തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡൻ്റ് എം.ജെ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ,തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ എന്നിവർക്ക് പരിക്കേറ്റു. ഗോകുലിന്റെ തലക്കാണ് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിന്നാലെയാണ് പ്രവർത്തകർ അക്രമാസക്തരായത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഇവർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും നടന്നതോടെയാണ് ലാത്തിച്ചാർജ് നടത്തിയത്.
ഇടതു സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തെന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖല വെൻ്റിലേറ്ററിലാണെന്നും എ.പി അനിൽകുമാർ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ നിതിൻ മണക്കാട്ടുമണ്ണിൽ, ആദേശ് സുദർമൻ, ഗോപു നെയ്യാർ, അനീഷ് ആൻ്റണി,മിവാജോളി, സിംജോ സാമുവേൽ,റെനീഫ് മുണ്ടോത്ത്, അബ്ബാദ് ലുത്ഫി, അരുൺ എസ്.കെ, അൻവർ സുൽഫിക്കർ, അൻഷിദ് ഇ കെ, ജവാദ് പുത്തൂർ, ജെയ്ൻ ജെയിസൺ, ആഷിക് ബൈജു എന്നിവർ നേതൃത്വം നൽകി.മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വി.സി നിയമനങ്ങൾ നിയമവിധേയമായി പൂർത്തിയാക്കുക, പ്രിൻസിപ്പൽ ,അദ്ധ്യാപക ഒഴിവുകൾ നികത്തുക, സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങും ഉന്നയിച്ചായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |