തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ. സർക്കാരിന് യുക്തമായ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
മേൽനോട്ടത്തിലും ഏകോപനത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് ശേഖ് ദർവേഷിന്റെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂര സ്ഥലത്ത് എത്തിയില്ല..
ദേവസ്വം ഭാരവാഹികളും സിറ്റി പൊലീസ് കമ്മിഷണറുമായി പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി കെ.രാജൻ പറഞ്ഞപ്പോൾ, താൻ സ്ഥലത്തുണ്ടാവുമെന്നും ഇടപെടാമെന്നുമായിരുന്നു അജിത്തിന്റെ മറുപടി. പൂരം തടസ്സപ്പെട്ടപ്പോൾ പല തവണ എ.ഡി.ജി.പിയെ ഔദ്യോഗിക ഫോണിലും പേഴ്സണൽ നമ്പരിലേക്കും മന്ത്രി ആവർത്തിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഉറങ്ങിപ്പോയെന്നായിരുന്നു അജിത്തിന്റെ മൊഴി.
ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോകേണ്ടതില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്.
പൂരം വിവാദം: മറുപടിയിൽ ഉറച്ചു നിൽക്കുന്നു കെ.രാജൻ
തിരുവനന്തപുരം: തൃശൂർ പൂരം വിവാദത്തിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടിയിൽ ഉറച്ചു നിൽക്കുകയാണെന്ന് മന്ത്രി കെ.രാജൻ. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെക്കുറിച്ചല്ല താൻ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ കാര്യത്തിൽ മാദ്ധ്യമ വാർത്തകൾ മാത്രമാണ് കണ്ടത്. കേട്ടറിവ് മാത്രമെയുള്ളൂ. പ്രതികരിക്കേണ്ടതാണെങ്കിൽ അപ്പോൾ പ്രതികരിക്കാം. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, 'വകതിരിവ് എന്നത് ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും അത് ഏതെങ്കിലും വിദ്യാലയങ്ങളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ പഠിപ്പിക്കേണ്ട കാര്യമല്ലെന്നും ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.ഡി.ജി.പി അജിത്തിന്റെ
അനധികൃത സ്വത്ത്:
കേസ് ഡയറി ഹാജരാക്കണം
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ കേസ് ഡയറിയും വിജിലൻസ് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും 25 ന് ഹാജരാക്കണമെന്ന് വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ഉത്തരവിട്ടു. പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജ് ഉന്നയിച്ച ആരോപണങ്ങളെല്ലാം വിജിലൻസ് അന്വേഷിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കാനാണീത്.
വിജിലൻസ് എസ്. പി ഷിബു പാപ്പച്ചൻ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മാത്രമാണെന്നും അത് ആരും സാക്ഷ്യപ്പെടുത്താത്തതിനാൽ തിരിമറി സംശയിക്കുന്നതായും ഹർജിക്കാരൻ വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് യഥാർത്ഥ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. കവടിയാറില് 70 ലക്ഷം രൂപ വില
വരുന്ന പത്ത് സെന്റ് സ്ഥലം വാങ്ങി കോടികൾ വിലമതിക്കുന്ന കെട്ടിടം പണിതത് മാത്രമാണ് വിജിലൻസ് അന്വേഷിച്ചതെന്നും അജിത്തിനെ രക്ഷപെടുത്താനാണ് അന്വേഷണമെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. മുൻ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ നേരത്തേ അന്വേഷിച്ചതായതിനാൽ ഇനിയും മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശന്റെ നിലപാട്. സർക്കാർ നിലപാട് തള്ളിക്കളഞ്ഞാണ് കേസ് ഡയറിയും വിജിലൻസ് അന്വേഷണം നിർദ്ദേശിച്ച് ഇറക്കിയ ഉത്തരവും അന്വേഷണ റിപ്പോർട്ടിന്റെ പൂർണ്ണ രൂപവും ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |