SignIn
Kerala Kaumudi Online
Saturday, 26 July 2025 11.01 AM IST

വി.എസ്, മലയോര മണ്ണിന്റെ കാവൽഭടൻ

Increase Font Size Decrease Font Size Print Page
vs

മണ്ണിനോടും വന്യമൃഗങ്ങളോടും ഒരുപോലെ പടവെട്ടുന്ന കർഷകത്തൊഴിലാളികൾ ഏറെയുള്ളതിനാലാകാം വി.എസ്. അച്യുതാനന്ദനെന്ന കറതീർന്ന കമ്മ്യൂണിസ്റ്റ് മലയോര ജനതയെ എന്നെന്നും നെഞ്ചോട് ചേർത്ത് നിറുത്തിയിട്ടുള്ളത്. ഇടുക്കിയിലെ സാധാരണ കുടിയേറ്റ ജനങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട കാലങ്ങളിലെല്ലാം വി.എസ് രക്ഷകനെപ്പോലെ മലകയറി വന്നിട്ടുണ്ട്. ആ മനുഷ്യന്റെ സാന്നിദ്ധ്യം പോലും തെല്ലൊന്നുമല്ല കൈയേറ്റക്കാരെയും മാഫിയകളെയും അസ്വസ്ഥരാക്കിയത്. ചില ഘട്ടങ്ങളിൽ സ്വന്തം പാർട്ടിക്കാരെ പോലും വെല്ലുവിളിച്ചായിരുന്നു ഒറ്റയാൾ പോരാട്ടം. മുല്ലപ്പെരിയാർ, മതികെട്ടാൻ കൈയേറ്റം, മൂന്നാർ ദൗത്യം, പെമ്പിളൈ ഒരുമൈ തുടങ്ങി വി.എസിനെക്കുറിച്ച് ഓർക്കാൻ മലയോര മണ്ണിന് ഏറെയുണ്ട്.

ദേവികുളം ഉപതിരഞ്ഞെടുപ്പ് വിജയശിൽപ്പി

1958ൽ ദേവികുളം മണ്ഡലത്തിൽ നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി. അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന വി.എസ്. അച്യുതാനനന്ദനായിരുന്നു തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച റോസമ്മയുടെ തിരഞ്ഞെടുപ്പ് ഫലം അസാധുവായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എതിർസ്ഥാനാർത്ഥിയായ കോൺഗ്രസിന്റെ ബി.കെ. നായർക്ക് വേണ്ടി ഇന്ദിരാഗാന്ധിയും കാമരാജും പ്രചരണത്തിനെത്തി. റോസമ്മയ്ക്ക് വേണ്ടി തെന്നിന്ത്യൻ തമിഴ്സൂപ്പർ താരം എം.ജി.ആറിനെയും അഖിലേന്ത്യാ നേതാവ് ജ്യോതി ബസുവിനെയും വി.എസിന്റെ നേതൃത്വത്തിൽ പ്രചാരണത്തിനെത്തിച്ചു. റോസമ്മയ്ക്കായി തോട്ടം തൊഴിലാളി ദമ്പതികളുടെ മകനായ ഒരു 15കാരൻ പാട്ടുപാടാനെത്തിയിരുന്നു. അന്നത്തെ ആ പയ്യനാണ് ഇന്നത്തെ ഇളയരാജ എന്ന പ്രശസ്ത സംഗീതജ്ഞൻ. ഫലം വന്നപ്പോൾ 7098 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റോസമ്മ പുന്നൂസ് വീണ്ടും വിജയിച്ചു.

മതികെട്ടാന്റെ കാവൽഭടൻ

2001ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയതാണ് മതികെട്ടാൻ കൈയേറ്റം. അന്ന് മതികെട്ടാനിലെത്തിയ ആദ്യരാഷ്ട്രീയ നേതാവ് പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദനായിരുന്നു. 2002 ഏപ്രിൽ 20ന് അദ്ദേഹം എത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു. 2001ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ഗോത്രമഹാസഭ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ കുടിൽകെട്ടൽ സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മതികെട്ടാനിലെ 900 ഹെക്ടർ വനഭൂമി ആദിവാസികൾക്ക് പതിച്ചുനൽകാൻ ധാരണയായിരുന്നു. ഇതിന്റെ മറവിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ചിലർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ മതികെട്ടാൻ കാട് വെട്ടിപ്പിടിച്ചു. ഇത് സംബന്ധിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയ അന്നത്തെ വനം മന്ത്രി കെ. സുധാകരനും റവന്യൂ മന്ത്രി കെ.എം. മാണിയും ഇടഞ്ഞു. വി.എസ് ഇടപെട്ടതോടെ മതികെട്ടാനിലെ 1281.7419 ഹെക്ടർ സ്ഥലം 2003ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ജില്ലാ കളക്ടറടക്കം ഒരു ഡസനോളം ഉദ്യോഗസ്ഥർ സസ്‌പെൻഷനിലാവുകയും ചെയ്തു.

ദേശീയ ശ്രദ്ധ നേടിയ

മുല്ലപ്പെരിയാർ
മദ്ധ്യകേരളത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്ന മുല്ലപ്പെരിയാർ വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചത് വി.എസ്. ഒറ്റയൊരാളായിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം, പുതിയ കരാർ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പ്രക്ഷോഭം വി.എസിന്റെ ഇടപെടലോടെ ചരിത്രത്തിൽ ഇടം നേടി. 1990കൾ മുതൽ പലവട്ടം വി.എസ്. മുല്ലപ്പെരിയാറിലെത്തി. മുഖ്യമന്ത്രിയായിരിക്കെ 2006 നവംബർ 18ന് വീണ്ടും മുല്ലപ്പെരിയാറിലെത്തി. കേരളത്തിന് പ്രതികൂലമായ റിപ്പോർട്ടുകൾക്കെതിരെ ആഞ്ഞടിച്ചു. 2011 നവംബർ 27 മുതൽ സമരസമിതി നേതാക്കൾ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഈ സമരത്തിന് അഭിവാദ്യം അർപ്പിച്ച് 2011 ഡിസംബർ ഏഴിന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് സമരപ്പന്തലിലെത്തി. 'കൊല്ലരുതേ, കൊല്ലരുതേ, നിങ്ങൾക്ക് വെള്ളം തരുന്ന ഞങ്ങളെ കൊല്ലരുതേ' എന്ന തമിഴ്നാടിനോടുള്ള വി.എസിന്റെ അന്നത്തെ അഭ്യർത്ഥന ഏറെ ചർച്ചയുയർത്തി.

മൂന്നാറിലേക്ക് പൂച്ചകളെ അയച്ച മുഖ്യമന്ത്രി
പാതിവഴിയിൽ നിലച്ചെങ്കിലും വി.എസ്. മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ദൗത്യം ഇന്നും ഭൂസംരക്ഷണത്തിന്റെ ചരിത്രരേഖയാണ്. 2006ൽ തുടങ്ങിയ മൂന്നാർ ഒഴിപ്പിക്കൽ ഭൂ മാഫിയയെയും കൈയേറ്റക്കാരെയും ഞെട്ടിച്ചു. അതുവരെ ആരും തൊടാതിരുന്നവർക്ക് നേരെ വി.എസ്. നിയോഗിച്ച ദൗത്യസംഘത്തിന്റെ ജെ.സി.ബി ഉരുണ്ടു. 2007 മേയ് 13നാണ് മൂന്ന് പൂച്ചകളെന്ന് വി.എസ്. തന്നെ വിശേഷിപ്പിച്ച കെ. സുരേഷ്‌കുമാർ, ഐ.ജി ഋഷിരാജ്സിംഗ്, ജില്ലാ കളക്ടർ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാറിൽ ജെ.സി.ബി ഉരുണ്ടു തുടങ്ങിയത്. ജൂൺ ഏഴ് വരെയുള്ള 25 നാളുകൾക്കിടെ 91 കെട്ടിടങ്ങൾ നിലം പതിച്ചു. 11,​350 ഏക്കർ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു. ദേശീയ പാതയോരം കൈയേറിയ സി.പി.ഐ ഓഫീസിന്റെ മുൻഭാഗം മേയ് 14ന് പൊളിച്ചപ്പോൾ ഉന്നതങ്ങളിലെ പല നെറ്റികളും ചുളിഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നൽകിയ പട്ടയങ്ങളുടെ കഥ മേയ് 28ന് വെളിച്ചത്താകുക കൂടി ചെയ്തതോടെയാണ് ദൗത്യസംഘത്തിന്റെ മേൽ വിലങ്ങുകൾ വീണു തുടങ്ങിയത്. പിന്നീട് 2007 നവംബർ 15ന് മൂന്നാറിലെ ടാറ്റയുടെ കൈയേറ്റ സ്ഥലം വി.എസ് നേരിട്ടെത്തി ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചതോടെ വൻകിടക്കാരുടെയും അവർക്ക് സ്തുതി പാടുന്ന രാഷ്ട്രീയക്കാരുടെയും ഉറക്കം നഷ്ടപ്പെട്ടു. സി.പി.എം, സി.പി.ഐ കക്ഷികളുടെ എതിർപ്പ് മൂലം ദൗത്യം നിലച്ചു. വി.എസിനൊപ്പമായിരുന്ന സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി 2007ലെ ജില്ലാ സമ്മേളനത്തോടെ പിണറായി പക്ഷത്തേക്ക് മലക്കം മറിഞ്ഞതിനും പിന്നിൽ മൂന്നാർ ദൗത്യമായിരുന്നു.

തലൈവരെ വണങ്ങി

പെമ്പിളൈ ഒരുമൈ

കേരളത്തിന്റെ സമരഭൂപടത്തിലെ അവഗണിക്കാനാവാത്ത പെൺ ചരിതമായിരുന്നു 2015ൽ മൂന്നാറിൽ തോട്ടം തൊഴിലാളി സ്ത്രീകൾ സംഘടിപ്പിച്ച പെമ്പിളൈ ഒരുമൈ എന്ന ഐതിഹാസിക സമരം. സമരം അവസാനിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിനെ പ്രേരിപ്പിച്ച ഏക ഘടകം വി.എസിന്റെ നിശ്ചയദാർഢ്യമായിരുന്നു. രാഷ്ട്രീയക്കാരെ സമരത്തിൽ നിന്ന് പുറത്താക്കിയ മൂന്നാറിലെ തോട്ടം തൊഴിലാളികൾ പക്ഷേ, 2015 സെപ്തംബർ 13ന് എത്തിയ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദനെ എതിരേറ്റത് കൈയടികളോടെയാണ്. എസ്. രാജേന്ദ്രൻ എം.എൽ.എയെ വിരട്ടിയോടിച്ച ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, കെ.കെ. രമ തുടങ്ങിയവരെ സമരസ്ഥലത്ത് നിന്ന് ഇറക്കിവിട്ട, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, എം.സി. ജോസഫൈൻ എന്നിവരെ തടഞ്ഞ സമരക്കാരാണ് വി.എസിനെ ആവേശത്തോടെ സ്വീകരിച്ചതെന്നാണ് ശ്രദ്ധേയം. സമരം ചെയ്യുന്ന തൊഴിലാളികളെ ആവേശത്തിലാഴ്ത്തുന്ന പ്രസംഗമാണ് വി.എസ് നടത്തിയത്. സമരം അവസാനിക്കുന്നത് വരെ താൻ സമരക്കാരോടൊപ്പം മൂന്നാറിൽ തുടരുമെന്നും വി.എസ് പ്രഖ്യാപിച്ചു. മണിക്കൂറുകളോളം വി.എസ് സമരപ്പന്തലിൽ ഇരുന്ന് പ്രക്ഷോഭകർക്ക് കരുത്ത് പകർന്നു. രാത്രി 8.20ന് മന്ത്രി ജയലക്ഷ്മിക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ വിവരിച്ച് മുഖ്യമന്ത്രിയുടെ ഫോൺ സന്ദേശമെത്തി. 8.24ന് വി.എസ്. അച്യുതാനന്ദൻ ഇക്കാര്യം സമരപ്പന്തലിൽ വിവരിച്ചതോടെ കേരളം കണ്ട ഏറ്റവും വലിയ പെൺപോരാട്ടത്തിന് പരിസമാപ്തിയായി.

ചന്ദനക്കൊള്ളക്കാരുടെ പേടിസ്വപ്നം

മറയൂരിന് മാത്രം സ്വന്തമായ, ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം ചിലർ കാട്ടുക്കള്ളന്മാർ വെട്ടിനിരത്തിയപ്പോൾ സംരക്ഷണമൊരുക്കാനും വി.എസ് മാത്രമാണുണ്ടായിരുന്നത്. ഓരോ വർഷവും 5000 ലേറെ ചന്ദനമരങ്ങൾ വെട്ടിക്കടത്തിയിരുന്നെന്ന വിവരം ഞെട്ടലോടെയാണ് കേരളം കേട്ടത്. മറയൂരിൽ നിന്ന് വെട്ടുന്ന ചന്ദനത്തടികൾ പാലക്കാട്, മലപ്പുറം ജില്ലകളിലെ ചന്ദന ഫാക്ടറികളിലേക്കാണ് പോയിരുന്നത്. ചന്ദനം വെട്ടാനും കടത്താനും മുറിക്കാനും എല്ലാം പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെയുള്ള ഈ കടത്തിന് അതിർത്തിയിലെ ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെയും വിലയ്‌ക്കെടുത്തിരുന്നു. ചന്ദനക്കാട് അപ്രത്യക്ഷമാകുന്നുവെന്നറിഞ്ഞ വി.എസ്. 2002 സെപ്തംബറിൽ മറയൂർ മേഖല സന്ദർശിച്ചു. നിയമസഭയിൽ കണക്ക് സഹിതം നിരത്തി ഭരണപക്ഷത്തെ മുൾമുനയിൽ നിറുത്തി. ചന്ദന സംരക്ഷണത്തിന് നടപടി സ്വീകരിക്കും വരെ പ്രക്ഷോഭം തുടർന്നു.

TAGS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.