തിരുവനന്തപുരം: തലസ്ഥാനത്തെ വൻ ലഹരിവേട്ട കേസിൽ സമഗ്ര അന്വേഷണത്തിന് പൊലീസ്.കഴിഞ്ഞ ദിവസം കല്ലമ്പലത്തു നിന്ന് 1.26 കിലോ എം.ഡി.എം.എയും 17 ലിറ്റർ വിദേശമദ്യവും പിടികൂടിയ സംഭവത്തിൽ വർക്കല സ്വദേശി സഞ്ജു എന്ന സൈജു (42),ഞെക്കാട് വലിയവിള സ്വദേശി നന്ദു (32), ഉണ്ണിക്കണ്ണൻ (39),പ്രവീൺ (35) എന്നിവർ അറസ്റ്റിലായിരുന്നു.
ഇപ്പോൾ റിമാൻഡിലുള്ള ഇവർക്കുവേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും.കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് മറ്റു കണ്ണികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.വലിയ വിപണനശൃംഖല തന്നെ പ്രധാന നടത്തിപ്പുകാരനായ ഡോൺ സഞ്ജുവിനുണ്ടെന്നാണ് പൊലീസ് നിഗമനം.ഇതറിയാൻ ഇവരുടെ ഫോൺ സൈബർ സെല്ലിന് കൈമാറും. കല്ലമ്പലം എസ്.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
വിമാനത്താവളത്തിലെ
സി.സി ടിവി പരിശോധിക്കും
വിമാനത്താവളത്തിലെ പിടിപാട് കൊണ്ടാണ് വൻതോതിലുള്ള എം.ഡി.എം.എ കടത്താൻ സാധിക്കുന്നത്. ഇതുകൂടാതെ പിടിച്ചെടുത്ത 17 ലിറ്റർ വിലകൂടിയ വിദേശമദ്യം എങ്ങനെ കടത്തി എന്നതും അന്വേഷിക്കുന്നുണ്ട്. സൈജു,ഭാര്യ,രണ്ട് മക്കൾ എന്നിവരാണ് വിദേശത്ത് എത്തിയത്.ഇതിൽ രണ്ടുപേർക്ക് 4 ലിറ്റർ മദ്യം കൊണ്ടുവരാൻ മാത്രമേ അനുവാദമുള്ളൂ.എന്നാൽ പിടിയിലായ സഞ്ജു ഒമാനിൽ നിന്നാണോ മദ്യം കൊണ്ടുവന്നതെന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിക്കാൻ വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും.ഇതിനായി എയർപോർട്ട് അതോറിട്ടിക്ക് കത്ത് നൽകും.അവർ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് കമാന്റിന് ഈ കത്ത് കൈമാറി ദൃശ്യം പരിശോധിക്കാനുള്ള അനുവാദം തേടും.
എറണാകുളം കേന്ദ്രീകരിച്ച് കച്ചവടം
മുഖ്യപ്രതി സൈജുവിന് എറണാകുളം കേന്ദ്രീകരിച്ചാണ് കൂടുതൽ രാസലഹരി വില്പന എന്നാണ് വിലയിരുത്തൽ.ഇയാൾക്ക് സിനിമാരംഗത്തെ ചിലരുമായി സൗഹൃദമുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണം നടത്തും. സാധാരണ വില്പനയിൽ നിന്ന് വ്യത്യസ്തമായി
ക്വാളിറ്റി കൂടിയതും വൻ വിലയുള്ളതുമായ എം.ഡി.എം.എ വിതരണം നടത്തുന്നത് അത്ര അടുപ്പമുള്ളവർക്കായിരിക്കും. അതിലാണ് അന്വേഷണത്തിന്റെ വ്യാപ്തിയും കൂടുതലായിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |