SignIn
Kerala Kaumudi Online
Monday, 21 July 2025 12.29 PM IST

തസ്തിക നിലനിറുത്താൻ കടം വാങ്ങുന്നത് കുട്ടികളെ!

Increase Font Size Decrease Font Size Print Page
sa

വയനാട്ടിൽ നീർവാരം, ഏച്ചോം, കരിങ്കുറ്റി എന്നിവിടങ്ങളിലെ സ്കൂൾ ഹോസ്റ്റലിൽ നിന്നും നാല് എസ്.ടി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ ടി.സി നൽകി കിലോമീറ്ററുകൾ അപ്പുറമുള്ള കോട്ടത്തറ സ്കൂളിലേക്ക് മാറ്റിയിരുന്നു. അതാത് സ്കൂളുകൾക്ക് സമീപത്ത് എസ്.സി, എസ്.ടി കുട്ടികൾക്കായി ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കിലോ മീറ്ററുകൾ അപ്പുറത്തുള്ള വിദ്യാലത്തിലേക്ക് കുട്ടികളെ അയച്ചത് പഠിക്കാൻ സൗകര്യമില്ലാഞ്ഞിട്ടല്ല. പിന്നെയോ? കോട്ടത്തറ സ്കൂളിലെ ഒരു മലയാളം അദ്ധ്യാപകന് തസ്തിക ഉണ്ടാക്കാൻ വേണ്ടി! ഇതിനായി അദ്ധ്യാപകൻ തന്നെ ദിവസവും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കും. കുട്ടികളുടെ എല്ലാ കാര്യങ്ങളും അദ്ധ്യാപകൻ തന്നെ നോക്കിക്കൊള്ളും. ഇവിടെ പ്രശ്നം അതൊന്നുമല്ല. അദ്ധ്യാപകൻ എന്നാണോ അവധി എടുക്കുന്നത് അന്ന് കുട്ടികളും സ്കൂളിൽ പോകില്ല. വയനാട്ടിൽ പലയിടങ്ങളിലും അദ്ധ്യാപക തസ്തിക നിലനിറുത്താൻ വേണ്ടി ഇങ്ങനെ കുട്ടികളെ കടം കൊടുക്കുന്ന പദ്ധതി നിലവിലുണ്ട്. കുട്ടികൾക്ക് ടി.സി നൽകി അദ്ധ്യാപക തസ്തിക നിലനിറുത്താനാണ് ശ്രമം. ഫലമോ? വ്യാപകമായ കൊഴിഞ്ഞും പോക്കിനൊപ്പം കുട്ടികളുടെ ഭാവിയും ചോദ്യ ചിഹ്നമായി മാറും. വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണ് ഇതൊക്കെ.

തസ്തികയ്ക്കായി കുട്ടികളുടെ ഭാവി

കരിങ്കുറ്റി ഗവ. ഹൈസ്കൂളിന് തൊട്ടടുത്തായി ഗോത്രവർഗ ആൺ പെൺ കുട്ടികൾക്കായി ഹോസ്റ്റലുകളുണ്ട്. ഇവിടെ നിന്നും വൻതോതിൽ കുട്ടികളെ കിലോ മീറ്ററുകൾ അകലെയുള്ള കോട്ടത്തറ സ്കൂളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഈ കുട്ടികളാണ് പിന്നീട് സ്കൂളിൽ നിന്നും കൊഴിഞ്ഞ് പോകുന്നതിലേറെയും. സമീപ പ്രദേശങ്ങളിലെ കുട്ടികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്ന വിദ്യാവാഹിനി പദ്ധതിയും കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. വാഹനം ഏർപ്പെടുത്തുന്നതുകൊണ്ട് കുട്ടികൾ കൃത്യമായി സ്കൂളിലെത്തുമെന്ന് ഉറപ്പാണ്. എന്നാൽ നീർവാരത്ത് നിന്ന് കോട്ടത്തറയിലേക്ക് പാേയിക്കൊണ്ടിരിക്കുന്ന കുട്ടികളെ ദൂരക്കൂടുതലുള്ളതിനാൽ വിദ്യാവാഹിനിയിലും ഉൾപ്പെടുത്താനാകില്ല. അയൽപക്ക വിദ്യാലയം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്.

പട്ടിക ജാതി-പട്ടിക വർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രിയുടെ നാട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നതൊന്നും ഓർക്കണം. മന്ത്രി ഊണും ഉറക്കവും ഒഴിഞ്ഞ് പട്ടിക ജാതി പട്ടിക വർഗ്ഗക്കാരുടെ ഉന്നമനത്തിനായി കേരളം മുഴുവൻ സഞ്ചരിച്ച് ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. കുട്ടികളെ ടി.സി വാങ്ങി ഹോസ്റ്റലുകളിൽ നിന്ന് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഐ.ടി.ഡി.പി ഓഫീസർക്കും വിദ്യാഭ്യാസ വകുപ്പിനും പി.ടി.എ. പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പത്താം ക്ളാസിലെത്തിയിട്ടും എഴുത്തും വായനയും അറിയാത്ത അവസ്ഥയാണ് കുട്ടികൾ. ഇവർക്ക് വേണ്ടി പരീക്ഷ എഴുതാനും ആളുകളെ ഇരുത്തേണ്ടി വരും.

കൃത്യമായ

ഇടപെടൽ മാത്രമില്ല!

കേരളത്തിൽ ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക് നടക്കുന്നത് വയനാട്ടിലാണ്. ജില്ലയിലെ പല ഉന്നതികളിൽ നിന്നും കുട്ടികൾ ഇപ്പോഴും തൊട്ടടുത്ത വിദ്യാലയങ്ങളിൽ പോലും എത്തുന്നില്ല. എന്തുകൊണ്ട് കുട്ടികൾ വരുന്നില്ല? ഇതൊന്നും ആരും അന്വേഷിക്കാറില്ല. ഇതിനായി സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഏറെ പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപകർ മുതൽ ‌ ട്രൈബൽ പ്രമോട്ടർമാർ വരെ ഇതിനായി പ്രവർത്തിക്കുന്നു. സ്ഥലത്തെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾക്കും കുട്ടിക ളെ സ്കൂളിൽ എത്തിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. പിന്നെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. പക്ഷെ ഇങ്ങനെയുളള ഒരു സംവിധാനവും വയനാട്ടിൽ പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് എന്ത് സംഭവിച്ചു? ആദിവാസി കുട്ടികൾ ഇപ്പോഴും ഉന്നതികളിൽ തന്നെ. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികളുള്ളത് വയനാട്ടിലാണ്. വയനാട്ടിലെ തിരുനെല്ലി, നൂൽപ്പുഴ പ്രദേശങ്ങളിലാണ് കൂടുതൽ ആദിവാസി കുട്ടികളുള്ളതും. ഉന്നതികൾ കയറിയിറങ്ങി ആദിവാസി കുട്ടികളെ കൃത്യമായി സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തി എങ്ങും വേണ്ടത്ര നടന്നില്ല. വയനാട്ടിലെ ആദിവാസി കുട്ടികൾ ഞണ്ടിൻമാളങ്ങൾ അന്വേഷിച്ച് വയൽ വരമ്പുകളിലും മീൻ പിടിക്കാനായി പുഴയോരത്തുമാണ്. വീട്ടിലെ ദാരിദ്ര്യം മാറ്റാനും സ്വന്തം കാര്യത്തിനുമായി ജന്മിമാരുടെ വീടുകളിലെ കന്നുകാലി ചെറുക്കന്മാരായും, പാടങ്ങളിലും മറ്റുമായി ജോലിക്കായി കുട്ടികൾ വൻ തോതിൽ ഇപ്പോഴും പോകുന്നുണ്ട്. കർണ്ണാടക, തമിഴ്നാട് സംസ്ഥാന അതിർത്തി പങ്കിടുന്ന വയനാട്ടിൽ നിന്ന് കുട്ടികൾ മുതിർന്നവർക്കൊപ്പം ഇഞ്ചിപ്പാടങ്ങളിൽ ജോലിക്കായും പോകുന്നുണ്ട്. ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞായിരിക്കും തിരിച്ച് വരവ്. സ്കൂളിൽ പോകാൻ ഇവർക്ക് താൽപ്പര്യം ജനിക്കണമെങ്കിൽ അതിനുള്ള ഇടപെടലുകൾ നടത്തണം. സ്കൂൾ തുറക്കുന്നതിന് മുമ്പ് മേയ് മുതൽ ഇതിനായി ഉന്നതികളിൽ കയറിയിറങ്ങണം. അതാണ് വയനാട്ടിൽ നടക്കാത്തത്. ജൂൺ രണ്ടിന് സ്കൂളുകൾ തുറന്നു. ആറാം പ്രവർത്തി ദിവസത്തിലെ കണക്കെടുപ്പിന് ശേഷം ജൂലായ് മാസം പകുതിയോടെ തസ്തിക നിർണ്ണയവും നടക്കണം. അതാണ് നിയമവും ചട്ടവും. അത് അനുസരിച്ചുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ തുറന്ന് മാർച്ച് മാസം അവസാനം സ്കൂൾ അടക്കുന്നതുവരെ കുട്ടികൾ സ്കൂളിൽ ഉണ്ടാകണമെന്നാണ് നിയമം. അതിനുള്ള പരിശോധന പല ഘട്ടങ്ങളായി നടത്തേണ്ടതുമുണ്ട്. ഇതൊക്കെ നോക്കാൻ വേണ്ടി മാത്രം ഒരു വകുപ്പ് തന്നെയുണ്ട്. പുരോഗതി ഏറെ കൈവരിച്ചിട്ടും വയനാടിനെ ഇപ്പോഴും കേരളത്തിലെ 'ആഫ്രിക്ക'യാക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം.

ശ്രമിച്ചാൽ നടത്താവുന്നതെയുള്ളൂ

വയനാട്ടിൽ അഞ്ച് റസിഡൻഷ്യൽ സ്കൂളുകളുണ്ട്. ഇവിടങ്ങളിൽ നൂറുശതമാനം കുട്ടികൾ ഹാജരാണ്. അതുപോലെ നൂറ് ശതമാനം വിജയവും. ഇത് നൽകുന്ന സന്ദേശം എന്താണ്? കുട്ടികളെ നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ ഗോത്ര വർഗ കുട്ടികളെ ഇതേപോലെ പഠിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പറ്റുമെന്നാണ്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ചെയ്യാം. മാതൃകാപരമായ പ്രവർത്തനമാണ് വയനാട്ടിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേത്. വർഷങ്ങളായി പ്രവർത്തിക്കുന്ന തിരുനെല്ലിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം അപകട ഭീഷണിയിലായതിനാൽ അതിന്റെ പ്രവർത്തനം കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ ക്ളാസുകൾ തുടങ്ങുമെന്നാണ് കേൾക്കുന്നത്. ഒന്നുമുതൽ പത്തുവരെയുളള 240തോളം കുട്ടികളും 55 അദ്ധ്യാപക അനദ്ധ്യാപക തസ്തികകളും ഇതോടൊപ്പം മാറ്റും.

TAGS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.