അന്യസംസ്ഥാനത്തു നിന്നെത്തുന്ന പച്ചക്കറികളിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന കൂടിയ അളവിലുള്ള കീടനാശിനിയുടെ സാന്നിദ്ധ്യം ആരോഗ്യത്തിന് ഭീഷണിയാകുന്നു. കേരളത്തിൽ ദിനം പ്രതി ക്യാൻസർ രോഗികളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഇതിന് പ്രധാന കാരണം ജീവിതശൈലിയിലുണ്ടായ മാറ്റവും പച്ചക്കറികളിൽ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളിലുള്ള വിഷാംശവുമാണ്. മായമില്ലാത്ത ഒരു ഭക്ഷണവസ്തുവും ഇന്ന് വിപണിയിൽ ലഭിക്കില്ലെന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.
തമിഴ്നാട്ടിൽ നിന്നെത്തുന്ന പഴം, പച്ചക്കറികളിലാണ് കൂടുതൽ അളവിൽ വിഷാംശമുള്ളത്. മാരക വിഷമുള്ള കീടനാശിനി, വെള്ളത്തിൽ കലക്കിയാണ് തോട്ടങ്ങളിൽ വച്ചുതന്നെ പച്ചക്കറികൾ മുക്കിയെടുക്കുന്നത്. ചെടിയിൽ വിഷം തളിക്കുന്നതിന് പുറമെയാണിത്. ഇത്തരം സംഭവങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പതിവ് പരിശോധനകൾ നടത്തി കടയുടമകൾക്കും ഹോട്ടൽ, ബേക്കറി ഉടമകൾക്കും മറ്റും നോട്ടീസ് നൽകാറുണ്ട്. പിഴ ഈടാക്കാറുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമില്ല.
കാർഷിക സർവകലാശാലയ്ക്കു കീഴിൽ വെള്ളായണി കാർഷിക കോളേജിൽ പച്ചക്കറി സാമ്പികളുകൾ മൂന്നുമാസം കൂടുമ്പോൾ പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കാറുണ്ട്. കടയുടമയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളോടെയാണ് ഫലം പ്രസിദ്ധീകരിക്കാറുള്ളത്. അനുവദനീയമായതിലും കൂടുതൽ അളവിൽ മാരക കീടനാശിനികൾ കണ്ടെത്താറുമുണ്ട്. സൂപ്പർ മാർക്കറ്റ്, പൊതുവിപണി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽക്കുന്ന പഴം, പച്ചക്കറികളിലാണ് മാരക വിഷാംശമുള്ളത്. പരിശോധന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാറുണ്ടെങ്കിലും ഇതിന്മേൽ കാര്യമായ നടപടികളുണ്ടാകാറില്ല.
വെള്ളായണി കാർഷിക കോളേജ് ലാബിലാണ് 'സേഫ് ടു ഈറ്റ്' പദ്ധതിപ്രകാരം അടുത്തിടെ പഴം, പച്ചക്കറി സാമ്പിൾ പരിശോധിച്ചത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ വ്യത്യസ്ത ജില്ലകളിൽ നിന്ന് ശേഖരിച്ചു നൽകുന്ന സാമ്പിളുകൾ തുടർച്ചയായി ഇവിടെ പരിശോധിക്കാറുണ്ട്. കഴിഞ്ഞ തവണ പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ നിന്നാണ് ശേഖരിച്ചത്. പഴം, പച്ചക്കറി സാമ്പിളുകളിൽ അനുവദനീയമായ (.01 പി.പി.എം-പാർട്സ് പെർ മില്യൺ ) അളവിലുമധികം കീടനാശിനി കണ്ടെത്തി. പച്ചക്കറിയുടെ 28ഉം പഴത്തിന്റെ 15ഉം സാമ്പികളുകളിൽ 21.29 ശതമാനം വരെയാണ് കീടനാശിനിയുള്ളത്.
സുഗന്ധവ്യഞ്ജനങ്ങളിലും മല്ലിയില, ചീര, പുതീന, കറിവേപ്പില തുടങ്ങിയവയിലുമാണ് മോണോക്രോട്ടോഫോസ്, അസഫേറ്റ്, പ്രൊഫെനോഫോസ്, എത്തയോൺ തുടങ്ങിയവയുള്ളത്. കിഴങ്ങു വർഗങ്ങളിലും വാഴപ്പഴത്തിലും കുറവാണ്.
വെണ്ടയ്ക്ക, വഴുതന, കാപ്സിക്കം, ക്യാരറ്റ്, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, പച്ചമുളക്, ഉരുളക്കിഴങ്ങ്, പയർ തുടങ്ങിയവയിൽ വിഷാംശം കൂടുതലാണ്. പഴങ്ങളിൽ ആപ്പിൾ, സപ്പോട്ട, മുന്തിരി, പേരയ്ക്ക, മൊസാംബി, ഓറഞ്ച്, മാതളം, സ്ട്രോബറി തുടങ്ങിയവയിലും വിഷാംശം കൂടുതലാണ്.
അടുക്കള തോട്ടങ്ങൾ
വ്യാപകമാക്കണം
കേരളത്തിലെ ഭക്ഷ്യ ആവശ്യങ്ങൾക്കായി പച്ചക്കറി തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് പ്രശ്നം പരിഹാരത്തിനുള്ള പോംവഴി. അടുക്കളത്തോട്ടങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കണം. ആവശ്യമുള്ള പച്ചക്കറി അതത് കുടുംബങ്ങൾ തന്നെ ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. മട്ടുപ്പാവിലും കൃഷി ചെയ്യാം. ജെെവ കൃഷിരീതിയും പ്രോത്സാഹിപ്പിക്കണം. തോട്ടങ്ങളിൽ ജെെവ കൃഷി ചെയ്യുന്ന പച്ചക്കറി കർഷകരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കാര്യക്ഷമമായ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. കീടങ്ങളെ അകറ്റാൻ ജെെവ കീടനാശിനി ഫലപ്രദമല്ലെന്ന തെറ്റിദ്ധാരണയും പ്രചാരണവുമുണ്ട്. കൃഷി നശിപ്പിക്കുന്ന കീടങ്ങളെ അകറ്റാൻ നല്ല ജെെവ മരുന്നുകളുണ്ടെന്ന് വർഷങ്ങളായി ജെെവ കൃഷി നടത്തുന്നവർ പറയുന്നു. രാസ കീടനാശിനിയുടെ വിൽപ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കാൻ ലക്ഷ്യം വയ്ക്കുന്നവരാണ് ജെെവ കീടനാശിനിക്കെതിരെ പ്രചാരണം നടത്തുന്നത്. അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് കൃഷി വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.
വിപണിയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് നല്ലതുപോലെ കഴുകിയാൽ വിഷാംശം ഒരു പരിധിവരെ ഒഴിവാക്കാം. കുടുംബിനികളാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ജോലിത്തിരക്കിനിടയിൽ പലരും ഇക്കാര്യം ഗൗനിക്കാറില്ല. പുളിവെള്ളമോ വിനാഗിരിയോ ബേക്കിംഗ് സോഡയോ ചേർത്തിളക്കിയ വെള്ളത്തിൽ 20 മുതൽ 30 മിനിറ്റ് വരെ ഇട്ടുവയ്ക്കണം. മുറിച്ചിടാവുന്നവ അങ്ങനെ ചെയ്യണം. തുടർന്ന് രണ്ടു വട്ടം നന്നായി കഴുകിയാൽ വിഷാംശത്തിന്റെ തോത് കുറയ്ക്കാനാകും.
വേണം മുൻകരുതൽ
കറിവേപ്പിലയും മല്ലിയിലയും പുതീനയിലയിലും കൂടുതൽ വിഷാംശമുണ്ട്. ഇവയും വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കണം. അതിനു ശേഷം കഴുകിയെടുക്കാം. ഇതല്ലെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളത്തിലും മുക്കിയെടുക്കാം. മല്ലിയിലയുടെ ചുവടുഭാഗം വേരോടെ മുറിച്ച് കളയുക. ശേഷം ടിഷ്യൂ പേപ്പറിലോ അല്ലെങ്കിൽ നേരിയ കോട്ടൺ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തിലടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കറിവേപ്പിലയും ഇതേ രീതിയിൽ വൃത്തിയാക്കാവുന്നതാണ്. തുടച്ച് വെള്ളം കളഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
പെരുംജീരകം, ജീരകം, ഉണക്കമുളക് എന്നിവ നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കണം. പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീൻസ്, എന്നിവ വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വയ്ക്കുക. പിന്നീട് ഞെട്ട് അടർത്തി മാറ്റി കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ രീതികൾ പ്രയോഗിക്കാൻ വേണ്ടത് അൽപ്പം സമയം മാത്രമാണ്. ഭാവിയിലുണ്ടാകാൻ സാദ്ധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.
വീട്ടിലെ മുതിർന്ന അംഗങ്ങളാണ് യുവതലമുറയ്ക്ക് ഈ മാതൃക പകർന്നുകൊടുക്കേണ്ടത്. ഭാവിതലമുറയുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഭക്ഷ്യ വസ്തുക്കളിലെ വിഷാംശ പ്രശ്നം ഭാവിയിൽ വർദ്ധിക്കാനേ സാദ്ധ്യതയുള്ളൂ. അത് കണ്ടറിഞ്ഞ് പുതുതലമുറയെ ഇപ്പോഴേ മുൻകരുതലെടുക്കാൻ പ്രേരിപ്പിക്കണം. അവനവന് ആവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനും അവരെ പ്രചോദിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |