നിപ വൈറസിന്റെ ഏഴാം വരവിലും മനുഷ്യജീവൻ പൊലിയുമ്പോഴും എവിടെ നിന്നാണ് ഇതിന്റെ ഉറവിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. ചികിത്സ ഉറപ്പാക്കുക എന്നതുപോലെ പ്രധാനമാണ് രോഗ ഉറവിടം കണ്ടെത്തുക എന്നതും. എന്നാൽ, അതിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഏഴ് തവണയാണ് നിപ സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ മൂല സ്രോതസ് വവ്വാലുകളാണെന്നു തെളിഞ്ഞതാണ്. എന്നാൽ, ഏതു രീതിയിലാണു വവ്വാലിൽ നിന്ന് മനുഷ്യനിലേക്കു വ്യാപിക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഇപ്പോഴുമില്ല. പഴംതീനി വവ്വാലുകളിൽ കാണുന്ന വൈറസ് ഏതുരീതിയിലാണ് മനുഷ്യരിലെത്തുന്നതെന്നതിൽ അന്തിമ ഗവേഷണഫലങ്ങൾ വന്നിട്ടില്ല. വവ്വാലിനും മനുഷ്യനുമിടയിൽ വൈറസ് വാഹകരുണ്ടോ എന്നും അറിയേണ്ടതുണ്ട്.
വിശദപഠനം വേണം
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നിപ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് സംസ്ഥാനത്തെ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് സംബന്ധിച്ച വിശദമായ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഇതിനിടെ, നിപ സാംപിൾ പരിശോധനയ്ക്കും രോഗ നിർണയത്തിനും സംസ്ഥാനത്ത് സൗകര്യമൊരുങ്ങുന്നത് വലിയ ആശ്വാസമേകുന്ന കാര്യമാണ്. ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ സേഫ്റ്റി ലവൽ 3 (ബി.എസ്.എൽ 3) ലാബിന്റെ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ട്രയൽ റൺ പൂർത്തിയാക്കിയ ശേഷമേ കേന്ദ്ര ബയോ ടെക്‌നോളജി മന്ത്രാലയം ബി.എസ്.എൽ 3 സർട്ടിഫിക്കറ്റ് നൽകൂ. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിപ സ്രവ സാംപിളുകളുടെ പരിശോധനയും രോഗനിർണയവും ഇവിടെ നടത്താനാകും.
നിപയ്ക്ക് ആദ്യഘട്ട പരിശോധനയിൽ തന്നെ ഫലപ്രദമായ ഒന്നിലധികം വാക്സിനുകൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ തയ്യാറായിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നമ്മുടെ നാട്ടിൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് രോഗം വൻതോതിൽ പടരാൻ ഇടയായാൽ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിനുകൾ പ്രയോഗിക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിൽ, ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് മുൻകൂട്ടി ബ്ലൂപ്രിന്റ് തയ്യാറാക്കുന്നത് നല്ലതാണ്. ഈ മാസം 12ന് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചതാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അവസാനത്തെ നിപ മരണം. 2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്.
സമ്പർക്ക പട്ടികയിൽ
674 പേർ
വിവിധ ജില്ലകളിലായി നിലവിൽ ആകെ 674 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 88 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാൻ മന്ത്രി നിർദേശം നൽകി. മലപ്പുറത്ത് ഐ.സി.എം.ആർ ടീം സന്ദർശനം നടത്തിയിരുന്നു.
സുരക്ഷയും കരുതലും
തീർത്തും അപ്രതീക്ഷിതമായി ഒരു മേഖലയിൽ പൊട്ടിപ്പുറപ്പെടുകയും ആ പ്രദേശത്തു മാത്രം ഒതുങ്ങിനിന്ന് കുറച്ച് ആളുകളെ ബാധിക്കുകയും മരണമുണ്ടാക്കുകയും ഏതാനം ആഴ്ചകൾക്കകം സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്യുന്ന പകർച്ചവ്യാധിയായാണ് നിപ രോഗം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഒരു പാരിസ്ഥിതിക മേഖലയിൽ നിപ ഒരു തവണ പൊട്ടിപ്പുറപ്പെട്ടാൽ പിന്നീടുള്ള വർഷങ്ങളിലും പ്രസ്തുത മേഖലയിൽ നിപ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കൂടുതലാണന്ന് നിപ വൈറസിന്റെ വ്യാപനരീതിയെപ്പറ്റി പഠിച്ച ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൃത്യമായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക, രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക എന്നിവയാണ് മുൻകരുതലുകൾ. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്. നിപയെന്ന മാരകരോഗത്തെ നേരിടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു എന്നും ഇനിയും എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും കൃത്യമായി വിലയിരുത്തേണ്ട സമയമാണിത്. നമുക്ക് ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |