ലോകത്ത് ജനസംഖ്യ അനിയന്ത്രിതം എന്ന നിലയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന വേളയിൽ ബഹിരാകാശത്ത് കോളനിയോ വീടുകളോ അല്ല, ഒരു രാജ്യം തന്നെ സൃഷ്ടിക്കാനുള്ള പദ്ധതിയിടുകയാണ് ഈഗോർ അഷുർബെയ്‌ലി. ഇത് പണികഴിപ്പിച്ച ശേഷം ഒന്നരക്കോടിയോളം വരുന്ന ഭൂമിയിലെ മനുഷ്യരെ ഇതിലേക്ക് എത്തിക്കാനാണ് ഈഗോറിന്റെ പദ്ധതി. 'അസ്ഗാർഡിയ ദ സ്‌പേസ് കിങ്‌ഡം' എന്ന് പേരിട്ടിരിക്കുന്ന തന്റെ രാജ്യത്തിന് ഇപ്പോൾ തന്നെ ദേശീയ പതാകയും ദേശീയ ഗാനവും ഈ കോടീശ്വരൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഈഗോറിന്റെ പദ്ധതി ഒരിക്കലും ഒരു പരാജയമാണെന്ന് വിലയിരുത്താനാകില്ല.
കാരണം ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിൽ പരം പേരാണ് ഇതിൽ അംഗമാകാനായി പേരുകൾ നൽകിയിരിക്കുന്നത്. എന്നാൽ ബഹിരാകാശത്ത് രാജ്യം സ്ഥാപിച്ച് അതിന്റെ അധിപനാകാനല്ല ഈഗോർ നോഹയുടെ പേടകത്തെ അനുസ്മരിപ്പിക്കുന്ന ഈ പടുകൂറ്റൻ താമസസ്ഥലം നിർമിക്കുന്നത്. മനുഷ്യകുലം നാശത്തിന്റെ വക്കിലാണെന്നും അധികം താമസിയാതെ തന്നെ മനുഷ്യർ ഭൂമിയിൽ നിന്നും ഇല്ലാതാകുമെന്നുമാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. സൂര്യൻ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഭൂമിയെ വിട്ട് ഈ 'രാജ്യത്തിൽ' അഭയം തേടുന്നതാണ് നല്ലതെന്ന് അസ്ഗാർഡിയയുടെ വക്താക്കളും പറയുന്നു. 90 യൂറോ മാത്രമാണ് പദ്ധതിയുടെ ഭാഗമാകാൻ ഒരാൾ ചിലവാക്കേണ്ടത്.
2016ലാണ് ഈ പദ്ധതി ആദ്യമായി ഈഗോർ അഷുർബെയ്‌ലിയുടെ തലയിൽ ഉദയം ചെയ്യുന്നത്. പേടകം ഒറ്റയൊരു താമസസ്ഥലമായിരിക്കില്ല. ഭൂമിയെ വലം വയ്ക്കുന്ന നിരവധി പേടകങ്ങളാണ് ഈഗോറിന്റെ മനസിൽ. ഓരോ പേടകം നിർമിക്കാനും 100 ബില്ല്യൺ യൂറോ ആണ് ചിലവ് വരിക. 2045ൽ ഈ 'ഭ്രാന്തൻ' പദ്ധതി യാഥാർഥ്യമാക്കാനാണ് ഈഗോർ ആലോചിക്കുന്നത്. മാത്രമല്ല ഈ പേടകങ്ങളിൽ ഒന്നിൽ വച്ചായിരിക്കണം ആദ്യ 'ശൂന്യാകാശ ശിശു' പിറക്കേണ്ടതെന്നും ഈഗോർ ആഗ്രഹിക്കുന്നു. സയൻസ് ഫിക്ഷൻ സിനിമകളിലെ കാണുന്നത് പോലെ നടക്കാത്ത ഒരു കാര്യമാണിതെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ഈഗോർ അഷുർബെയ്‌ലി ഇത്തരം കാര്യങ്ങളിൽ ഒരിക്കലും തമാശ കലർത്താറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |