പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് രണ്ടുപേർക്കു കൂടി ജീവൻ നഷ്ടപ്പെട്ട സംഭവം കെ.എസ്.ഇ.ബിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ മരണമടഞ്ഞതിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാനമായ കാരണത്താൽ രണ്ടുപേർക്കു കൂടി ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്. മഴക്കാലത്ത് ഇത്തരം അപകടങ്ങൾ മുൻകൂട്ടിക്കണ്ട് കെ.എസ്.ഇ.ബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മരത്തിന്റെ ചില്ലകളും മറ്റ് തടസങ്ങളുമൊക്കെ മാറ്റുന്ന ചില പ്രതിരോധ നടപടികൾ എടുത്തിരുന്നതാണെങ്കിലും അതൊന്നും പൂർണതോതിലായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് തുടരെ ഉണ്ടാകുന്ന അത്യാഹിതങ്ങൾ.
മഴക്കാലത്ത് കമ്പി പൊട്ടിവീഴാനിടയാക്കുന്നത് ആടിയുലയുന്ന മരച്ചില്ലകളുടെ ഘർഷണമാണ്. ഇതൊഴിവാക്കാൻ വൈദ്യുതി കമ്പികളോടു ചേർന്ന് അപകടകരമായ നിലയിൽ നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുക എന്നതല്ലാതെ തത്‌കാലം മറ്റ് വഴികളൊന്നുമില്ല. റോഡിലേക്ക് നീണ്ടുനിൽക്കുന്ന മരച്ചില്ലകളോ മരങ്ങൾ തന്നെയോ വെട്ടിമാറ്റാൻ ഉടമയുടെ സമ്മതം ലഭിക്കാത്തതുകൊണ്ട് കഴിഞ്ഞില്ല എന്നു പറയുന്നത് ന്യായീകരിക്കാനാവുന്നതല്ല. മരം മുറിക്കാൻ വ്യക്തി സമ്മതിക്കാത്തതാണ് നെടുമങ്ങാട് അപകടത്തിന് വഴിയൊരുക്കിയതെന്ന വൈദ്യുതി മന്ത്രിയുടെ വിശദീകരണം സ്വീകരിക്കുകയാണെങ്കിൽ ഒരുമാതിരിപ്പെട്ട മരങ്ങളും ചില്ലകളും മുറിക്കാൻ ഉടമകൾ സമ്മതിക്കില്ല. അവരുടെ അനുവാദം തന്നെ സർക്കാർ ഇക്കാര്യത്തിൽ തേടേണ്ട കാര്യമില്ല. ജനങ്ങളുടെ വസ്‌തുക്കൾ തന്നെ പൊതുകാര്യത്തിനായി സ്വമേധയാ ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നിരിക്കെ മരച്ചില്ല വെട്ടാൻ ഉടമ സമ്മതിക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല.
നെടുമങ്ങാടിന് സമീപം കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങിയ യുവാവും, കൊയിലാണ്ടിയിൽ വീട്ടമ്മയുമാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്. നെടുമങ്ങാട് മരണമടഞ്ഞ പത്തൊൻപതുകാരനായ അക്ഷയ് സുരേഷിന്റെ രണ്ട് സുഹൃത്തുക്കൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അക്ഷയിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയും ചെയ്തു. റോഡരികിലെ സ്വകാര്യ വസ്തുവിൽ നിന്ന് റബർ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പികളും കോൺക്രീറ്റ് പോസ്റ്റും റോഡിൽ പതിച്ചത് അർദ്ധരാത്രിയിലെ മഴയത്ത് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കിയത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഉടമയുടെ അനുവാദം ചോദിക്കാതെയുള്ള ഏകപക്ഷീയമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഉടമകൾ തടസം നിൽക്കുകയാണെങ്കിൽ, അപകടമുണ്ടായാൽ അതിന്റെ നഷ്ടപരിഹാരം നൽകാൻ സ്വകാര്യ വ്യക്തികളെ ബാദ്ധ്യസ്ഥരാക്കുന്ന നിയമമില്ലെങ്കിൽ അതിന് രൂപം നൽകാനും സർക്കാർ തയ്യാറാകണം.
കൊയിലാണ്ടിയിൽ വീടിന്റെ അടുക്കള ഭാഗത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് കുറുവങ്ങാട് മാവിൻചുവട് പള്ളിക്കു സമീപം ഹിബ മൻസിലിൽ ഫാത്തിമ എന്ന അറുപത്തിരണ്ടുകാരി മരണമടഞ്ഞത്. തൊട്ടടുത്തു നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമയ്ക്ക് ഷോക്കേറ്റത്. ഈ രണ്ട് അപകടങ്ങളിലും മരങ്ങളാണ് വില്ലനായി മാറിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാൻ കെ.എസ്.ഇ.ബി ജാഗ്രതാ സമിതികൾക്ക് രൂപം നൽകേണ്ടതാണ്. രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളും കൂട്ടായ പരിശോധനകളും മുന്നറിയിപ്പുകളും നടത്തിയാൽ ഇത്തരം അത്യാഹിതങ്ങൾ പലതും ഒഴിവാക്കാനാകും. കൊയിലാണ്ടിയിൽ വീടിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ മാറ്റിത്തരണമെന്ന് പലതവണ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പരാതികളും മുന്നറിയിപ്പുകളും ലഭിച്ചിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |