ഒരിടവേളയ്ക്കുശേഷം സംസ്ഥാനം വീണ്ടും നിപ ഭീതിയിലാണ്. പാലക്കാട്, മലപ്പുറം സ്വദേശികൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധം കടുപ്പിച്ചിരിക്കുകയാണ്. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ വൈറോളജി ലാബിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 100ലധികം പേർ ഹൈ റിസ്ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്നുകിലോമീറ്റർ പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല.
കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്. പ്രദേശത്തെ നിയന്ത്രിതമേഖലയിൽ കടകൾ രാവിലെ എട്ടു മുതൽ ആറുവരെ മാത്രമായിരിക്കും. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. യുവതിയുടെ സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണമില്ല. അതേസമയം, കോഴിക്കോട് മസ്തിഷ്ക മരണം സംഭവിച്ച പെൺകുട്ടിക്കും നിപ ബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിയായ 18കാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് 18കാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇവിടേക്ക് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ചിരുന്നു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28നാണ് ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ടെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവായതിനാൽ പോസ്റ്റുമോട്ടം നടത്തിയ ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയിരുന്നു. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
2018 മേയ് മാസത്തിലാണ് കോഴിക്കോട് പേരാമ്പ്രയിൽ കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. ആ വർഷം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി ജീവൻ നഷ്ടമായത്. തീർത്തും അപ്രതീക്ഷിതമായി ഒരു മേഖലയിൽ വ്യാപിച്ച് ആ പ്രദേശത്തു മാത്രം ഒതുങ്ങിനിന്ന് കുറച്ച് ആളുകളെ ബാധിച്ച് ഏതാനും ആഴ്ചകൾക്കകം സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്യുന്ന പകർച്ചവ്യാധിയായാണ് നിപ രോഗം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഒരു പാരിസ്ഥിതികമേഖലയിൽ നിപ ഒരു തവണ പൊട്ടിപ്പുറപ്പെട്ടാൽ പിന്നീടുള്ള വർഷങ്ങളിലും പ്രസ്തുത മേഖലയിൽ നിപ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കൂടുതലാണന്ന് നിപ വൈറസിന്റെ വ്യാപനരീതിയെ പറ്റി പഠിച്ച ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്താണ് നിപ വൈറസ്?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണിത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്. രോഗസ്ഥിരീകരണം തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുൻകരുതലുകൾ
കൃത്യമായി മാസ്ക് ധരിക്കുക
സാമൂഹിക അകലം പാലിക്കുക
ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക
രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.
പകരുന്നതെങ്ങനെ
രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിലൂടെ പകരും.
രോഗിയുടെ സ്രവങ്ങളിലൂടെ.
രോഗി കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ (സോപ്പ്, വസ്ത്രം തുടങ്ങിയവ)
രോഗാണു വാഹകരായ വവ്വാലുകളിൽ നിന്ന് മറ്റ് ജന്തുക്കളിലേക്കും മനുഷ്യരിലേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |