തൊടുപുഴ: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡ് ഉപരോധിച്ച ചാണ്ടി ഉമ്മൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എന്നിവരെയടക്കം 20 പേരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കി. ഇത് തടയാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ഉച്ചയോടെ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തശേഷം ചാണ്ടി ഉമ്മൻ ബൈപ്പാസ് റോഡിൽ കുത്തിയിരുന്നു. പിന്മാറാൻ പൊലീസ് അഭ്യർത്ഥിച്ചിട്ടും ഗൗനിക്കാതെ മഴ നനഞ്ഞ് പ്രവർത്തകർക്കൊപ്പം ഉപരോധം തുടർന്നു. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആരോഗ്യവകുപ്പിനെതിരെയും സർക്കാരിനെതിരെയും പ്രതികരിക്കുന്നതിനാൽ സി.പി.എമ്മും സർക്കാരും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുകൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്മാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |