'അർജുൻ റെഡ്ഡി' എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. 'കിംഗ്ഡം' ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഗൗതം തന്നൂരി സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജൂലെെ 31നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്. 'എനിക്ക് 35 വയസായി, ഞാൻ സിംഗിൾ അല്ല' എന്നാണ് നടൻ പറഞ്ഞത്.
'എന്റെ സ്വകാര്യ ജീവിതം എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ട് ആണ്. എന്നാൽ അപ്പോൾ ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും ഞാൻ ആസ്വദിക്കുന്നു. നല്ലതും ചീത്തയുമായ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്ന് ഞാൻ പാഠങ്ങൾ പഠിച്ചു. അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്'- വിജയ് ദേവരകൊണ്ട വ്യക്തമാക്കി.
വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്.
ഇരുവരും മാലദ്വീപിലെ അവധി ആഘോഷിച്ച ചിത്രങ്ങൾ മുൻപ് വെെറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കി. രശ്മികയുടെ പിറന്നാളിൽ ഇരുവരും ഒരുമിച്ചായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |