തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ് ജനകീയമായി. തിരക്കേറിയ ട്രെയിനുകളിലുൾപ്പെടെ ബുക്കിംഗ് തുടങ്ങി മിനിട്ടുകൾക്കുള്ളിൽ മുഴുവൻ തത്കാൽ ടിക്കറ്റുകളും കാലിയാകുന്ന സ്ഥിതി മാറി. ടിക്കറ്റ് ബുക്കിംഗ് ഏജൻസികളെ ആശ്രയിക്കാതെ തന്നെ വേഗം തത്കാലെടുക്കാം.
തത്കാൽ ടിക്കറ്റിനായി റെയിൽവേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളിൽ നേരത്തെ വന്നാലും ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. ഓൺലൈനിൽ ശ്രമിക്കുമ്പോൾ ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റ് കറങ്ങിക്കറങ്ങി നിൽക്കും. സൈറ്റ് ഓപ്പൺ ആകുമ്പോഴേക്കും ടിക്കറ്റ് തീരും! ജൂലായ് ഒന്നുമുതൽ തത്കാലിന് ആധാർ നിർബന്ധമാക്കുകയും ഏജന്റുമാർക്ക് ബുക്ക് ചെയ്യാൻ അരമണിക്കൂർ കാലതാമസം വരുത്തുകയും ചെയ്തതോടെയാണ് സാധാരണക്കാർക്ക് തത്കാൽ യാത്ര സുഗമമായത്. യാത്രക്കാരുടെ ഫീഡ്ബാക്ക് അനുസരിച്ച് കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്ന് റെയിൽവേ അറിയിച്ചു.
ബുക്കിംഗ് രീതി മാറ്റം
ബുക്കിംഗിനുള്ള ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ്, മൊബൈൽ ആപ് എന്നിവയിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പ്രൊഫൈലിൽ ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ ലഭ്യമാണ്. ഓരോ വ്യക്തിക്കും സ്വയം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ലളിതമാണു നടപടിക്രമങ്ങൾ. ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കൂ. യഥാർത്ഥ വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കാനാണിത്. കൗണ്ടർവഴി ബുക്ക് ചെയ്യാനും ഫോണിൽ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്യണം. മറ്റു നടപടിക്രമങ്ങളിൽ മാറ്റമില്ല.
ഏജന്റുവഴി ബുക്കിംഗ്
ആദ്യ 30 മിനിട്ട് കഴിഞ്ഞ ശേഷമാണ് ഏജന്റുമാർ വഴിയുള്ള ബുക്കിംഗ്. എസി തത്കാൽ ബുക്കിംഗ് രാവിലെ 10ന് ആരംഭിക്കും. ഏജന്റുമാർക്കുള്ള ബുക്കിംഗ് 10.30 മുതലാണ്. സ്ലീപ്പർ കോച്ചിലെ ബുക്കിംഗ് രാവിലെ 11ന് ആരംഭിച്ചാലും ഏജന്റുമാർക്ക് 11.30 മുതലേ ബുക്ക് ചെയ്യാൻ പറ്റൂ. ഏജന്റ് ബുക്കിംഗിനും അപേക്ഷകരുടെ ഫോൺ നമ്പരുകളിൽ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്യണം പ്രീമിയം തത്കാലിനും മാറ്റങ്ങൾ ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |