കുമ്പനാട് (പത്തനംതിട്ട) : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധിക്കാരിയായ നേതാവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം തിരുവല്ല, കോഴഞ്ചേരി യൂണിയൻ ശാഖാ നേതൃത്വസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കണ്ട രാഷ്ട്രീയക്കാരിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്ന ഏകവ്യക്തി വി.ഡി. സതീശനാണ്. ചരിത്രകാരൻമാർപോലും നമ്മുടെ പൂർവികർ ചെയ്ത കാര്യങ്ങൾ വിസ്മരിക്കുകയാണ്. ഈഴവരെ കേരള രാഷ്ട്രീയത്തിൽ വളരാൻ അനുവദിക്കില്ല. സി. കേശവനും ആർ. ശങ്കറും കെ.ആർ ഗൗരിയമ്മയുമെല്ലാം അങ്ങനെ പുറത്താക്കപ്പെട്ടവരാണ്. പിണറായി വിജയൻ മാത്രമാണ് വളർന്നുവന്നത്. അദ്ദേഹത്തെയും ചെത്തുകാരന്റെ മകനെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മൂന്നാംതവണയും ഭരണം പിടിക്കുമെന്നായപ്പോൾ വീണ്ടും പിണറായി വിജയനെ ആക്രമിക്കുകയാണ്.
മുസ്ലീം ലീഗും എസ്.എൻ.ഡി.പിയോഗവും ഒരുപോലെ പിന്നാക്ക വിഭാഗമെന്ന് പറഞ്ഞ് സമരം ചെയ്തിരുന്നവരാണ്. ഒടുവിൽ ഭരണം കിട്ടിയപ്പോൾ മുസ്ലീം ലീഗിന് പ്രത്യേക റിക്രൂട്ട്മെന്റ് ലഭിച്ചു.
അയ്യപ്പസംഗമത്തെ എതിർക്കേണ്ടതില്ല
കോഴഞ്ചേരി: ആഗോള അയ്യപ്പസംഗമം എതിർക്കപ്പെടേണ്ടതല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ചിലർ സംഗമത്തെ എതിർക്കുന്നത്. അയ്യപ്പന്റെ പ്രസക്തി ലോകമെങ്ങും വ്യാപിപ്പിക്കാൻ വേണ്ടി ദേവസ്വം ബോർഡും സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിൽ അയ്യപ്പഭക്തന്മാർ സഹകരിക്കുകയും സഹായിക്കുകയും വേണം. മുമ്പ് ഇതേസർക്കാർ മുസ്ലീങ്ങളെ സംഘടിപ്പിച്ചപ്പോൾ മാദ്ധ്യമങ്ങൾ വിമർശിച്ചില്ലല്ലോ. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് അയ്യപ്പസംഗമവും നടക്കട്ടെ .തന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |