SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.15 AM IST

സമാന്തര യോഗം നിയമവിരുദ്ധം: രജിസ്ട്രാറെ പുറത്താക്കാൻ ഗവർണറുടെ നിർദേശം

Increase Font Size Decrease Font Size Print Page
kerala-uni

തിരുവനന്തപുരം: സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ സമാന്തരയോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങൾ വി.സി അംഗീകരിക്കാത്തതിനാൽ നിലനിൽക്കില്ലെന്നും ഗവർണർ. ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ നിലനിൽക്കുന്നതായും, ഓഫീസിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും പുറത്തുപോവണമെന്നും വി.സിയുടെ അനുമതിയില്ലാതെ ഓഫീസിൽ കടക്കരുതെന്നും ഡോ.അനിൽകുമാറിനെ അറിയിക്കാൻ വി.സിയോട് ഗവർണർ നിർദ്ദേശിച്ചു. ഇന്ന് തിരിച്ചെത്തുന്ന വി.സി ഡോ.മോഹനൻ കുന്നുമ്മേലായിരിക്കും നടപടിയെടുക്കുക.

ഡോ.അനിൽകുമാർ ഓഫീസൊഴിഞ്ഞ് പുറത്തുപോവാൻ വി.സി നോട്ടീസ് നൽകും. ഇല്ലെങ്കിൽ പൊലീസ് സഹായം തേടാം. സമാന്തരയോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാൽ ഡോ.അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നുമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി വി.സിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവർണർ അറിയിച്ചു. ഇക്കാര്യത്തിൽ വി.സിക്ക് പൂർണഅധികാരം ഗവർണർ നൽകിയിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കാനും വി.സിക്ക് അധികാരമുണ്ടാവും.

വൈസ്ചാൻസലറുടെ ചുമതലവഹിക്കുന്ന ഡോ.സിസാതോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടശേഷം, ഡോ.പി.എം.രാധാമണിയുടെ അദ്ധ്യക്ഷതയിൽ സമാന്തരയോഗം ചേർന്നാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. ഈ യോഗത്തിന്റെ മിനിട്ട്സും ഡോ.അനിൽകുമാറിന് ചുമതലയേൽക്കാൻ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ ഇറക്കിയ ഉത്തരവും അഡ്‌മിനിസ്ട്രേറ്റീവ് സെക്ഷനിൽ നിന്ന് പിടിച്ചെടുത്ത് വി.സി ഇന്നലെ ഗവർണർക്ക് കൈമാറി. താൻ സിൻഡിക്കേറ്ര് യോഗം പിരിച്ചുവിട്ടതിന്റെ യഥാർത്ഥ മിനിട്ട്സും സിസാതോമസ് ഗവർണർക്ക് കൈമാറി. ഇടത് സിൻഡിക്കേറ്രംഗങ്ങൾ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തരയോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവർണർ വിലയിരുത്തിയത്.

സിൻഡിക്കേറ്റിലെ ഏതുതീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വി.സി രണ്ടുവട്ടം ഒപ്പുവയ്ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ചശേഷവും വി.സിക്ക് നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട്.

TAGS: KERALA UC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER