കൊച്ചി: കേരളം ആസ്ഥാനമായ കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്നതിനായി പുതിയ ഫണ്ടുമായി പ്രമുഖ പ്രവാസി സംരംഭകനും നിക്ഷേപകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ രംഗത്ത്. പ്രധാനമായും കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനം ലഭ്യമാക്കുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപ ഫണ്ടിന് രൂപം നല്‍കാനാണ് ആലോചിക്കുന്നത്. കേരളത്തിലെ ലിസ്റ്റഡ്, അണ്‍ലിസ്റ്റഡ് കമ്പനികളിലാകും ഫണ്ട് കൂടുതലായി നിക്ഷേപം നടത്തുന്നത്.
എ.ഐ അധിഷ്ഠിത ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാനാണ് ശ്രമം. നിക്ഷേപ സാദ്ധ്യതകള്‍ പഠിക്കാനായി ലോകത്തിലെ മുന്‍നിര കണ്‍സള്‍ട്ടിംഗ് കമ്പനികളെ ചുമതലപ്പെടുത്തുമെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ആസ്ഥാനമായുള്ള ബ്യൂമെര്‍ക്കിന്റെ എക്സിക്യുട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പറഞ്ഞു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) 3.01 ശതമാനം ഓഹരി പങ്കാളിത്തമുള്ള മുന്‍നിര വ്യക്തിഗത നിക്ഷേപകനാണ് അദ്ദേഹം.
ഇതിന് പുറമെ, നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ), എസ്.ബി.ഐ, എല്‍.ഐ.സി, എന്‍.എസ്.ഡി.എല്‍ എന്നിവയിലും സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ഓഹരി പങ്കാളിത്തമുണ്ട്. എറണാകുളം സ്വദേശിയായ സിദ്ധാര്‍ഥ് 2023ലെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |