53 മുതൽ 67 മീറ്റർ വരെ ചുറ്റളവുള്ള വമ്പനൊരു ഛിന്നഗ്രഹമാണ് 2024 വൈആർ4. ഈ ഛിന്നഗ്രഹം ഭൂമിയ്‌ക്ക് ഏഴ് വർഷത്തിനകം ഭീഷണിയാകും എന്ന് മുൻപ് വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോഴിതാ 2024 വൈആർ4നെക്കുറിച്ച് പുതിയൊരു വിവരം അറിയുന്നുണ്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ) പുറത്തുവിട്ട വിവരം അനുസരിച്ച് ഭൂമിക്ക് പകരം ഈ ഛിന്നഗ്രഹം ചന്ദ്രനിലാകും പതിക്കുക എന്നാണ് സൂചന. ചന്ദ്രനിൽ ഇത് ചെറിയ നാശവും ഉണ്ടാക്കിയേക്കും.
കണക്കുകൂട്ടുന്ന തീയതിയനുസരിച്ച് 2032 ഡിസംബർ 22നാണ് ഛിന്നഗ്രഹം ചന്ദ്രന് സമീപമെത്തുക. ചന്ദ്രനിൽ പതിക്കാനുള്ള സാദ്ധ്യത ഇപ്പോഴത്തെ കണക്കിൽ നാല് ശതമാനമാണ്. 2024 ഡിസംബർ 27ന് ചിലിയിലെ അറ്റ്ലസ് ടെലിസ്‌കോപ്പാണ് 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയിൽ പതിക്കുമോ എന്ന സംശയം അന്ന് ഈ ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ ബഹിരാകാശ വിദഗ്ദ്ധർക്ക് ഉണ്ടായിരുന്നു. അത്യാവശ്യം വലുപ്പമുള്ളതിനാൽ പതിച്ചാൽ ഭൂമിയിൽ നാശം സൃഷ്‌ടിക്കാൻ കഴിയുന്നതാണ് ഈ ഛിന്നഗ്രഹം. വന്നുവീണാൽ ഒരു നഗരത്തെ ഒന്നാകെ തകർക്കാൻ കഴിയുന്നതാണ് ഈ ഛിന്നഗ്രഹം. അതിനാൽ സിറ്റി കില്ലർ എന്നും ഇതിനെ വിളിച്ചു.
ചന്ദ്രനിൽ എത്രത്തോളം നാശം ഈ ഛിന്നഗ്രഹം ഉണ്ടാക്കും എന്നത് ഇപ്പോഴും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയെയും ചന്ദ്രനെയും ബാധിക്കാനിടയുള്ള ഈ ഛിന്നഗ്രഹത്തെ നേരത്തെതന്നെ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന് ചോദ്യവും ഉയരുന്നു. ഇതിനുകാരണം സൂര്യൻ സ്ഥിതിചെയ്യുന്ന ദിക്കിൽ നിന്നാണ് 2024വെആർ 4 ഭൂമിയടക്കമുള്ള ഇടത്തേക്ക് കുതിച്ചെത്തുന്നത്. അതിനാൽ ഭൂമിയിലെ ഒരുവിധത്തിലുള്ള ടെലസ്‌കോപ്പുകൾക്കൊന്നും കൃത്യമായി കണ്ടെത്താൻ കഴിയാതെ വരും.
ഇൻഫ്രാറെഡ് സെൻസറുകളുപയോഗിച്ച് സൂര്യനുള്ള ഭാഗത്ത് നിന്നും വരുന്ന ഇത്തരം ഛിന്നഗ്രഹങ്ങളെ വരെ ഭാവിയിൽ കണ്ടെത്താനാകും. കാരണം യൂറോപ്യൻ സ്‌പേസ് ഏജൻസി നിയോമിർ (NEOMIR) എന്ന ടെലസ്‌കോപ്പിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2030കളിൽ ഇത് പ്രവർത്തനം തുടങ്ങും. ചന്ദ്രനിൽ ഈ ഛിന്നഗ്രഹം വന്നിടിച്ചാൽ ഭൂമിയിൽ നിന്നും കാണാവുന്ന തരത്തിലുള്ളൊരു ഗർത്തം അത് ചന്ദ്രനിൽ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ ഇത്തരം കൂട്ടിയിടിയിൽ വലിയ നാശം പുറമെ ഉണ്ടാകില്ലെന്ന് ശാസ്‌ത്രജ്ഞർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |