ആറ്റിക്കുറുക്കിയ ഒരു മനോഹര കവിതയുടെ സൗന്ദര്യാനുഭൂതിയുള്ള കഥകൾ എഴുതിയതിനാൽ ടി പദ്മനാഭനെക്കുറിച്ച്, കഥയെ കവിതയോട് അടുപ്പിച്ച കഥാകൃത്ത് എന്നു വിശേഷിപ്പിക്കാം. ആ കഥാവസന്തത്തിന്റെ രമണീയമായ 75 വർഷങ്ങളാണ് അദ്ദേഹം വായനക്കാർക്കു നൽകിയത്. പദ്മനാഭൻ കഥകളിലെ മുരിങ്ങമരവും നായ്ക്കളും പൂച്ചകളും സ്നേഹവും ആർദ്രതയും കടലും പ്രകൃതിയും സ്ത്രീയും തുടങ്ങി ഒട്ടുമിക്ക ഘടകങ്ങളും ഇതിനകം എഴുത്തിനു വിഷയമായിട്ടുണ്ട്. എന്നാൽ ആ കഥകളിലെ ബാല്യാവസ്ഥകളെക്കുറിച്ച് അപൂർവമായേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ.
ബാല്യത്തിന്റെ ഏകാന്തസങ്കടങ്ങൾ കൂടുതൽ പറഞ്ഞത് എം.ടിയും പദ്മനാഭനും മാധവിക്കുട്ടിയുമാണല്ലോ. അതിൽത്തന്നെ ചെറുതും മനോഹരവും ഉള്ളുലയ്ക്കുന്നതും പദ്മനാഭന്റെ കഥകൾ തന്നെയാണ്. ബാല്യത്തിന്റെ നിലവിളികളും നിസ്സഹായതകളും ഭഗ്നമോഹങ്ങളുമെല്ലാം ഭാവതീവ്രമായി പറയുന്നതുകൊണ്ടാണ് പദ്മനാഭൻ കഥകൾ വേറിട്ടുനിൽക്കുന്നത്. അമ്പരപ്പിക്കുന്ന ആഖ്യാനതന്ത്രങ്ങളോ ബോധപൂർവമായ കപടരചനാ ടെക്നിക്കുകളോ അതിലൊന്നും കാണാനാവില്ല. പരത്തിപ്പറയലിന്റെ ദുർമേദസുമില്ല. അതുകൊണ്ട് കഥാകൃത്തിനെപ്പോലെതന്നെ കഥകളും ഇവിടെ ഏകാന്ത പ്രൗഢിയോടെ കാലംതൊടാതെ നിൽക്കുകയാണ്.
സ്നേഹവും കരുതലും പരിഗണനയും നഷ്ടമാകുന്ന വെറും നിസ്സഹായ ബാല്യങ്ങളാണ് പദ്മനാഭൻ കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്നത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കുട്ടിക്കൊലകളുടെ പിന്നാമ്പുറങ്ങൾ തേടുമ്പോഴും നാം ചെന്നെത്തുന്നത് സ്നേഹവും കരുതലും പരിഗണനയും നഷ്ടമായ കുറേ ബാല്യജീവിതങ്ങളിലേക്കല്ലേ? മന:ശാസ്ത്ര പ്രകാരം ചെറുപ്പത്തിലേയുള്ള ഒരു കുട്ടിയുടെ ജീവിതമാണ് അവരുടെ ഭാവിജീവിതം രൂപപ്പെടുത്തുന്നത്. ഈ പ്രായത്തിൽ അവരുടെ റിസീവിങ് ആന്റിന വളരെ ശക്തമാകും. തനിക്കു ചുറ്റിനുമുള്ള കാര്യങ്ങൾ എന്തൊക്കെയായാലും അവർ മനസിലാക്കിയെടുക്കുന്നത് ഈ പ്രായത്തിലാണ്. എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പോവുകയും എല്ലാ സമരങ്ങളിലും തോറ്റുപോവുകയും ചെയ്യുന്ന ബാല്യങ്ങളാണ് പദ്മനാഭൻ കഥകളിൽ...
വീട് നഷ്ടപ്പെട്ട
ഒരു കുട്ടി
'വീട് നഷ്ടപ്പെട്ട ഒരു കുട്ടി" എന്ന കഥയിൽ ബാല്യത്തിന്റെ ഏകാന്ത സങ്കടങ്ങളെല്ലാം നമുക്ക് വായിച്ചെടുക്കാം. ഇവിടെ ബാല്യം വർണങ്ങളും ആഹ്ലാദവും നിറഞ്ഞതല്ല, പകരം ക്രൂരമായ അനുഭവങ്ങളുടെ ഇരുട്ടാണ്. ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബാല്യത്തിൽ സുരക്ഷയുടെ തണൽ വിരിച്ചുനിൽക്കേണ്ടുന്ന കുടുംബം ഒരു വേവുനിലമായിത്തീരുന്നതിലൂടെ ജീവിതത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന ഒരു കുട്ടിയുടെ കഥ വളരെ അനുഭവതീവ്രമായാണ് പദ്മനാഭൻ അവതരിപ്പിക്കുന്നത്.
'നിന്റെ അമ്മ രാവിലെ കുളിച്ചൊരുങ്ങി മുല്ലപ്പൂ ചൂടി ഡ്രൈവർ ബാലന്റെ കൂടെ കാറിൽ പോകുന്നതു കണ്ടല്ലോ; എങ്ങോട്ടാ?" - കഥയിലെ ഉണ്ണിയുടെ സ്കൂളിലെ മുതിർന്ന ക്ലാസിലെ പരുക്കനായ റോബർട്ട് ഉണ്ണിയെ കുത്തിനോവിക്കുകയാണ്.
വീണ്ടും വീണ്ടുമുള്ള റോബർട്ടിന്റെ മുള്ളുവാക്കുകളിൽ മനംനൊന്ത് നിയന്ത്രണമെല്ലാം വിട്ട് ഒടുവിൽ അവൻ പ്രതികരിക്കുന്നു: 'അത് നിന്റെ അമ്മയായിരിക്കും." അപ്രതീക്ഷിതമായ മറുപടി കേട്ടപ്പോൾ മുഖമടച്ച് അടികിട്ടിയതു പോലെയായി റോബർട്ടിന്. അച്ഛന്റെ മദ്യപാനം മൂലമുള്ള താളപ്പിഴകളും വീട്ടിലെ നിത്യച്ചെലവ് കണ്ടെത്താനുള്ള അമ്മയുടെ അപഥസഞ്ചാരവും മൂലം വീട് ഒരു നരകമായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുപോകുന്ന ഉണ്ണി എന്ന പ്രൈമറി സ്കൂൾ കുട്ടി സമൂഹത്തിലെ സ്നേഹരാഹിത്യത്തിനെതിരെ പടുത്തുയർത്തുന്ന ഒറ്റയാൾ സമരമാണിത്.
അമ്മയുടെ വഴിപിഴച്ച പോക്കിന്റെ മുറിവുകൾ ഉണ്ണിക്ക് ആദ്യം നേരിടേണ്ടിവരുന്നത് സ്കൂളിലെ ടീച്ചർമാരിൽ നിന്നുമാണ്. പിന്നീട്, മാസങ്ങളായി പാലിന്റെ പൈസ കൊടുക്കാത്തതിന് അമ്മയെ ക്രൂരമായി അപമാനിക്കുന്ന പാൽക്കാരനിൽ നിന്ന്. . ഒടുവിൽ എല്ലാവിധ വാത്സല്യവും ആഹ്ലാദവും തുമ്പപ്പൂവും നിലാവും അന്യമാക്കപ്പെട്ട ഉണ്ണി വീടുവീട്ടിറങ്ങുന്നു. ഇനി കഥാകാരന്റെതന്നെ വാക്കുകളിലൂടെ: 'മരങ്ങൾ മുറ്റിവളർന്ന കുന്നിൻചെരിവിലൂടെ അവൻ അലസനായി നടന്നു. ആളുകൾ നടന്നിരുന്ന വഴികളിലൂടെയായിരുന്നില്ല അവന്റ കാലുകൾ നീങ്ങിയത്. കാട്ടുപുള്ളിന്റെ സംഗീതമോ കൊഴിഞ്ഞുകിടന്നിരുന്ന പൂക്കളോ ഇലകളോ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവനുമാത്രം അറിയാവുന്ന എന്തോ ഓർത്തിട്ടെന്ന പോലെ അവൻ പതുക്കെ നടന്നു..."
പ്രകാശം പരത്തുന്ന
അനുഭവങ്ങൾ
പദ്മനാഭന്റെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നായ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി"യിൽ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഒരു നാടോടിപ്പെൺകുട്ടിയുടെ ചിത്രമാണ്. വിഷംകഴിച്ച് ആത്മഹത്യ ചെയ്യാനായി നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത അയാൾ വെറുതെ സിനിമ കാണാനായി തിയേറ്ററിൽ എത്തുന്നു. പൊടുന്നനെ കടല വിറ്റുനടക്കുന്ന ഒരു പെൺകുട്ടിയും അവളുടെ അനുജത്തിയും അനുജനും കൂടി തിയേറ്ററിൽ, അയാളുടെ അടുത്ത സീറ്റുകളിൽ വന്നിരിക്കുന്നു. കുട്ടികൾക്ക് അയാൾ ഇംഗ്ലീഷ് സിനിമാക്കഥ പറഞ്ഞുകൊടുക്കുന്നു. അതുകേട്ട് ആ കുട്ടികൾ സന്തോഷത്താൽ മതിമറക്കുന്നു. അപ്പോൾ അയാൾക്കു മുന്നിൽ ജീവിതവും മരണവും ജയിക്കാനായി പരസ്പരം പോരടിക്കുകയായിരുന്നു.
ജീവിതമാകുന്ന ജലസഞ്ചാരത്തിൽ പായ്മരം നഷ്ടമായി മരണത്തിലേക്കടുക്കുന്നവർക്ക് വീണ്ടുവിചാരം എന്ന കച്ചിത്തുരുമ്പ് നൽകുകയാണ് ഇവിടെ കുട്ടികൾ. നിരാശനും ഏകാകിയുമായ അയാളുടെ മൃത്യുവാഞ്ഛയ്ക്ക് അപൂർവചാരുത നൽകി വായനക്കാരനെ വികാരഭരിതനാക്കുന്നുവെങ്കിലും, ഇനിയും കരുണവറ്റാത്ത ചില മനുഷ്യർ ലോകത്തുണ്ടെന്ന പരമസത്യം ബോദ്ധ്യപ്പെടുത്തുക കൂടിയാണ് പദ്മനാഭൻ. ഒടുവിൽ ജീവിതാഭിനിവേശത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ആ പെൺകുട്ടി നൂറ്റാണ്ടുകൾക്കു ശേഷവും പ്രത്യക്ഷപ്പെടുമെന്നും കഥാകാരൻ പ്രത്യാശിക്കുകയാണ്.
ഇരുട്ടുമൂടിയ
ബാല്യങ്ങൾ
പുതിയ കാലത്തിന്റെ ശാപമായ ബാലവേലയുടെ കറുത്ത മുഖമാണ് 'ഇരുട്ട്" എന്ന കഥയിൽ. 'അവൻ ഒരു ചെറിയ കുട്ടിയാണ്" എന്ന് കഥാകൃത്ത് കഥയിൽ ഇടയ്ക്കിടെ സൂചിപ്പിക്കുന്നത് ആ കൊച്ചുകുട്ടിയുടെ വലിയ ദൈന്യത വെളിപ്പെടുത്താനാണ്. വേലയ്ക്കു നിൽക്കുന്ന സമ്പന്ന വീട്ടിലെ പാതിരാവരെ നീളുന്ന, വീട്ടുകാരുടെ വലിയ അട്ടഹാസത്തോടെയുള്ള തീനും കുടിയുമെല്ലാം കഴിഞ്ഞ് ബാക്കിയായ ഭക്ഷണ അവശിഷ്ടങ്ങൾ തീൻമേശയിൽനിന്ന് ചേച്ചിക്കൊപ്പം കഴിച്ച് വിശപ്പടക്കുകയാണ് ആ കൊച്ചുകുട്ടി.
കൂട്ടുകാർ പൊട്ടൻ എന്നു വിളിച്ച് കളിയാക്കുന്നത് സഹിക്കാനാവാത്ത നിസ്സഹായതയിലും ജീവിതനിരാസത്തിന്റെ ഇരുട്ടിൽ പ്രത്യാശയുടെ കിരണങ്ങൾ തേടുകയാണ് ഈ കുട്ടി. രാത്രിയുടെ വിജനതയിൽ അകലെയുള്ള കാടുകളിൽനിന്ന് പിശാച്ചുക്കൾ വന്ന് തന്നെ കീഴ്പ്പെടുത്തുമെന്ന ഒരു ഭാവനാഭയം ഗ്രസിച്ച വേളയിൽ പെട്ടെന്ന് പുരപ്പുറത്തുനിന്നും കേൾക്കുന്ന ചരൽക്കല്ലേറ് കുട്ടിയുടെ ഭയം ഇരട്ടിപ്പിക്കുകയാണ്. ആ സന്നിഗ്ദ്ധഘട്ടത്തിൽ അറിയാതെ 'അമ്മോ..." എന്ന് ഉറക്കെ നിലവിളിക്കുന്ന കുട്ടി ഒരു നിമിഷം താൻ പണ്ടെങ്ങോ വിട്ടുപോയ അമ്മയെക്കുറിച്ചോർക്കുകയാണ്.
ദൈന്യത്തിന്റെ
ഈറൻ വിലാപം
കേവലം ഒരുപുറം പോലുമില്ലാത്ത 'ഒരു ചെറിയ കഥ" അനന്യമായ അഖ്യാന സൗകുമാര്യത്താലും പകരംവയ്ക്കാനില്ലാത്ത വായനാസുഖത്താലും ഒരു നോവലിന്റെ, ഒരു ചലച്ചിത്രത്തിന്റെ വ്യാപ്തി കൈവരിക്കുന്നതാണ്. നിശബ്ദത ഇവിടെ പുതിയൊരു രചനാബലതന്ത്രം സാദ്ധ്യമാക്കുന്നു- 'മിഥുനത്തിലെ ഈറൻപിടിച്ച ഒരു വൈകുന്നേരം മുറിയിൽ അടച്ചിരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ, ആരോ കരയുന്നതുപോലെയോ തന്നെ വിളിക്കുന്നതുപോലെയോ തോന്നി. വാതിൽ തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞ മുണ്ടു മാത്രമുടുത്ത ഒരു എല്ലിച്ച കുട്ടി നിൽക്കുന്നുണ്ടായിരുന്നു... എല്ലുകൾ എഴുന്നുനിൽക്കുന്ന മാറോടുചേർത്ത് കൈക്കുമ്പിളിൽ അവൻ ഒരു മാടത്തയുടെ കുഞ്ഞിനെ ചേർത്തുപിടിച്ചിരുന്നു..."
ഈ കഥയിൽ വാക്കുകൾക്കിടയിൽ മൗനം ഒളിച്ചുനടക്കുന്നു. കുറഞ്ഞ വാക്കുകൾകൊണ്ടാണ് ഈ സുന്ദര കഥാശില്പം കൊത്തിയിരിക്കുന്നത്. കുറേ നിശബ്ദതകൾക്കുശേഷം കഥ പൂർണമാകുന്നത് വായനക്കാരുടെ മനസിലുമാണ്. വലുപ്പത്തിൽ ചെറുതാണെങ്കിലും മനുഷ്യനിലും അവന്റെ നന്മയിലും ഗാഢമായ വിശ്വാസമർപ്പിക്കുന്നതിനാലും ആലംബമറ്റ ബാല്യത്തിനു നേരെ ആർദ്രതയുടെ ഒരു കണ്ണ് പായിക്കുന്നതിനാലും ഈ കഥ വായനക്കാരുടെ മനസിൽ ആസ്വാദനത്തിന്റെ ഒരു വിശാല ക്യാൻവാസ് ഒരുക്കുകയാണ്. പദ്മനാഭൻ എഴുതിയ കഥകളിൽ ഏറ്റവും ചെറിയ കഥയായ ഇതിൽ ബാലദൈന്യതയുടെ സാന്ദ്രീകരണം വളരെ നൈസർഗികമായാണ് അനുഭവപ്പെടുന്നത്. മിഥുനസന്ധ്യയിലെ ആ നനഞ്ഞ മങ്ങൂഴത്തിലെ അസ്വസ്ഥതയിൽ മനുഷ്യത്വത്തിന്റെ മഴവില്ല് വിരിയുന്നതും നമുക്കു കാണാം.
ബഷീറിന്റെ കഥയിൽ, അടഞ്ഞുകിടന്നിരുന്ന ജനൽ പെട്ടന്ന് തള്ളിത്തുറന്നപ്പോഴുണ്ടായ അനുഭവത്തെ 'വെളിച്ചത്തിനെന്തൊരു വെളിച്ചം" എന്ന് ധ്വനിസാന്ദ്രമായി വിശേഷിപ്പിച്ചതുകൂടി ഇവിടെ ചേർത്തുവായിക്കാം. പദ്മനാഭന്റെ കഥകൾ മിക്കവയും പൂർത്തിയാകുന്നത് വായനക്കാരുടെ മനസിലാണ്, പാതിവിടർന്ന പൂവ് പോലെ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |