# തിരിച്ചെടുത്തതിൽ ഹൈക്കോടതി ഇടപെട്ടില്ല
# ഒരേസമയം രണ്ടു രജിസ്ട്രാർ
#മുൻ എം.എൽ.എ രാജേഷിനെതിരെ
കോടതി അലക്ഷ്യ നടപടി
കൊച്ചി/ തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിനെ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് തിരിച്ചെടുത്ത നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തിരിച്ചെടുത്തത് യുക്തമായ അതോറിട്ടിക്ക് പരിശോധിക്കാമെന്ന് ചൂണ്ടിക്കാട്ടിയതോടെ വിഷയം ഗവർണറുടെ മുന്നിലെത്തി.
വി.സിയുടെ അസാന്നിദ്ധ്യത്തിൽ നടത്തിയ സമാന്തരയോഗവും തീരുമാനങ്ങളും റദ്ദാക്കാൻ ഗവർണർ തീരുമാനിച്ചു. ഡോ.അനിൽകുമാർ സസ്പെൻഷനിൽ തുടരേണ്ടിവരും.സിൻഡിക്കേറ്റിന് നോട്ടീസ് നൽകിയശേഷമാവും നടപടി. ഗവർണർ വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു. പിരിച്ചുവിട്ട യോഗമാണെന്നും മിനിട്ട്സ് കണ്ടില്ലെന്നും ഒപ്പുവച്ചില്ലെന്നും സിസ തോമസ് റിപ്പോർട്ട് നൽകി. തുടർന്നാണ് സർവകലാശാലാ നിയമം 7(3)പ്രകാരം നടപടി റദ്ദാക്കാൻ തീരുമാനിച്ചത്.
ഡോ.അനിൽകുമാർ ഇന്നലെയും ഓഫീസിലെത്തി വൈകിട്ടുവരെ തുടർന്നു. രജിസ്ട്രാറുടെ ചുമതലയിൽ രണ്ടുപേരെന്ന അപൂർവതയാണിപ്പോൾ. പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല വി.സി കൈമാറിയിരുന്നു. പക്ഷേ, മുറിയിൽ കയറാനായില്ല. സെനറ്റ് ഹാളിൽ ഗവർണറുടെ ചടങ്ങിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന് ചടങ്ങ് റദ്ദാക്കാൻ ശ്രമിച്ചതിന്റെ പേരിലുള്ള സസ്പെൻഷൻ ചോദ്യം ചെയ്താണ് രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്. തിരിച്ചെടുത്തതിനാൽ ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ ബോധിപ്പിച്ചു.
നടപടികൾ പാലിച്ചില്ലെന്ന് സിസ തോമാസിന്റെ അഭിഭാഷകൻ വാദിച്ചു. തിരിച്ചെടുത്തത് ഹർജിലെ വിഷയം അല്ലാത്തതിനാൽ ജസ്റ്റിസ് ഡി.കെ. സിംഗ് പരിഗണിച്ചില്ല.
വാദത്തിനിടെ കേരള സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കോടതി രൂക്ഷമായി വിമർശിച്ചു. സ്വമേധയാ ക്രിമിനൽ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശിൽ താൻ ഒരുപാട് പേരെ അവരർഹിക്കുന്ന സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. 'ഹൈക്കോടതിയിൽ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല" എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് കോടതിയെ ചൊടിപ്പിച്ചത്.
യൂണിവേഴ്സിറ്റി
മൗനം പാലിച്ചു
രജിസ്ട്രാർക്കു വേണ്ടിയും വി.സിക്കുവേണ്ടിയും സ്വന്തം അഭിഭാഷകരാണ് ഹാജരായത്. യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസൽ തോമസ് ഏബ്രാഹം മൗനം പാലിച്ചു. ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാറുടെ അഭിഭാഷകൻ എൽവിസ് പീറ്റർ അറിയിച്ചു. രജിസ്ട്രാറെ തിരിച്ചെടുത്തെന്നും പറഞ്ഞു.
ആരാണ് തിരിച്ചെടുത്തതെന്ന് കോടതി ആരാഞ്ഞു. സിൻഡിക്കേറ്റാണെന്ന് മറുപടി നൽകി. സർക്കാരിനോടും സർവകലാശാലയോടും വിശദീകരണം തേടിയിരുന്നതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്ന് വി.സിക്ക് വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
എന്റെ കുഴിമാടത്തിലേ
സമ്മർദ്ദം ചെലുത്താനാവൂ:
ജസ്റ്റിസ് ഡി.കെ. സിംഗ്
കോടതി പെട്ടെന്ന് സിൻഡിക്കേറ്റംഗം ആർ. രാജേഷിന്റെ ഫേസ് ബുക്പോസ്റ്റിനെ പരാമർശിക്കുകയായിരുന്നു. ജഡ്ജിമാർക്കെതിരേ എഴുതിയ ആൾ ഹൈക്കോടതിയിലെ ഒരു വ്യവഹാരി കൂടിയാണ്. ആ കേസ് വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ജഡ്ജിക്കെതിരേ എഴുതാൻ ചങ്കൂറ്റം കാട്ടിയ ആൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കും. എന്നിൽ സമ്മർദ്ദം ചെലുത്തുകയാകും ലക്ഷ്യം. ഇത് ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയ സൽപ്പേരല്ല. എന്റെ കുഴിമാടത്തിൽ, എന്റെ മൃതശരീരത്തിലേ അയാൾക്ക് സമ്മർദ്ദം ചെലുത്താനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |