അജിത് കോളശ്ശേരി
(ചീഫ് എക്സിക്യുട്ടീവ് ഓഫീസർ
നോർക്ക റൂട്സ്)
വിദേശ മലയാളികൾക്കു മാത്രമല്ല, വിദേശത്ത് ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സംബന്ധമായ കാര്യങ്ങൾ സുഗമമാക്കാൻ നൂതന പദ്ധതി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നോർക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരി. നോർക്കയുടെ പ്രവർത്തനത്തെക്കുറിച്ചും പുതുതായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? നോർക്കയുടെ ഉദ്ദേശ്യങ്ങൾ, പ്രാധാന്യം.
പ്രവാസി സമൂഹവും സർക്കാരും തമ്മിലുള്ള ജൈവിക ബന്ധത്തെ സംയോജിപ്പിക്കുന്ന സ്ഥാപനമാണ് നോർക്ക. പ്രവാസികൾക്ക് സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ അവർക്കൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം, സംസ്ഥാനത്തിന് പ്രവാസികളുടെ സഹായം തിരിച്ചു ലഭ്യമാക്കുകയും ചെയ്യുകയാണ് നോർക്കയുടെ ലക്ഷ്യം. പരസ്പരമുള്ള ഈ ബന്ധം നിലനിറുത്തുന്നത് നോർക്കയാണ്. രാജ്യത്ത് ആദ്യമായി പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനും വേണ്ടി ഇത്തരമൊരു സംവിധാനം ആരംഭിച്ചത് കേരളമാണ്. സർക്കാരിന്റെ കാഴ്ചപ്പാടിന്റെയും പ്രവാസികൾക്ക് നൽകുന്ന വാഗ്ദാനത്തിന്റെയും പിന്തുണയുടെയും സ്ഥാപനവത്കരണമാണ് നോർക്ക.
?പ്രവാസത്തിന് ആഗ്രഹിക്കുന്നവർക്ക് നോർക്കയുടെ സഹായമുണ്ടോ.
പ്രവാസത്തിന് തയ്യാറെടുക്കുന്നവർക്ക് സഹായങ്ങൾ ചെയ്യുകയും നോർക്കയുടെ ചുമതലയാണ്. കുടിയേറ്റത്തിന് പ്രോത്സാഹനം നൽകേണ്ടത് ആവശ്യമാണ്. കുടിയേറ്റത്തിന്റെ ദിശ മാറുകയോ ക്വാളിറ്റി നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ ദോഷകരമായ പ്രതിഫലനം സംസ്ഥാനത്ത് ഉണ്ടാകും. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ളതും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. യു.പിയിൽ 20 കോടി ജനങ്ങൾ ഉണ്ടെങ്കിലും പ്രവാസികൾ വെറും 20 ലക്ഷം മാത്രമാണ്. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. ആറു കേരളീയരിൽ രണ്ടുപേർ വീതം പ്രവാസിയാണ്.
? മടങ്ങിയെത്തുന്ന പ്രവാസികൾക്കു നൽകുന്ന സേവനം.
പ്രവാസികളെയും പ്രവാസ ജീവിതം കഴിഞ്ഞെത്തുന്നവരെയും സമഗ്രമായി കാണുന്ന സ്ഥാപനമാണ് നോർക്ക. ആറ് ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത്. സ്‌പോൺസർഷിപ്പ് കാലാവധി കഴിയുമ്പോൾ അവർ തിരികെവരും. അതുകൊണ്ടുതന്നെ തിരിച്ചുവരുന്ന പ്രവാസികൾക്കു വേണ്ട പദ്ധതികൾ നോർക്ക ആവിഷ്‌കരിച്ചിട്ടുണ്ട്. നോർക്കയുടെ 60 - 70 ശതമാനം തുകയും വിനിയോഗിക്കുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്കായാണ് . മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം പദ്ധതികൾ നടപ്പാക്കിയിട്ടില്ല. സംരംഭകത്വ സഹായ പദ്ധതി, ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയിലൂടെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇവരെ പ്രാപ്തരാക്കുന്നു. സംസ്ഥാനത്തെ 19 ധനകാര്യ സ്ഥാപനങ്ങൾ വഴി ഇവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.
? ഉന്നത പഠനത്തിന് വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ പലപ്പോഴും കബളിപ്പിക്കപ്പെടുന്നുണ്ടല്ലോ...
സ്റ്റുഡന്റ് മൈഗ്രെഷൻ എന്നത് നൂതന പ്രതിഭാസമാണ്. ഇന്ത്യൻ എമിഗ്രേഷൻ ആക്ടിൽ സ്റ്റുഡന്റ് എമിഗ്രന്റിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഇപ്പോൾ വിദ്യാർത്ഥികൾ വിദേശത്തേക്കു പോകുന്നത് ഉന്നത വിദ്യാഭ്യാസം മാത്രം ലക്ഷ്യംവച്ചല്ല. അവർക്ക് ഇഷ്ടമുള്ള രാജ്യവും കോഴ്സും തിരഞ്ഞെടുത്ത ശേഷം അവിടെ പാർട്ട് ടൈം ജോലികൾ ചെയ്‌ത് പിന്നീട് അവിടെ സ്ഥിരതാമസമാക്കാനാണ് മിക്കവരും ലക്ഷ്യമിടുന്നത്.
പ്രൈവറ്റ് ഏജൻസികളാണ് കുട്ടികളെ അവിടെ എത്തിക്കുന്നത്. അവർക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല. അതിനാൽ പലപ്പോഴും അവിടെയെത്തുന്ന കുട്ടികൾ പല തരത്തിലുമുള്ള ദുരിതം അനുഭവിക്കേണ്ടിവരുന്നു. വിദേശത്തേക്കു പോകുന്ന കുട്ടികൾക്കായി ഇവിടെ നിന്ന് പണം അങ്ങോട്ടേക്ക് അയയ്ക്കുകയാണ്. ഒരു വർഷം 40,000 കോടി രൂപയാണ് വിദ്യാഭ്യാസ ലോൺ ഇനത്തിൽ വിദേശ വിദ്യാഭ്യാസത്തിനായി ബാങ്കുകൾ നൽകുന്നത്. എന്നാൽ അങ്ങനെ പോകുന്ന പണത്തിന്റെ മൂന്നിലൊന്ന് തുക പോലും തിരികെ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
? വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് സഹായ പദ്ധതികളുണ്ടോ.
വിദേശരാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി മൈഗ്രേഷൻ ഫെസിലിറ്റേഷൻ സർവീസ് നൽകാൻ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നോർക്കയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് മൈഗ്രെഷൻ പോർട്ടൽ തയ്യാറായി വരികയാണ്. പോർട്ടലിലൂടെ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകും. വിവിധ രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങൾ, എമിഗ്രഷൻ നിയമങ്ങൾ എന്നിവയെക്കുറിച്ചും അറിവ് നൽകും. ഇത്തരം കാര്യങ്ങൾ കുട്ടിയും രക്ഷിതാവും മനസിലാക്കുക വഴി കൃത്യമായ തിരഞ്ഞെടുക്കൽ സാദ്ധ്യമാകും. യാത്രകൊണ്ട് ഗുണമുണ്ടോ എന്ന് മനസിലാക്കാനും സാധിക്കും. ഇപ്പോൾ ഏജൻസികൾ കൊടുക്കുന്ന അറിവ് മാത്രമാണ് വിദ്യാർത്ഥികൾക്കുള്ളത്. അവരുടെ ബിസിനസ് താത്പര്യത്തിനിടയിൽ യാഥാർത്ഥ്യം പലപ്പോഴും കുറവായിരിക്കും.
? ഇത്തരം ഏജൻസികൾ നിയമത്തിന്റെ പരിധിയിൽ വരില്ലേ.
ഇന്ത്യൻ എമിഗ്രേഷൻ ആക്ട് അനുസരിച്ച് തൊഴിലിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികൾക്ക് ലൈസൻസ് നിർബന്ധമാണ്. എന്നാൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കൊണ്ടുപോകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണമെന്ന് എമിഗ്രേഷൻ ആക്ടിൽ പറയുന്നില്ല. സ്റ്റുഡന്റ്സ് മൈഗ്രേഷനെക്കുറിച്ച് ഇന്ത്യയിൽ നിയമങ്ങൾ ഒന്നുമില്ല. മിക്ക ഏജൻസികളും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസൻസ് എടുത്താണ് ഇത്തരം സ്ഥാപനം നടത്തുന്നത്. അതിനാൽ പുതിയ നിയമ നിർമ്മാണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സംബന്ധമായ വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് നിയമ നിർമ്മാണം നടത്താനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മറുപടി പറയാൻ അവരെ ബാദ്ധ്യസ്ഥരാക്കുകയും വേണം.
? അനധികൃത കുടിയേറ്റം തടയാൻ കഴിയുന്നില്ലേ.
'ഇസ്രായേലിൽ എത്തി ഞാൻ രക്ഷപ്പെട്ടു, നിങ്ങളും കയറിവരൂ..." എന്ന രീതിയിൽ നവ മാദ്ധ്യമങ്ങളിലൂടെ തട്ടിപ്പു പ്രചാരണങ്ങൾ പലതും നടക്കുന്നുണ്ട്. വിസിറ്റ് വിസയിൽ പത്തുപേർ പോയാൽ ഒന്നോ രണ്ടോ പേരാകും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടിട്ടുണ്ടാകുക. ബാക്കി എട്ടുപേർ കുടുങ്ങിയ കാര്യം പലരും അറിയുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും ഒളിവിലിരുന്നാണ് ഇത്തരം കഥകൾ ഉണ്ടാക്കുന്നത്. ഇതിൽ ആകൃഷ്ടരായി പോകുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതിനെതിരെ നോർക്ക ബോധവത്‌കരണം നടത്തുന്നുണ്ട്. വിസിറ്റ് വിസയിൽ പോകരുതെന്നും തൊഴിൽ വിസയിൽ മാത്രമേ പോകാവൂ എന്നും നോർക്ക നൽകുന്ന അറിയിപ്പ് അവഗണിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
?നോർക്കയുടെ പുതിയ പദ്ധതികൾ.
പ്രവാസികൾക്കും കുടുംബങ്ങൾക്കുംആശുപത്രികളിൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിന് 'നോർക്ക കെയർ" എന്ന പേരിൽ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി ആലോചനയിലാണ്. തങ്ങളുടെ പ്രവാസ ജീവിതത്തിനിടയിൽ സ്വായത്തമാക്കിയ തൊഴിൽ വൈദഗ്ദ്ധ്യം സംബന്ധിച്ച്, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്‌കിൽ സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതിയും നടപ്പാക്കും. വിദേശരാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർത്ഥികൾക്ക് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സർവീസ് നൽകാൻ സ്റ്റുഡന്റസ് മൈഗ്രേഷൻ പോർട്ടൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |