കൊച്ചി: ഫോർട്ട്കൊച്ചി കല്ലുംപുറത്ത് 'പെടയ്‌ക്കണ" കായൽമത്സ്യങ്ങളുടെ വിൽപ്പന തുടങ്ങിയിട്ട് ആറു പതിറ്റാണ്ട്. ഇവിടെ വിൽക്കുന്ന കണമ്പിന്റെയും കാളാഞ്ചിയുടെയും രുചിയറിഞ്ഞവരിൽ മെഗാസ്റ്റാർ മമ്മൂട്ടിയും വ്യവസായ പ്രമുഖൻ എം.എ യൂസഫലിയും തുടങ്ങി ബോളിവുഡ് സൂപ്പർതാരങ്ങൾ വരെയുണ്ട്.
കൊച്ചി അഴിമുഖത്തെ ചീനവലകളിലും പരമ്പരാഗത വള്ളക്കാരുടെ വീശുവലകളിലും ലഭിക്കുന്ന കായൽമത്സ്യങ്ങളാണ് കല്ലുംപുറത്തെ പ്രിയങ്കരമാക്കുന്നത്. ജീവനുള്ള മീനാണ് ഇവിടത്തെ സവിശേഷത. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ദിവസവുമെത്തുന്ന ഫോർട്ട്കൊച്ചി കടൽത്തീരത്തെ കമനീയമായ നടപ്പാതയോട് ചേർന്ന് ചെറിയൊരു കോണിലാണ് ലൈവ് വിൽപ്പന.
തിരുതയും പ്രാഞ്ഞിലും മാത്രമല്ല, പല്ലിമീനും ചൂടൻ, കാരൻ ചെമ്മീനുകളും മാന്തളും കരിമീനും കൂട്ടത്തിലുണ്ട്. വാൾ മീൻ, വേളൂരി, കട്ട്‌ല, ചെമ്പല്ലി... പട്ടിക നീളും. അഴിമുഖത്ത് യഥേഷ്ടം ലഭിക്കുന്ന 'മുട്ട തിരുത"യ്ക്ക് ആവശ്യക്കാർ കൂടും.
രാവിലെ 6ന് തുടങ്ങിയാൽ 10 മണിയോടെ ലേലവും വിതരണവും തീരും. പിന്നീട് സമീപത്തെ സ്റ്റാളുകളിൽ കിട്ടും. മത്സ്യബന്ധനത്തൊഴിലാളികളും വിതരണക്കാരും പണിക്കാരും തരകൻമാരും ഉൾപ്പെടെ ആയിരത്തോളം ആൾക്കാർ കല്ലുംപുറത്തെ സജീവമാക്കുന്നു.
'യൂ ബൈ, ഐ കുക്ക് ’
സീസണിൽ ഫോർട്ട് കൊച്ചിയിലെത്തുന്ന വിദേശികൾക്ക് കല്ലുംപുറത്തെ മീൻ ഇഷ്ടഭോജ്യമാണ്. ലേലംവിളിയിൽ വിദേശികളും പങ്കെടുക്കും. ഇസ്രയേലികൾക്ക് താത്പര്യം കൂടുതലാണെന്ന് തരകൻ ഷക്കീർ അലി പറയുന്നു.
വാങ്ങുന്ന മീൻ ലൈവായി പാകം ചെയ്യാൻ സമീപത്ത് സൗകര്യമുണ്ട്. 'യൂ ബൈ, ഐ കുക്ക് ’എന്നാണ് ഇതറിയപ്പെടുന്നത്.
കൊച്ചി തുറമുഖത്ത് എത്തുന്ന കപ്പലുകളിലെ യാത്രക്കാരും കല്ലുംപുറത്തെ കായൽ മത്സ്യങ്ങളുടെ രുചിയറിഞ്ഞവരാണ്. സ്റ്റാളുടമ പി.കെ. കോയയാണ് കപ്പലുകൾക്ക് കൊല്ലങ്ങളായി മീൻ എത്തിച്ചു കൊടുക്കുന്നത്.
താരങ്ങളുടെ സ്ഥിരം സ്റ്റാൾ
പ്രമുഖ ഹോളിവുഡ് താരം ജോൺഎബ്രഹാം കൊച്ചിയിലെത്തിയാൽ കല്ലുംപുറത്തെ സ്റ്റാളുകൾ സന്ദർശിക്കാതെ മടങ്ങില്ല. വെള്ള ആവോലിയാണ് അദ്ദേഹത്തിന്റെ ഇഷ്ടഭോജ്യമെന്ന് സ്റ്റാളുടമ ജമാൽ ഉസ്താദ് പറയുന്നു. ബോബൻ കുഞ്ചാക്കോയുടെയും അമൽ നീരദിന്റെയും വീടുകളിലേക്കും കല്ലുംപുറത്ത് നിന്നാണ് മീൻ പോകുന്നത്. മമ്മൂട്ടി കൊച്ചിയിലെ വീട്ടിലുണ്ടെങ്കിൽ സുറുമിയുടെ ഫോൺ വിളിയെത്തുന്നത് സ്റ്റാളുടമ പനയപ്പിള്ളി നസീറാണ്. രാഷ്ട്രീയക്കാരിൽ കെ.വി. തോമസ് മാഷുൾപ്പെടെ പ്രമുഖരുൾപ്പെടും. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടിയും ഇവിടെ എത്താറുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |