നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ യു.ജി മെഡിക്കൽ പ്രവേശന നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നു.അതത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റിയാണ് കൗൺസിലിംഗ് നടപടികൾ പൂർത്തിയാക്കുന്നത്.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറാണ് റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശന നടപടികൾ പൂർത്തിയാക്കുന്നത്. www.cee.kerala.gov.in.
കർണാടകയിൽ കെ.ഇ.എ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും നടന്നുവരുന്നു. തമിഴ്‌നാട്ടിൽ ജൂലായ് 30 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.പുതുച്ചേരിയിൽ സെന്റാക്ക് വഴി അഡ്മിഷൻ പ്രക്രിയ നടക്കുന്നു. തെലങ്കാന,ആന്ധ്രാ സംസ്ഥാനങ്ങളിലും മെഡിക്കൽ പ്രവേശന നടപടികൾ പുരോഗമിക്കുന്നു.
ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകൾ
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എം.ബി.ബി.എസിനു സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവരുടെ ആശ്രയം ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളാണ്.ഇവിടെയും അഡ്മിഷൻ നടപടികൾ മെറിറ്റടിസ്ഥാനത്തിലാണ്.അയൽ സംസ്ഥാനങ്ങളിലെ ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം സീറ്റ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കായി മാറ്റി വച്ചിട്ടുണ്ട്.കേരളത്തിലെ വിദ്യാർത്ഥികൾക്കും ഈ സാധ്യത ഉപയോഗപ്പെടുത്താം.ആ സംസ്ഥാനത്തെ വിദ്യാർത്ഥിയെക്കാൾ ഉയർന്ന ഫീസ് കേരളത്തിൽനിന്നുള്ളവരുൾപ്പെടെയുള്ളവർ നൽകണമെന്നു മാത്രം.
ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് നിരക്ക് വളരെ കൂടുതലാണ്.ഡീംഡ് യൂണിവേഴ്‌സിറ്റികളിൽ വാർഷിക ഫീസ് 15- 25 ലക്ഷ രൂപ വരെയാണ്.സ്വകാര്യ മെഡിക്കൽ കോളേജുകളിൽ വാർഷിക ഫീസ് നിരക്ക് 12 ലക്ഷം രൂപയിൽ കൂടുതലാണ്.എൻ.ആർ.ഐ ഫീസ് പ്രതിവർഷം 20- 30 ലക്ഷം രൂപയോളം വരും.കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഫീസ് പ്രതിവർഷം 7- 9 ലക്ഷം രൂപയാണ്.
മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാരുടെ വലയിൽ പെടാതെ സൂക്ഷിക്കേണ്ടതാണ്.
വെറ്ററിനറി സയൻസ്
അഖിലേന്ത്യ ക്വോട്ടയിൽ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാം പ്രവേശനം വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് നടത്തുന്നത്.15 ശതമാനം സീറ്റുകളിലാണ് പ്രവേശനം.പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെറ്ററിനറി എഡ്യൂക്കേഷൻ & റിസർച്ചിൽ ബി.വി.എസ്‌സി & എ.എച്ച് പ്രോഗ്രാമിന് മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് സെന്റാക്ക് വഴി അപേക്ഷിക്കാം. ബി.എസ്‌സി അഗ്രികൾച്ചർ പ്രോഗ്രാം അഖിലേന്ത്യ ക്വോട്ടയിലേക്ക് സി.യു.ഇ.ടി യുജി വഴിയാണ് പ്രവേശനം. ഡീംഡ്,സ്വകാര്യ കാർഷിക കോളേജുകൾ നീറ്റ് സ്‌കോർ വിലയിരുത്തിയും അല്ലാതെയും കാർഷിക കോഴ്‌സുകൾക്ക് പ്രവേശനം നൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |