മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് സംസ്ഥാനം നിയമനിർമാണം നടത്തുമെന്നും, ഇതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുകൂല നിലപാടുണ്ടാകാൻ സംസ്ഥാനത്തെ മുഴുവൻ പാർലമെന്റ് അംഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ തീരുമാനമുണ്ടായത് മലയാളികളെല്ലാം ഏറെ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും കാണുകയാണ്. പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിനു മുന്നോടിയായിട്ടാണ് എം.പിമാരുടെ യോഗം ചേർന്നത്. കേരളത്തെ പൊതുവായി ബാധിക്കുന്ന പലവിഷയങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികളായി നിന്ന് പരസ്പരം ഏറ്റുമുട്ടുകയും ഭള്ളു പറയുകയും ചെയ്തുവന്നിരുന്ന ഒട്ടും ആശാസ്യമല്ലാത്ത പ്രവണത അവസാനിപ്പിച്ച് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൊടിയുടെ നിറമോ പ്രത്യയശാസ്ത്ര ചേരുവകളോ നോക്കാതെ കേരളത്തിന്റെ പൊതുവികാരം പാർലമെന്റിൽ പ്രതിഫലിപ്പിക്കുമെന്ന് എം.പി.മാർ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയത് അത്യന്തം ശുഭസൂചകമാണ്.
കാവേരി -മുല്ലപ്പെരിയാർ വിഷയങ്ങളിലൊക്കെ തമിഴ്നാട്ടിലെ ജനപ്രതിനിധികളും ജനങ്ങളാകെയും ഒരേ മനസോടെ സമരരംഗത്ത് വരുന്നതിന് സമാനമായി കേരളവും പൊതുതാത്പര്യ സംരക്ഷണത്തിന് തോളോടുതോൾ ചേർന്നു നിൽക്കാൻ തയ്യാറാകുന്നത് ഏറെ പ്രതീക്ഷാനിർഭരമാണ്. മനുഷ്യ-വന്യജീവി സംഘർഷവും ഇതുണ്ടാക്കുന്ന മനുഷ്യനാശവും അനുബന്ധ കൃഷിനാശവുമൊക്കെ ദിനംപ്രതിയെന്നോണം വാർത്തയാണിപ്പോൾ. വനവിസ്തൃതിയിലുണ്ടായ കുറവ്, മനുഷ്യരുടെ വനം കൈയേറ്റം, വനനശീകരണം, നഗരവൽക്കരണം, കൃഷിവ്യാപനം, ജനസംഖ്യാ വർദ്ധന, ഭൂവിനിയോഗത്തിൽ വന്ന മാറ്റം, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ശോഷണം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് ഈ സംഘർഷത്തിനു പിന്നിൽ.
ദേശീയ വനനയം നിഷ്കർഷിക്കുന്നത് മൊത്തം ഭൂവിസ്തൃതിയുടെ 33 ശതമാനം വനം വേണമെന്നാണ്. 1972 ൽ വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നപ്പോൾ ഈ നിബന്ധന ഏറക്കുറെ പാലിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അന്ന് രാജ്യത്തെ ജനസംഖ്യ 56 കോടിയിൽ താഴെയായിരുന്നു. എന്നാലിപ്പോൾ ജനസംഖ്യ 146 കോടിയായി. വനമേഖലയുടെ വിസ്തൃതി 33 ൽ നിന്ന് 25 ശതമാനത്തിൽ താഴെയുമായി. അപ്പോൾ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയതാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമം. മനുഷ്യന്റെ ജീവനു ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങൾപോലും സംരക്ഷിക്കപ്പെടണമെന്നു നിയമം പറയുമ്പോൾ അത്തരം മൃഗങ്ങളെ കൊന്ന് മനുഷ്യനെ സംരക്ഷിക്കണം എന്ന് വൈകാരികമായി പറഞ്ഞതുകൊണ്ടായില്ല. അവയെ കൊല്ലുന്നതിനു സഹായകമായ വിധത്തിൽ 1972 ലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിൽ പ്രായേണ സ്ഥല വിസ്തൃതി കുറഞ്ഞതും വനങ്ങളോട് ചേർന്ന മനുഷ്യ ആവാസവ്യവസ്ഥ നിലനിൽക്കുന്നതും പ്രത്യേകമായി പരിഗണിച്ച് ആവശ്യമായ നിയമഭേദഗതി അനിവാര്യമായിരിക്കുകയാണ്. ഇതിനായി കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദം പാർലമെന്റിൽ മുഴങ്ങാൻ പോകുന്നു എന്നത് നല്ലതാണ്.
ഇതിനെല്ലാമൊപ്പം നമ്മുടെ ഭരണഘടനയുടെ ഫെഡറലിസം പൂർണമായും സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക ഫെഡറലിസം അനുശാസിക്കുന്ന സഹായങ്ങൾ കേന്ദ്രത്തിൽ നിന്നു നേടിയെടുക്കാനും ഇപ്പോഴത്തെ ഈ കൂട്ടായ്മ സജീവമായി നിലനിൽക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. കേന്ദ്രത്തിൽ നിന്ന് കേരളത്തിനർഹമായ സാമ്പത്തിക വിഭവം ലഭ്യമാക്കുക, ചരക്കുസേവന നികുതിയുടെ സംസ്ഥാനവിഹിതം സമയബന്ധിതമായി നൽകുക, കടമെടുപ്പുപരിധി പത്താം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തതുപോലെ 3.86 ശതമാനമെങ്കിലും ആക്കുക, മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിനുള്ള കേന്ദ്രസഹായം അടിയന്തരമായി നൽകുക തുടങ്ങിയ കേരള ജനതയുടെ തികച്ചും ന്യായയുക്തമായ ആവശ്യങ്ങൾ കൂടി കേന്ദ്രത്തിൽ നിന്നു നേടിയെടുക്കുന്നതിന് ഇപ്പോഴത്തെ യോജിപ്പിന്റെ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |