
തൃശൂർ: അതിരപ്പിള്ളിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്‌ഷനിലേക്ക് പോകുകയായിരുന്നു സുബ്രൻ. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയിൽ പെടുകയായിരുന്നു.
അതിരപ്പിള്ളിയിൽ തുമ്പിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുൻപ് ഏറെ വാർത്തകളിൽ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്. ഏഴ് കാട്ടാനകളാണ് ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാർ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുബ്രനെ ഉടൻ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടശ്ശേരി പഞ്ചായത്തിലാണ് ഇന്ന് കാട്ടാന ആക്രമണം ഉണ്ടായത്.
കഴിഞ്ഞദിവസം പാലക്കാടും കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനും ഒപ്പമുണ്ടായിരുന്നയാൾക്കും നേരെ കാട്ടാന എത്തുകയായിരുന്നു. ഒപ്പമുള്ളയാൾ രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിന് ജീവൻ നഷ്‌ടമായി. പുത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |