കണ്ണൂർ: സന്ധ്യ കഴിഞ്ഞാൽ ടി.വിയിൽ സീരിയൽ കാണുമ്പോൾ കൂട്ടിരിക്കും. കുഞ്ഞിനെ പോലെ ഇടക്ക് മടിയിൽ കയറിയിരിക്കും. കണ്ണൂർ ചക്കരക്കൽ കണയന്നൂരിലെ സന്ദീപിന്റെ മാതാവ് നന്ദിനിക്കും പിതാവ് മോഹനനും വലിയ അടുപ്പമാണ് വീട്ടിലെത്തിയ മൂങ്ങയോട്.
സീരിയൽ കാണുമ്പോൾ കണ്ണ് ടി.വിയിൽ നിന്ന് മാറ്റാതെ ഈ ' ചെവിയൻ നത്ത് 'മൂങ്ങയുണ്ടാകും. കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകനും നിർമ്മാണ മേഖലയിലെ തൊഴിലാളിയുമായ ചക്കരക്കല്ലിലെ സന്ദീപിനെ തേടി ഒരു ഫോൺ കോൾ വന്നത്.
പള്ളിപ്പൊയിലിൽ കാറ്റിൽ പൊട്ടിവീണ തെങ്ങിന്റെ അകത്ത് രണ്ട് മൂങ്ങകുഞ്ഞുങ്ങളുണ്ടെന്നതായിരുന്നു വിവരം. ഒന്ന് ചത്ത നിലയിലായിരുന്നു. മൃതപ്രായമായിരുന്ന രണ്ടാമത്തെ മൂങ്ങക്കുഞ്ഞിനെ വനം വകുപ്പിൽ വിവരമറിയിച്ച ശേഷം സന്ദീപ് വീട്ടിൽ കൊണ്ടുവന്ന് വളർത്തുകയായിരുന്നു. ചെറിയ ചിക്കൻ കഷ്ണങ്ങൾ വായിൽ വച്ചുകൊടുത്താണ് വളർത്തിയത്. മെല്ലെ തൂവലുകൾ മുളച്ചു. കണ്ണുകൾ തുറന്നു. ഇരതേടി പുറത്തിറങ്ങാൻ തുടങ്ങി. ഈ മൂങ്ങ ഇന്ന് സന്ദീപിന്റെ വീട്ടിലെ അംഗമാണ്.
രാത്രി ഇരതേടാൻ പുറത്തേക്ക് അതിരാവിലെ തിരിച്ചെത്തും
രാത്രി വീട്ടുകാർ ഉറങ്ങാൻ പോകുമ്പോൾ മൂങ്ങയും പുറത്തുപോകും. അതിന്റെ സ്വാഭാവിക വേട്ടയാടൽ സമയമാണിത്. രാവിലെ ആറുമണിയോടെ തിരിച്ചെത്തും. വീട്ടുകാർ എഴുന്നേറ്റ് തുറന്നു കൊടുക്കുന്നതുവരെ വാതിലിന്റെയോ ജനലിന്റെയോ മുന്നിൽ കാത്തുനിൽക്കും. പകൽ മുഴുവനും ഷെൽഫിന്റെ മുകളിൽ ധ്യാനത്തിലാണ്. സന്ധ്യയ്ക്ക് മോഹനനും നന്ദിനിയും ടെലിവിഷൻ ഓണാക്കുമ്പോൾ അവരുടെ കൂടെ ചേർന്നിരിക്കും. അവർ വാത്സല്യത്തോടെ കൈനീട്ടുമ്പോൾ പറന്നുവരും. ഇങ്ങനെ പകൽ വർത്തമാനം പറയാനും ഓമനിക്കാനും ഒരാളുള്ളത്, നല്ലതല്ലേയെന്ന നന്ദിനിയുടെ വാക്കുകളിൽ ഒരമ്മയുടെ സ്‌നേഹമുണ്ട്.
ചെവിയൻ നത്ത് അഥവാ ഇന്ത്യൻ സ്‌കോപ്സ് ഔൾ
ചെവിയിൽ തൂവലുകളാൽ നിർമ്മിച്ച ചെറിയ കൊമ്പുകളാണ് ഈ മൂങ്ങയുടെ പ്രത്യേകത. രാത്രിയിൽ സജീവമാകുന്ന ഈ വേട്ടക്കാർ പ്രധാനമായും പ്രാണികൾ, എലികൾ, ചെറിയ പക്ഷികൾ എന്നിവയെ ഭക്ഷിക്കുന്നു. മികച്ച കാഴ്ചശക്തിയും കേൾവിയുമാണ്.
ഇത്തരം മൂങ്ങകൾ സാധാരണയായി മനുഷ്യരെ ഒഴിവാക്കുന്നവയാണ്. എന്നാൽ വീട്ടുകാരോട് ഭയമോ ആക്രമണാത്മകതയോ കാണിക്കാതെയാണ് കുടുംബത്തിന്റെ ഭാഗമായി ഇത് പെരുമാറുന്നത്.
സന്ദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |