എന്തിനുമേതിനും ഉത്തരവുമായാണ് ചാറ്റ് ജിപിടിയും ഡീപ് സീക്കും പോലുള്ള എ.ഐ. ടൂളുകൾ എത്തിയത്. ഇതോടെ പലരുടേയും പണി എളുപ്പമായി. ചിലർക്ക് പണി പോവുകയും ചെയ്തു. സങ്കീർണമായ ചില കേസുകളിൽ നിഗമനത്തിലെത്താൻ കോടതികളും ചാറ്റ് ബോട്ടുകളെ ആശയിച്ചു തുടങ്ങി. എന്നാൽ ഇവയെ അത്രകണ്ട് വിശ്വാസത്തിലെടുക്കേണ്ട എന്നാണ് കേരള ഹൈക്കോടതിയുടെ പുതിയ തീരുമാനം. വിചാരണക്കോടതികൾക്കും ജുഡീഷ്യൽ സ്റ്റാഫിനുമായി ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നൽകി. കോടതി വിധി നിർണയത്തിൽ എ.ഐ ടൂളുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ഇത്തരമൊരു മാർഗനിർദ്ദേശം ഇന്ത്യയിൽ ആദ്യമാണെന്നതും ശ്രദ്ധേയമായി
കേരള ഹൈക്കോടതി സമീപകാലത്ത് സങ്കീർണമായ ഒരു നിയമപ്രശ്നം തീർപ്പാക്കിയത് ചാറ്റ് ജി.പി.ടിയുടെ കൂടി സഹായത്തോടെയായിരുന്നു. മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധവും അധാർമ്മികവുമാണെന്നാരോപിക്കുന്ന ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ച് എ.ഐയുടെ സഹായം തേടിയത്. മസ്തിഷ്ക മരണം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നയം അറിയുകയായിരുന്നു ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നയം ചാറ്റ് ബോട്ട് വിശദീകരിച്ചു. ആഗോളതലത്തിൽ ഏകീകൃത രീതിയില്ലെന്ന് ഇതിൽ നിന്ന് കോടതി വിലയിരുത്തുകയും ചെയ്തു. പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് ഇന്ത്യയിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതെന്ന് വ്യക്തമാക്കി ഹർജി തള്ളുകയും ചെയ്തു. ചാറ്റ് ജി.പി.ടിയുടെ മറുപടിയും ഉത്തരവിൽ ഉൾപ്പെടുത്തി. ഇതൊരു അപൂർവതയായിരുന്നു. ഇത്തരത്തിൽ പല കോടതികളും വിധി നിർണയത്തിന് എ.ഐ. ടൂളുകൾ ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതി നിയന്ത്രങ്ങൾക്ക് മുതിർന്നത്.
ജസ്റ്റിസ് ഗവായ് പറഞ്ഞത്
രേഖകളുടേയും ഉത്തരവുകളുടേയും ഡോക്യുമെന്റേഷൻ, പ്രാദേശിക ഭാഷകളിലേക്കുള്ള തർജമ തുടങ്ങിയ കാര്യങ്ങളിൽ സുപ്രീം കോടതിയടക്കം ഇപ്പോൾ എ.ഐ ടൂളുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ അത് കേസുകളുടെ തീർപ്പു കൽപ്പിക്കുന്നിടത്തോളം പോകേണ്ടതില്ലെന്നാണ് ഹൈക്കോടതി മാർഗനിർദ്ദേശത്തിന്റെ സാരം. വാസ്തവത്തിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇതേ ആശയം മാസങ്ങൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽ പങ്കുവച്ചിരുന്നു. മനുഷ്യന്റെ വിധിന്യായങ്ങളെ മെഷീന്റെ തീർപ്പുകൾക്കൊണ്ട് പകരം വയ്ക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോടതി ഉത്തരവുകൾ തികച്ചും സാങ്കേതികമല്ല. മനുഷ്യത്വം, ധാർമ്മികത, സഹാനുഭൂതി തുടങ്ങിയ ഘടകങ്ങൾ അതിലുണ്ടാകും. നിയമ വ്യവസ്ഥകളും സാങ്കേതികത്വവും മാത്രം വിലയിരുത്തി എ.ഐ ടൂളുകൾ എത്തിച്ചേരുന്ന നിഗമനങ്ങൾ തികച്ചും യാന്ത്രികമാകുമെന്നും ജസ്റ്റിസ് ഗവായ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്.
ചാറ്റ് ജിപിടിയെ തള്ളി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സഹായത്തോടെ കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ഹൈക്കോടതി. ജുഡീഷ്യൽ ഓഫീസർമാർ അടക്കമുള്ളവർക്കായാണ് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എ.ഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അക്കാഡമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. അംഗീകൃത എ.ഐ ടൂളുകളുടെ കാര്യത്തിൽ എന്തെങ്കിലും അപാകത കണ്ടാൽ ഹൈക്കോടതിയുടെ ഐ.ടി വിഭാഗത്തെ അറിയിക്കണം.മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതെല്ലാം എ.ഐ ടൂളുകളാണ് ഉപയോഗിച്ചതെന്ന് ഉത്തരവുകളിൽ വ്യക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവുകൾ എഴുതാനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനുമെല്ലാം നിലവിൽ എ.ഐ. ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. വസ്തുതാപരമായ തെറ്റ് വരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചാറ്റ് ജി.പി.ടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എ.ഐ ടൂളുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുതാര്യത നിലനിറുത്താൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം അനിവാര്യമാണെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. എ.ഐ ടൂളുകൾ പലകാര്യങ്ങളിലും സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യതയേയും ഡേറ്റ സുരക്ഷയേയും ബാധിക്കും എന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജുഡീഷ്യൽ ഓഫീസർമാരും ജീവനക്കാരും എ.ഐ ടൂൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. എ.ഐ യുഗത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലേക്ക് ലോകം കടക്കുകയാണ്. ഭാവിയിൽ മനുഷ്യസമാന ബുദ്ധിയുള്ള റോബോട്ടുകൾ പുറത്തിറക്കാനാണ് ശ്രമം. കോടതികളും സമ്പൂർണ വെർച്വൽ ഫോർമാറ്റിലേക്ക് മാറിയേക്കാം. അതുകൊണ്ടാണ് എ.ഐ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ടാകാമെന്ന് ഹൈക്കോടതി പറഞ്ഞുവച്ചത്. ഓരോ ഫയലിലും ഓരോ ജീവിതമാണെങ്കിൽ ഓരോ കോടതി വിധിയിലും പല ജീവിതങ്ങളാണ്. അതു കൊണ്ട് ടെക്നോളജി എത്ര വളർന്നാലും കോടതി ഉത്തരവുകൾ 'മജ്ജയും മാംസവും" ഉള്ളതു തന്നെയാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |