മടിക്കൈ: 20 അടിയോളം ഉയരമുള്ള ഗുഹയുടെ വായ് ഭാഗത്തു നിന്നും 30 അടി മാറി ചതുരാകൃതിയിലുള്ള ഒരു സുഷിരം. ഗുഹയ്ക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. അകത്ത് കയറിയാൽ അയ്യായിരം ചതുരശ്രയടിയിലധികം വിസ്തൃതി. ഗുഹയ്ക്കുള്ളിൽ ഒത്ത നടുക്കായി ചുമരിൽ അൾത്താര പോലൊരു രൂപം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്ന് കുണ്ടറ ഗുഹ എന്ന മടിക്കൈയുടെ 'ഗുണാകേവ് '. ചരിത്ര ഗവേഷക സംഘം ഇതിന് മുൻപ് പരീക്ഷണങ്ങൾ നടത്തിയ ഗുഹ, പുരാവസ്തു വകുപ്പ് ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്നാണ് നാടിന്റെ ആവശ്യം.
ഗ്രാമീണ ടൂറിസത്തിന് വലിയ സാദ്ധ്യതകളാണ് ഇവിടെ. കുണ്ടറയിലെ സോളാർ പാടവും ഗുഹയ്ക്ക് സമീപത്തായി ഉണ്ട്. മുൻപ് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അദ്ധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്ട് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിൽ പുരാതനമായ ഇരുമ്പ് ആയുധങ്ങൾ കൊണ്ട് കൊത്തിയതിന്റെയും ചുമരുകളിൽ കോറിയിട്ടതിന്റെയും അടയാളങ്ങൾ കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പ് ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയുന്നു.
എങ്ങനെ എത്താം
കാഞ്ഞങ്ങാട് നിന്നും കാരാക്കോട് ബസിൽ കയറി കുണ്ടറ ബസ് സ്റ്റോപ്പിൽ ഇറങ്ങണം. അവിടെ നിന്നും ഇടതു ഭാഗത്ത് നടത്തം. വിശാലമായ ഒരു പാറ. അവിടെ എത്തിയാൽ മടിക്കൈയുടെ 'ഗുണാകേവ്' കാണാം.
മടിക്കൈയുടെ ടൂറിസം വികസനത്തിന് ആക്കം കൂട്ടാൻ കുണ്ടറ ഗുഹയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല.
എസ്. പ്രീത (മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |