തിരുവനന്തപുരം: സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇന്ന് കണ്ണൂർ, കാലിക്കറ്റ്, എം.ജി, കേരള സർവകലാശാലകളിലേക്ക് എസ്.എഫ്.ഐ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണർ നിയമിച്ച വി.സിമാർക്കെതിരെയാണ് രാവിലെ 10ന് മാർച്ച് സംഘടിപ്പിക്കുക. അടുത്തഘട്ടത്തിൽ സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിൽ സമരം നടത്തും. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലേക്കും രാജ്ഭവനിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും.
സർവകലാശാലവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേരള വി.സി രാജിവയ്ക്കണം. കെ.എസ്.യു നേതാവിന് മാർക്ക് ദാനം നടത്തിയ കാലിക്കറ്റ് വി.സി തൽസ്ഥാനത്തിന് അർഹനല്ല. കേരളത്തിനെതിരെ ഗൂഢശക്തിയായി പ്രവർത്തിക്കുകയാണ് രാജ്ഭവൻ. സർവകലാശാല നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ചൊൽപ്പടിക്ക് നിറുത്താനുള്ള സംഘപരിവാറിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തെ ഒരു ഘട്ടത്തിലും കീഴടക്കാൻ ആർ.എസ്.എസിനു കഴിയാത്തതിനാൽ സംസ്ഥാനത്തെ പൊതു സംവിധാനങ്ങളെ തകർക്കുകയെന്ന അജൻഡയാണ് കേരള സർവകലാശാലയിലടക്കം നടക്കുന്നത്. ലോകോത്തര നിലവാരം പുലർത്തുന്ന കേരളത്തിലെ സർവകലാശാലകളുടെ ഭരണം സ്തംഭിപ്പിക്കുകയാണ് ലക്ഷ്യമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |