മുടി ചുരുളിച്ച് നിറം കറുപ്പിച്ച് കണ്ണട ധരിച്ച് ധനു. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച 'ദ ഹണ്ട് "എന്ന വെബ്സീരിസിൽ രാജീവ്ഗാന്ധിയെ വധിച്ച മനുഷ്യബോംബ് ധനുവായി അഭിനയിച്ചതോടെ ശ്രുതിയുടെ സമയം തെളിഞ്ഞു. സമയം ഇങ്ങനെ തെളിയുമെന്ന് ശ്രുതി ഒരിക്കൽപോലും കരുതിയില്ല. ശ്രുതിയുടെ കമന്റ് ബോക്സിൽ നല്ല വാക്കുകൾ നിറയുകയാണ്. 'ദ ഹണ്ട്" : ദ രാജീവ്ഗാന്ധി അസാസിനേഷൻ കേസ് "എന്ന സീരിസിൽ നിന്ന് വിളി വന്നപ്പോൾ ശ്രുതി സന്തോഷിച്ചു.
ആദ്യമായി ഹിന്ദി സീരിസിൽ എത്താൻ പോകുന്നു. എന്നാൽ കഥാപാത്രം ധനു എന്ന് അറിഞ്ഞപ്പോൾ ഭയന്നു. അഭിനയ ചാരുത തെളിയിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചതിനാൽ ധനുവിനെ ധൈര്യപൂർവ്വം ഏറ്റെടുത്തു. 'ജൂൺ" സിനിമയിലെ മായ ടീച്ചറെ പോലെ നിറഞ്ഞ സന്തോഷത്തിൽ തൃശൂർ വളർകാവിലെ വീട്ടിലിരുന്ന് ശ്രുതി ജയൻ സംസാരിക്കുന്നു.
ആക്ടിംഗ് സ്കൂൾ പോലെ
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേനായ സംവിധായകൻ നാഗേഷ് കുക്കുനൂറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.മുംബയ് യിൽ ഓഡിഷന് നാഗേഷ് സാറിനെ കണ്ടു.ഇതിനുശേഷം നടീനടന്മാരുമായി യാതൊരു ആശയവിനിമയവും നടത്തിയില്ല. ലൊക്കേഷനിലാണ് പിന്നെ കാണുന്നത്. അവിടെ സംസാരമില്ല, ഒന്നുമില്ല . ഡയലോഗ് തന്നത് പഠിച്ചു.
വളരെ പ്രൊഫഷണൽ സെറ്റ്. അഭിനയിച്ചു കഴിഞ്ഞപ്പോൾ ആലോചിച്ചു , ഒരു വിശദീകരണവുമില്ലാതെ ഇങ്ങനെ ചെയ്യിക്കാൻ എങ്ങനെ സാധിക്കുന്നെന്ന് . അദ്ഭുതം തോന്നിപ്പോകും. അസാമാന്യ പ്രതിഭാശാലിയാണ് നാഗേഷ് സാർ. ഒപ്പം നല്ല ഒരു അഭിനേതാവും. പതിന്നാല് ദിവസങ്ങൾ ആക്ടിംഗ് സ്കൂളിൽ വർക്ക്ഷോപ്പിന് പോയ പോലെയാണ് തോന്നുന്നത്. ഏറെ പ്രമാദമായ വിഷയം ആയതിനാൽ എല്ലാവരും രഹസ്യമാക്കി വച്ചു. അപ്രതീക്ഷിതമായി ലഭിച്ച അവസരമാണിത് . എല്ലാവരും അത് സ്വീകരിക്കുന്നു, ഇന്ത്യയാകെ ചർച്ച ചെയ്യുന്നു. അതിന്റെ സന്തോഷമുണ്ട്.
അവസാനം വന്ന ധനു
ധനു ഒഴികെ മറ്റു കഥാപാത്രങ്ങളെ എല്ലാം തീരുമാനിച്ചിരുന്നു. ധനുവായി എനിക്ക് എന്തോ പ്രത്യേകത ഉള്ളതായി ഹൈദരാബാദിലെ കാസ്റ്റിംഗ് ഡയറക്ടർ വംശിക്ക് തോന്നിയിട്ടുണ്ടാവും. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും വർഷങ്ങളായി ആളുകൾ ധനുവിനെ കാണുന്നതാണ്. ധനു ആകാൻ നല്ല തയാറെടുപ്പ് വേണ്ടി വന്നു. വലിയ ഉത്തരവാദിത്വവുമാണ്.
ധനുവിനെ ഒരു സാധാരണ കൊലയാളിയെ കാണുന്ന പോലെ ദേഷ്യം തോന്നില്ല. ചെയ്യുന്നത് ഒരു ജോലിയായി കാണുന്നു. അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹം, ഒരാളെ കൊല്ലുക അതോടൊപ്പം മരിക്കുക എന്നതാണ്. മനസിനേറെ ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് ധനു . അനിരുധ്യ മിത്രയുടെ '90 ഡേയ്സ് "എന്ന പുസ്തകത്തെഅവലംബമാക്കിയാണ് 'ദ ഹണ്ട് "ഒരുക്കിയത്. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ എനിക്ക് ഒരു മെസേജ് അയച്ചു. യഥാർത്ഥ ധനുവിനെ കണ്ടെന്ന് പറഞ്ഞു . അതെനിക്ക് വലിയൊരു അംഗീകാരമാണ്.
സീരിസ് യാത്ര
ഒരു കഥാപാത്രം ചെയ്യുമ്പോൾ നെഗറ്റീവോ, പോസിറ്റീവോ എന്നൊന്നും നോക്കാറില്ല. കഥാപാത്രത്തെ സ്നേഹിക്കാൻ ശ്രമിക്കുന്നു. അഭിനയത്തെ ആ നിലയിൽ കാണാൻഇപ്പോഴത്തെ പ്രേക്ഷകർക്ക് കഴിയുന്നു. പൊതുവെ എനിക്ക് പറ്റിയ വേഷങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത് . സിനിമയുടെ എണ്ണം കൂട്ടാൻ ആഗ്രഹമില്ല. അനുയോജ്യമായ കഥാപാത്രങ്ങളാണ് തേടി വരുന്നതും. തെലുങ്കിൽ രണ്ടു വെബ് സീരിസും ഒരു സിനിമയും ചെയ്തു. ഇനി ഒരു വെബ് സീരിസ് തുടങ്ങാനുണ്ട്.അതൊരു ഹിന്ദി സീരിസിന്റെ റീമേക്കാണ്. മലയാളത്തിൽ ദ്വിജ എന്ന സിനിമ റിലീസിനുണ്ട്. ഫാർമ എന്ന സീരിസും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |