കൊച്ചി: പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഒന്നിലേറെപ്പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതോടെ താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വാശി മുറുകി. ആഗസ്‌റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പിന് 74 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജോയ് മാത്യു, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക നൽകി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്ക് വിനു മോഹൻ, ടിനി ടോം, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ, രവീന്ദ്രൻ, സായ് കൃഷ്‌ണ എന്നിവർ പത്രിക നൽകി.
വൈസ് പ്രസിന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്‌മിപ്രിയ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പത്രിക നൽകി.
പത്രിക സമർപ്പണം ഇന്നലെ സമാപിച്ചു. 31വരെ പിൻവലിക്കാം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യു സമർപ്പിച്ച പത്രിക സത്യവാങ്മൂലത്തിൽ ഒപ്പില്ലാത്തതിനാൽ തള്ളി. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും ജോയ് മാത്യു പത്രിക നൽകിയിട്ടുണ്ട്.
പീഡനാരോപണം നേരിടുന്ന ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തും അനുകൂലിച്ചും അഭിനേതാക്കൾ രംഗത്തുവന്നു. മത്സരിക്കരുതെന്ന് നടൻ അനൂപ് ചന്ദ്രൻ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ പീഡനക്കേസ് രജിസ്‌റ്റർ ചെയ്‌തതിനു പിന്നാലെ മോഹൻലാൽ പ്രസിഡന്റായിരുന്ന ഭരണ സമിതി രാജിവച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കഴിഞ്ഞ പൊതുയോഗത്തിൽ മോഹൻലാൽ അറിയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |