കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൂവക്കണ്ടത്ത് ഇന്നലെ രാവിലെ ഏഴരയോടെ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ വനപാലകരെത്തിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ വെറുംകൈയോടെ. ഇത് നാട്ടുകാരുടെയും വനപാലകരുടെയും ജീവൻ അപകടത്തിലാക്കി. ആക്രമിക്കാൻ പാഞ്ഞടുത്ത ആനക്കു മുന്നിൽനിന്ന് വനപാലകരും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു. കോട്ടപ്പാറ വനമേഖലയിൽ നിന്ന് ജനവാസമേഖലയിലെത്തിയ ആറ് ആനകളിൽ ഒരെണ്ണമാണ് വനപാലകർക്കും നാട്ടുകാർക്കും നേരെ പാഞ്ഞടുത്തത്. ആനയെ ഓടിക്കാൻ കഴിയുന്ന ഉപകരണങ്ങളോ ആയുധങ്ങളോ അവരുടെ കൈവശമുണ്ടായിരുന്നില്ല. എല്ലാവരും ഓടി മാറിയതോടെ ആന മറ്റു ആനകൾക്കൊപ്പം മടങ്ങി.
പതിവായി ആനകളിറങ്ങുന്ന പ്രദേശമാണിവിടം. ആവാസകേന്ദ്രമായ കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് മൂന്ന് കലോമീറ്ററോളം അകലെയുള്ള കല്ലുമല ഭാഗത്തേക്ക് പോയ ആനകളാണ് നേരം പുലർന്ന ശേഷവും നാട്ടിൽ തുടർന്നത്. സാധാരണയായി രാത്രിയെത്തുന്ന ആനകൾ നേരം പുലരും മുമ്പേ വനത്തിലേക്ക് മടങ്ങും. നാട്ടിലിറങ്ങുന്ന ആനകൾ വലിയതോതിൽ കൃഷി നശിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ കൃഷിയിടങ്ങളിൽ ആനകൾ ഇറങ്ങിയിരുന്നു. ആനശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കൃഷിസ്ഥലവും വീടുമെല്ലാം ഉപേക്ഷിച്ച് മറ്റ് പ്രദേശങ്ങളലേക്ക് താമസം മാറിയവർ നിരവധിയാണ്. കാട്ടാനശല്യം ഇല്ലാതാക്കാൻ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് ശാശ്വതപരിഹാരമാകുമെന്ന പ്രതീക്ഷ നാട്ടുകാർക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |