ഭൗതികശാസ്‌ത്രവും സാഹിത്യവും സാധാരണ വേറെ വേറെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്ടും മനുഷ്യമനസിലും ഭാവനയിലും നിന്നാണ് വരുന്നതെങ്കിലും. ശാസ്‌ത്രത്തിന് യുക്തിയും വസ‌്‌തുനിഷ്‌ഠ നിരീക്ഷണവുമാണ് അടിസ്ഥാനമെങ്കിൽ, സാഹിത്യത്തിന് അലങ്കാരഭാഷയും സൂചനയും ധ്വനിയുമൊക്കെയാണ് അടിസ്ഥാനം. തന്മൂലമായിരിക്കാം ശാസ്‌ത്രകാരനും സാഹിത്യകാരനും ഒരാളിൽത്തന്നെ ഉണ്ടാവുകയില്ല എന്ന പൊതുതത്വത്തിൽ നമ്മുടെ സമൂഹം എത്തിനിൽക്കുന്നത്.
പക്ഷെ അതൊരു പൊതുതത്വം മാത്രമാണ്; അസാധാരണമായി ഒരാളിൽത്തന്നെ ഈ രണ്ടു സർഗപ്രതിഭാസങ്ങളും ഉണ്ടാകാമെന്നാണ് ഡോ. എസ്. ശ്രീനിവാസൻ എഴുതിയ 'പ്രപഞ്ചം: ഒരു ആത്മകഥ" എന്ന പുസ്‌തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ഇംഗ്ളീഷ് സാഹിത്യാദ്ധ്യാപകനും കവിയും വിവർത്തകനും പ്രഭാഷകനുമായ അദ്ദേഹം വിരമിക്കലിനു ശേഷമാണ് പ്രപഞ്ചത്തെക്കുറിച്ച് അത്ഭുതത്തോടെ ചിന്തിക്കുകയും അതിനെക്കുറിച്ച് വിശദമായി അറിയാൻ ശ്രമിക്കുകയും ചെയ്‌തത്. തന്നെയുമല്ല, പ്രപഞ്ചത്തെക്കുറിച്ച് താൻ മനസിലാക്കിയ അറിവ് സാധാരണക്കാരിലേക്ക് പകരണമെന്നും അദ്ദേഹം അത്യധികം ആഗ്രഹിച്ചു. അതിന്റെ ഫലമാണ് ഈ പുസ്‌തകം.
ഭൗതികശാസ്‌ത്രത്തിൽപ്പെട്ട പ്രപഞ്ചഘടനാ ശാസ്‌ത്രം (Cosmology) ആണ് അവതരിപ്പിക്കുന്നതെങ്കിലും അദ്ദേഹം ഭാവനയിൽ പ്രപഞ്ചമായി മാറി ശാസ്‌ത്രീയ വിവരങ്ങൾ നൽകുന്ന ഒരു ആഖ്യാനരീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ശാസ്‌ത്രചിന്ത സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് എഴുതിയിട്ടുള്ള ഈ പുസ്‌തകത്തിന് ഏറ്റവും നന്നായി യോജിക്കുന്ന ഒരു ആഖ്യാനരീതിയാണ് ഇത്. കഥയോ യാത്രാവിവരണമോ പോലെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഏതു വായനക്കാരനും ഈ രീതി രസകരമായി തോന്നും.
പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയുമൊക്കെ രൂപീകരണം, കാലം കഴിയുമ്പോൾ നക്ഷത്രങ്ങൾക്കുണ്ടാവുന്ന ആന്തരികഘടനാ വ്യത്യാസങ്ങൾ വരെ ഈ പുസ്‌തകത്തിൽ ചിട്ടയായി വിവരിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന കാര്യവും അദ്ദേഹം വായനക്കാർക്കു മുമ്പിൽ എത്തിക്കുന്നുണ്ട്. ഭൂമിയിലെ ജീവന്റെ ഉത്ഭവം, ബുദ്ധി, ബോധം, ഭാവന, മനസ് മുതലായവയുടെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ലളിതമായി അദ്ദേഹം വിവരിക്കുന്നു. നമ്മുടെ ഭാഷയ്‌ക്ക് ശാസ്‌ത്രഗന്ധിയായ നല്ലൊരു ഗ്രന്ഥം കിട്ടിയെന്ന് വായനക്കാർക്ക് സന്തോഷിക്കാം.
(ഫോൺ: 9446112064)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |