തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ ഇന്നലെ സർവകലാശാലയിലെത്തിയെങ്കിലും ഓഫീസിൽ കയറാതെ മടങ്ങി. രാവിലെ പത്തിനെത്തിയ രജിസ്ട്രാറെ ഇടത് സിൻഡിക്കേറ്റംഗങ്ങളും അദ്ധ്യാപക സംഘടനാ നേതാക്കളും ചേർന്ന് ഭരണഘടനയുടെ പകർപ്പ് നൽകി സ്വീകരിച്ചു. സിൻഡിക്കേറ്റ് മുറിയിലും ഗസ്റ്റ്ഹൗസിലും കയറി. ശേഷം സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജി ഫയൽ ചെയ്യാനായി എറണാകുളത്തേക്ക് പോയി. അതിനിടെ, ഗവർണറുടെ നിർദ്ദേശപ്രകാരം വൈസ്ചാൻസലറുടെ ചുമതല ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി ഡോ. സിസാതോമസ് ഏറ്റെടുത്തു. സർവകലാശാലയിലെത്തിയാൽ സിസയെ തടയുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. കന്റോൺമെന്റ് പൊലീസിനോട് വി.സി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയ്ക്ക് മുന്നിൽ എസ്.എഫ്.ഐ സമരം നടക്കവേ ഉച്ചയോടെ കനത്ത പൊലീസ് സുരക്ഷയോടെ സിസ എത്തി. സിൻഡിക്കേറ്റ് ഹാളിനടുത്തുള്ള വഴിയിലൂടെ സർവകലാശാലയിൽ പ്രവേശിച്ച് ചുമതലയേറ്റു.
ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ നിന്ന് അനിൽകുമാറിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും റദ്ദാക്കാൻ സിസ നിർദ്ദേശിച്ചു. രജിസ്ട്രാറുടെ ചുമതല നൽയിട്ടുള്ള സീനിയർ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനോട് ഉടൻ ചുമതലയേൽക്കാനും നിർദ്ദേശിച്ചു. അദ്ദേഹം ഇന്ന് ചുമതലയേൽക്കും. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതടക്കം വിദ്യാർത്ഥികളുടെ അപേക്ഷകളിൽ തീരുമാനമെടുത്തു. സർവകലാശാലയ്ക്ക് മുന്നിൽ വിവിധ സംഘടനകളുടെ പ്രകടനം നടന്നെങ്കിലും അക്രമങ്ങളുണ്ടായില്ല.
ആദ്യ വനിതാ വി.സി
കേരള സർവകലാശാലയിൽ ആദ്യമായാണ് ഒരു വനിത വി.സിയാകുന്നത്. എം.ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിൽ വനിതാ വി.സിമാരുണ്ടായിട്ടുണ്ട്. എന്നാൽ 1937ൽ ആരംഭിച്ച കേരളയിൽ താത്കാലിക ചുമതലയിലെങ്കിലും വനിത വി.സിയാവുന്നത് ആദ്യം. വി.സി ഡോ.മോഹനൻ കുന്നുമ്മൽ റഷ്യയിൽ പോയതിനാലാണ് സിസയ്ക്ക് ചുമതല നൽകിയത്. വിദേശത്തായിരിക്കെ വി.സിക്ക് ഓൺലൈനിൽ ഫയലുകൾ നോക്കാമെങ്കിലും, വി.സിയുടെ സാന്നിദ്ധ്യം സർവകലാശാലയിലുണ്ടാവണമെന്ന് ഗവർണർ നിർദ്ദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |