കാട്ടാക്കട:കോട്ടൂർ അഗസ്ത്യമലയിലെ മുത്തച്ഛൻ മല്ലൻകാണി 115ാം വയസിൽ നിര്യാതനായി. ഗോത്ര ആചാരത്തിന്റെ പിന്തുടർച്ചക്കാരനായിരുന്നു മല്ലൻ കാണി.കാട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയതുകൊണ്ട് ഇദ്ദേഹത്തെ ആദിവാസി സമൂഹം റേഡിയോ മല്ലൻ എന്ന് വിളിച്ചിരുന്നു.കാണിക്കാരുടെ വാർത്താ കേന്ദ്രം കൂടിയായി ഇദ്ദേഹത്തിന്റെ കുടിൽ.
വള്ളികൾ കൂട്ടിപ്പിണച്ച് വളയമുണ്ടാക്കി കുരുക്കിട്ട് പിരിയുടെ എണ്ണവും കുരുക്കുകളും സന്ദേശമാക്കുന്ന ഗോത്രവർഗ സമ്പ്രദായം കൈകാര്യം ചെയ്തിട്ടുള്ള ഊരുമൂപ്പനായിരുന്നു . പ്രായം നൂറ്റിപതിനഞ്ചെന്ന് മല്ലൻ കാണി പറയുമ്പോഴും കോട്ടൂർ എറുമ്പിയാട് ഊരിലുള്ളവർക്കും കൃത്യമായി അറിയില്ല ഇദ്ദേഹത്തിന്റെ പ്രായം.
കാട്ടറിവുകൾ പങ്കുവയ്ക്കാനും ആകാശത്തുനോക്കി മഴ എവിടെ എപ്പോൾ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനും കാറ്റിന്റെ വേഗവും പ്രകൃതിയുടെ ചെറിയ ചലനങ്ങൾ പോലും തിരിച്ചറിയാനുള്ള കഴിവും മലമ്പാട്ടും ചാറ്റുപാട്ടും വൈദ്യവും ഒക്കെ വശമുണ്ട് ഈ മല്ലൻ കാണിയ്ക്ക്.പ്രാചീനകാലത്ത് വനവാസികൾ ദൂരെദേശങ്ങളിൽ സന്ദേശം എത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന, അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മല്ലൻ കാണി.
.തിരുവിതാംകൂർ മഹാരാജാവിന് പലപ്രാവശ്യം ദൂതർ വഴി അഞ്ചുമനക്കെട്ടിൽ കാട്ടിലെ പ്രശ്നങ്ങൾ സന്ദേശമായി കൈമാറിയിട്ടുണ്ട് മല്ലൻ കാണി.കായ്കനികളാണ് മല്ലന്റെയും ഭാര്യ നീലമ്മയുടെയും പ്രധാന ഭക്ഷണമായിരുന്നത്.ഇതേവരെ അസുഖങ്ങളൊന്നും വന്നിട്ടില്ല. . എറുമ്പിയാട് ഉൾവനത്തിൽ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലായിരുന്നു ഇവരുടെ വാസം.നൂറുകടന്ന ഭാര്യ നീലമ്മ മരിച്ചതോടെ .മക്കളുടെ സംരക്ഷണയിലായിരുന്നു മല്ലൻ കാണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |