തിരുവനന്തപുരം: 1964 ഏപ്രിൽ 11 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്ര് പാർട്ടി നെടുകെ പിളർന്നപ്പോൾ, ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ, കേരളത്തിലെ അവസാന കണ്ണിയാണ് വി.എസിന്റെ വിടവാങ്ങലോടെ നഷ്ടമായത്. കേരളത്തിൽ നിന്നുള്ള ഏഴു പേരാണ് ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ഗോപാലൻ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരൻ, ഇ.കെ.നയനാർ, വി.എസ്.അച്യുതാനന്ദൻ, ഇ.കെ.ഇമ്പിച്ചിബാവ എന്നിവർ.
ഇന്ത്യൻ കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ ചില ഭിന്നതകൾ രൂപംകൊണ്ടിരുന്നു. നെഹ്‌റു സർക്കാരുമായി മമതയിലായിരുന്ന സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം വേണമെന്ന് എസ്.എ. ഡാങ്കെയ്ക്ക് ഒപ്പമുള്ളവർ താത്പര്യപ്പെട്ടപ്പോൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്ര് ആശയങ്ങളിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. ഇവർ തമ്മിലുള്ള ആശയപരമായ ഉരസൽ പാർട്ടിക്കുള്ളിൽ ഇടതു, വലത് പക്ഷങ്ങളുടെ ആവിർഭാവത്തിന് വഴിവച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തോടെ ഡാങ്കെ വിരുദ്ധർ ജയിലിൽ അടയ്ക്കപ്പെട്ടു.
ജയിൽമോചിതരായ ഈ വിഭാഗം ഡാങ്കെ നേതൃത്വത്തെ ചോദ്യംചെയ്തു. 1964 ഏപ്രിൽ 11 ന് സി.പി.ഐ ദേശീയ കൗൺസിൽ യോഗം ചേർന്നു. അതിനുമുമ്പ് പുറത്തുവന്ന ഡാങ്കെയുടെ ചില കത്തുകൾ പാർട്ടിക്കുള്ളിൽ പ്രതിഷേധ സ്വരമുയർത്തിയിരുന്നു. 1924 ൽ ഡാങ്കെ എഴുതിയെന്ന് പറയപ്പെടുന്ന നാലു കത്തുകളും പാർട്ടി പിളർപ്പിന് ഒരു കാരണമായി. കത്തുകളുടെ ആധികാരികത ചോദ്യം ചെയ്ത് ഡാങ്കെ വിഭാഗമായ വലതുപക്ഷവും ഡാങ്കെയ്‌ക്കെതിരായ ഇടതുപക്ഷവും രംഗത്തെത്തി. പാർട്ടിക്കുള്ളിൽ ഡാങ്കെക്കെതിരെ തുടരെ ശബ്ദമുയരുന്നതിനിടെയായിരുന്നു ഏപ്രിൽ 11 ലെ ദേശീയ കൗൺസിൽ യോഗം.
യോഗത്തിൽ കത്ത് ചർച്ചയായി. ഡാങ്കെയുടെ രാജി എന്ന ആവശ്യം ഉയർന്നു. ഡാങ്കെ വഴങ്ങിയില്ല. ഇതോടെ ദേശീയ കൗൺസിലിലെ 65 അംഗങ്ങളിൽ 32 പേരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോന്നവർ ഏപ്രിൽ 15ന് ഒരു പുതിയ പാർട്ടിയുടെ കരട് പുറത്തിറക്കി. ഇ.എം.എസ് സ്വന്തമായൊരു കരടും പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി 1964 ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് സി.പി. എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |