തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനോടെ ഭാരതാംബ ചിത്രത്തിന്റെ പേരിലുള്ള ഗവർണർ- സർക്കാർ പോര് പുതിയ തലത്തിലേക്ക്. സസ്പെൻഷനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ രാത്രി നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിഷയം കോടതിയും കയറുകയാണ്.
സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച, ഗവർണർ പങ്കെടുത്ത ചടങ്ങിന് അനുമതി റദ്ദാക്കിയതിനാണ് രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ വി.സി ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
ഗവർണർ വേദിയിലിരിക്കെ, സ്വകാര്യ പരിപാടി റദ്ദാക്കിയതായി രാജഭവന് രജിസ്ട്രാർ ഇ- മെയിൽ അയച്ചിരുന്നു. ഇത് അനാദരവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലറുടെ നടപടി. ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി ചട്ടവിരുദ്ധമായ പെരുമാറ്റമാണുണ്ടായതെന്നും വി.സി പറയുന്നു. എന്നാൽ, വി.സി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്നാരോപിച്ച് ഇന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രജിസ്ട്രാർ.
അതിനിടെ, ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് മന്ത്രി ആർ.ബിന്ദു തുറന്നടിച്ചു. വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ശ്രമത്തെ ആ നിലയിൽ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു. സീനിയർ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനാണ് രജിസ്ട്രാറുടെ ചുമതല. കേരളയിൽ ആദ്യമായാണ് രജിസ്ട്രാർ സസ്പെൻഷനിലാവുന്നത്.
കഴിഞ്ഞ 25ന് ശ്രീപദ്മനാഭ സേവാസമിതി സെനറ്റ്ഹാളിൽ നടത്തിയ പരിപാടിയാണ് പ്രശ്നത്തിനാധാരം. സംഘാടകർ 65,000 രൂപ അടച്ച് ഹാൾ ബുക്കുചെയ്തിരുന്നു. സർവകലാശാല ചട്ടപ്രകാരം മതപരമായ ചടങ്ങുകളും പ്രഭാഷണങ്ങളും പാടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടത്. ഇത് സംഘാടകർ തള്ളി.
ഹാളിൽ സംഘർഷമാണെന്ന് ഗവർണറെ രജിസ്ട്രാർ ഫോണിൽ അറിയിച്ചു. ഇതു വകവയ്ക്കാതെ ഗവർണർ പങ്കെടുത്തു. ഇതിനിടെയാണ് അനുമതി റദ്ദാക്കിയെന്ന് രാജ്ഭവന് രജിസ്ട്രാർ സന്ദേശമയപ്പിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള വി.സിയുടെ അന്വേഷണത്തിൽ, രജിസ്ട്രാർ പറഞ്ഞിട്ടാണ് മെയിലയച്ചതെന്ന് പി.ആർ.ഒ മൊഴി നൽകി. വേദിയിൽ ദേവിയുടെ ചിത്രം കണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ മൊഴി. ഭാരതാംബയുടെ ചിത്രം ഏത് മതത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് വിശദീകരിക്കാൻ രജിസ്ട്രാർക്കായില്ലെന്നും വി.സി ഗവർണറെ അറിയിച്ചിരുന്നു.
രജിസ്ട്രാറുടേത്
ധിക്കാരം: വി.സി
ഉത്തരവാദിത്വബോധമില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ മുഖവിലയ്ക്കെടുത്താണ് പ്രവർത്തിച്ചത്
മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഉണ്ടായിരുന്നില്ല
വേദിയിലെത്തിയിട്ടും താൻ അത്തരമൊരു ചിഹ്നം കണ്ടെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താൻ രജിസ്ട്രാർക്കായില്ല
ധിക്കാരപരമായ നടപടി സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതും ഗവർണറോടുള്ള അനാദരവും
ഹാളിൽ മത പ്രാർത്ഥനകളും പ്രസംഗങ്ങളും മാത്രമാണ് നിരോധിച്ചിട്ടുള്ളത്. ചിത്രങ്ങൾ പ്രദർശിപ്പിക്കാം
( ഗവർണർക്ക് നൽകിയ റിപ്പോർട്ട്)
വി.സി റഷ്യയിൽ,
സിസയ്ക്ക് ചുമതല
റേഡിയോളജി ഡോക്ടർമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യയിലേക്ക് പോയി. 9ന് തിരിച്ചെത്തുംവരെ വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസാ തോമസിന് നൽകി ഗവർണർ ഉത്തരവിറക്കി.
നിയമനാധികാരിയായ സിൻഡിക്കേറ്റിനാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ അധികാരം.
-ഡോ. ആർ.ബിന്ദു,
ഉന്നത വിദ്യാഭ്യാസ മന്ത്രി
വി.സിയുടെ ഉത്തരവിന് ഒരുവിലയുമില്ല. ഡോ.അനിൽകുമാർ രജിസ്ട്രാർ പദവിയിൽ തുടരും
-ജി.മുരളീധരൻപിള്ള,
സിൻഡിക്കേറ്റംഗം
നിയമാനുസൃത നടപടിയാണെടുത്തത്. സംഘർഷമുണ്ടായപ്പോൾ ഇടപെടാൻ പൊലീസ് അഭ്യർത്ഥിച്ചു
-ഡോ.കെ.എസ്.അനിൽകുമാർ
രജിസ്ട്രാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |