ആതുരസേവനത്തിൽ സംസ്ഥാനത്തിന് എന്നും അഭിമാനകരമായ പ്രവർത്തനം നടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, അത് അവിടുത്തെ അത്യാധുനിക സൗകര്യങ്ങളിലൂടെ മാത്രം നേടാനായതല്ല; ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്. എൽ.ഡി.എഫ് സർക്കാർ വന്ന്, ഒമ്പതു വർഷത്തിനിടെ 89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്. ഏഴെണ്ണം ഇതുവരെ വിജയകരമായി നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 233 എണ്ണം. നാലായിരത്തിലധികം ഇന്റർവെൻഷനൽ റേഡിയോളജി പ്രൊസീജ്യറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷനൽ പ്രൊസിജ്യറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി, കോട്ടയം മെഡിക്കൽ കോളേജിലെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷനുകൾ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത്. ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യ മികവ് പുലർത്തുന്നു. വർഷം ആയിരത്തിനു മേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോ സർജറി വിഭാഗം. വളരെ സങ്കീർണവും ചെവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട് സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്ന് പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് കോട്ടയത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
ആശ്രയമാകുന്ന
അഭയകേന്ദ്രം
കഴിഞ്ഞ പത്തുവർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത്, ഇന്ത്യയിൽ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന കേന്ദ്രമായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെയാണ് പിറന്നത്. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖം നിന്ന 249 അമ്മമാരെയാണ് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ച് ഭേദമാക്കിയത്.
പണി പൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണം നടക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവ 526 കോടി രൂപയുടെ പദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കകളും, പതിന്നാല് ഓപ്പറേഷൻ തിയേറ്ററുമുണ്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ 365 കിടക്കയും പന്ത്രണ്ട് ഓപ്പറേഷൻ തിയേറ്ററും. 36 കോടി രൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
മുഖംമാറിയ
മെഡി. കോളേജ്
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമ്മിച്ചത്. 'ആർദ്രം" പദ്ധതിയിൽ രണ്ട് ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടി രൂപ മുടക്കി. മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾക്ക് ഒന്നരക്കോടി, സി.ടി സിമുലേറ്ററിന് നാല് കോടി, പി.ജി റസിഡന്റ്സ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡുള്ള ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എം.ആർ.ഐ.ഡി.എസ്.എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐ.സി.യു 16.9 കോടി, സ്‌കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിന് അഞ്ചു കോടി എന്നിങ്ങനെ ചെലവഴിച്ചു.
എമർജൻസി മെഡിസിനിൽ 17 തസ്തികകൾ സൃഷ്ടിച്ചു. പീഡിയാട്രിക് കാർഡിയോളജി, കാർഡിയോ സർജറി, കാർഡിയാക് അനസ്തീഷ്യ എന്നീ വിഭാഗങ്ങൾക്ക് ഒരുമിച്ച് പ്രവർത്തനാനുമതി ലഭിച്ചപ്പോൾ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ, നാല് സീനിയർ റസിഡന്റ് തുടങ്ങിയ തസ്തികകൾ സൃഷ്ടിച്ചു. എം.ബി.ബി.എസ് സീറ്റുകൾ വർദ്ധിച്ചു. ഏഴുകോടി രൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സി.ടി സ്‌കാനിന് 4.28 കോടി, ഫാർമസി കോളേജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെ ആശുപത്രിയിൽ 6.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.
നേട്ടങ്ങളുടെ
നിരയിൽ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള 'ആരോഗ്യ മന്ഥൻ" പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022-ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി. ലക്ഷ്യ അംഗീകാരം നേടി. ആദ്യമായി ട്രാൻസ്‌ജെൻഡർ ക്ലിനിക് ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എം.ഡി.എസ്. കോഴ്സ് കോട്ടയം ദന്തൽ കോളേജിൽ ആരംഭിച്ചതും, സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയതും കോട്ടയം മെഡിക്കൽ കോളേജിൽത്തന്നെ. പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും, ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ്‌കാരം ലഭിച്ചിട്ടുള്ള ഡോ. ടി.കെ. ജയകുമാർ ആണ് ഇവിടത്തെ സൂപ്രണ്ട്.
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിയലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയോ ദുരന്തഘട്ടങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ് മാസ് കാഷ്വാലിറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച പ്രശസ്ത പാമ്പുപിടിത്തക്കാരൻ
വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെയാണ് അന്ന് നോക്കിനിന്നത്. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നു പോലും മടക്കിയയച്ച രോഗിയുടെ 43 കിലോ ഭാരം വരുന്ന ട്യൂമർ ഇവിടെ നീക്കം ചെയ്തു. ജൂലായ് മൂന്നിന് കെട്ടിടം വീണുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. ജെ.സി.ബി കയറി വരാൻ പ്രയാസമുണ്ടായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് ഉടൻ മരണമുണ്ടായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആ അപകടം അവസരമാക്കി, മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |