും. ഇക്കാര്യം അവർ രഹസ്യമായി സൂക്ഷിക്കും. ആശുപത്രികളും ഡോക്ടർമാരും അനാവശ്യ ചികിത്സ നടത്തുന്നതായും കമ്മിഷൻ തട്ടുന്നതായും പരാതികളുണ്ട്. അതിൽ ചില സത്യങ്ങളും കണ്ടേക്കും. അത് സംവിധാനത്തിലെ തകരാറുകളാണ്. പുഴുക്കുത്തുകളാണ്. അതൊക്കെ കണ്ടെത്തി തടയേണ്ടതാണ് .അതിനൊന്നും പരിഹാരം വ്യാജ ചികിത്സയല്ല. ആ വിഷയവും വ്യാജ ചികിത്സയുമായി കൂട്ടിക്കുഴയ്ക്കുന്നത് അപകടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |