കൊച്ചി: കഴിഞ്ഞ മാസം കേരളതീരത്ത് തീപിടിച്ച 'വാൻഹായ് 503’കപ്പലിൽ നിന്ന് ഇപ്പോൾ പുക ഉയരുന്നത് ഇന്ധന ടാങ്കുകളോട് ചേർന്ന നാലാം നമ്പർ അറയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലെ സാൽവേജ് സംഘം അതീവ ജാഗ്രതയിലാണിപ്പോൾ.
ഇന്ധന ടാങ്കുകളിൽ 2000 ടൺ ഹെവി ഓയിലും 300 ടൺ ഡീസലുമുണ്ട്. ഇന്ധന ടാങ്കുകളിലേക്ക് തീ വ്യാപിപ്പിക്കുന്നത് തടയുന്നതിനാണ് പ്രഥമ പരിഗണന. ഇന്ധന ടാങ്കുകൾക്ക് ഏറ്റവും അടുത്തുള്ള അറകൾക്കുള്ളിലേക്ക് തീ വ്യാപിക്കാതിരിക്കാനാണ് ശ്രമം.
വെള്ളിയാഴ്ചയാണ് വീണ്ടും തീ കണ്ടെത്തിയത്. കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി. വിർഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള രാസമിശ്രിതം പ്രയോഗിക്കുന്നതും മോശം കാലാവസ്ഥയെ തുടർന്ന് നിറുത്തി. പമ്പ് കേടായതിനെ തുടർന്ന് കപ്പലിനുള്ളിലെ എൻജിൻ റൂമിൽ കയറിയ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങളും തടസപ്പെട്ടു. പമ്പ് നന്നാക്കൽ പുരോഗമിക്കുകയാണ്. കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് പുറത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |