അടുത്ത വീട്ടിലെ സ്റ്റൈലിഷ് പെൺകുട്ടിയുടെ ഇമേജാണ് മലയാളിക്ക് ഗൗരി കിഷൻ. '96" സിനിമയിലെ 'കുട്ടി ജാനു" ആയി തമിഴരും കാണുന്നു. സിനിമയിലും വെബ് സീരിസിലും വിജയകരമായ അഭിനയയാത്ര നടത്തി ഗൗരി കിഷൻ നിറഞ്ഞ സന്തോഷത്തിൽ. പ്രദീപ് രംഗനാഥൻ നായകനായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷ്വറൻസ് കമ്പനി"യുമായാണ് തമിഴിൽ ഗൗരിയുടെ അടുത്ത വരവ്. മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ആഗസ്റ്റ് 8ന് 'സാഹസം" സിനിമയുമായി ഇഷ്ടം കൂടാൻ വരുന്നു.
സാഹസം നൽകുന്ന ആകാംക്ഷയും പ്രതീക്ഷയും ?
വലിയ ആകാംക്ഷ നൽകുന്നു. നല്ല ഒരു ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടിയാണ് സെറ. പ്രണയിക്കുന്ന ആളിനൊപ്പം ജീവിക്കാൻവേണ്ടി സെറ ചെയ്യുന്ന ഓരോ കാര്യങ്ങൾ. വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹം ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങൾ. സെറ നല്ല പ്രണയിനി ആണ്. എപ്പോഴും ഉൗർജ്ജസ്വലത . ന്യൂജനറേഷനും സീനിയർ താരങ്ങളും ഒത്തുചേരുന്ന സിനിമയാണ് സാഹസം. റംസാൻ , ജീവ, സംവിധായകൻ ബിബിൻ കൃഷ്ണ, ശബരീഷ്, സജിൻ, ഹരി എന്നിവരെല്ലാം യൂത്ത് ആണ്. ബാബുആന്റണി, ബൈജു സന്തോഷ്, നരേൻ തുടങ്ങിയ സീനിയർ താരങ്ങൾ. പേര് പോലെ തന്നെ വളരെ സാഹസവും രസകരമായ നിമിഷങ്ങളും സമ്മാനിച്ച സെറ്ര്.
ഗൗരിയുടെ കഥാപാത്രങ്ങൾ എല്ലാം പ്രണയിക്കുന്നവരാണല്ലേ ?
എന്റെ ഇഷ്ട ജോണർ റെമാൻസ് തന്നെയാണ്. പെട്ടെന്ന് കഥാപാത്രമായി മാറാൻ കഴിയുന്നു. ആദ്യ സിനിമ '96" മുതൽ പ്രണയം എന്ന ഇമോഷൻ കരിയറിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. '96"നു ശേഷം ചെയ്ത സിനിമയുടെ ജോണർ എല്ലാം പ്രണയം തന്നെ. ബോധപൂർവം എടുത്ത തീരുമാനമല്ല. വരുന്ന കഥയോടും കഥാപാത്രത്തോടും ഇഷ്ടം തോന്നി സ്വീകരിച്ചതാണ്. അതാണ് കരിയറിൽ കുറെ പ്രണയ ചിത്രങ്ങൾ സംഭവിച്ചത്. പ്രണയരംഗങ്ങൾ സംവിധായകൻ വിവരിക്കുമ്പോൾ തന്നെ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നു.പ്രണയചിത്രങ്ങൾക്ക് അപ്പുറം ചെയ്യാൻ ആഗ്രഹവും ശ്രമവും ഉണ്ടായപ്പോൾ 'സുഴൽ 2" വെബ് സീരിസ് ഇതിന് മാറ്റം തന്നു. വേറൊരു തലത്തിൽ സഞ്ചരിക്കുന്ന ആണ് സുഴലിലെ മുത്തുമാരി.
അഭിനയത്തോട് തോന്നിയ ഇഷ്ടം ആണോ സിനിമയിൽ എത്തിച്ചത് ?
സിനിമയോടായിരുന്നു പാഷൻ. അത് ആണ് ഇവിടെ എത്തിച്ചത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചെന്നൈയിൽ ജീവിക്കുന്ന ഇടത്തരം മലയാളി കുടുംബത്തിൽ നിന്നാണ് വന്നത്. സിനിമ ഒരു വിദൂര സ്വപ്നമായി കണ്ടു. സിനിമയെ അഗാധമായി പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കുടുംബം. ആഴ്ചയിൽ ഒരു സിനിമ അച്ഛനും അമ്മയും ചേട്ടനും ഞാനും കാണുമായിരുന്നു. ഞാൻ പോലും അറിയാതെ സിനിമയോട് അഭിനിവേശം തോന്നി. എന്നാൽ സിനിമാതാരമാകുമെന്ന് ഒരിക്കൽപോലും വിചാരിച്ചില്ല. സിനിമയിൽ എങ്ങനെ എത്തുമെന്ന് അറിയില്ല. '96" സിനിമയിൽ എത്തിയത് തന്നെ തികച്ചും യാദൃശ്ചികമായി. ആദ്യ സിനിമയ്ക്കുശേഷമാണ് എന്റെ ഉള്ളിൽ ഒരു അഭിനേത്രി ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഏറ്റവും മികച്ചത് നൽകാൻ പ്രയ്തനം തുടരുകയാണ്. അത്രമാത്രം സ്നേഹം പ്രേക്ഷകർ തന്നു. മുൻകൂട്ടി പ്ളാൻ ചെയ്യാതെയാണ് വന്നതെങ്കിലും അഭിനയം ഇപ്പോൾ ആസ്വദിക്കുന്നു.
വെബ് സീരിസ് യാത്ര എങ്ങനെ വിലയിരുത്തുന്നു ?
മലയാളത്തിൽ ലവ് അണ്ടർ കൺസ്ട്രക്ഷനും തമിഴിൽ സുഴലും ചെറിയ ബ്രേക്കിനുശേഷം ചെയ്തെങ്കിലും മികച്ച സ്വീകാര്യത ലഭിച്ചതാണ് ഇൗവർഷത്തെ ഏറ്റവും വലിയ സന്തോഷം.
കരിയറിൽ ആദ്യമാണ് രണ്ട് പ്രോജക്ട് ഒരേദിവസം റിലീസ് ചെയ്യുന്നത്. രണ്ട് ഭാഷ, വ്യത്യസ്ത ജോണർ ഇതെല്ലാം ഏതൊരു നടനും നടിയും ആഗ്രഹിക്കുന്ന കാര്യമാണ്. ഈശ്വരാനുഗ്രഹം കൊണ്ട് നല്ല പ്രതികരണം ലഭിച്ചു. രണ്ട് സീരിസിലെയും അഭിനയത്തെ വിലയിരുത്തി മെസേജ് ചെയ്തവരുണ്ട്. വിദേശത്ത് പോയപ്പോൾ അവിടത്തെ മലയാളികൾ പോലും 'ലവ് അണ്ടർ കൺസ്ട്രഷൻ" ഇഷ്ടപ്പെട്ടെന്ന് പറയുമ്പോൾ സന്തോഷം തോന്നി. സ്കൂൾ - കോളേജ് പ്രണയത്തിൽ നിന്ന് മാറി മുതിർന്ന പ്രണയിനിയാകാൻ കഴിഞ്ഞു. ഇതിൽനിന്ന് മാറി സുഴലിൽ ദേഷ്യവും ക്രോധവും നിറഞ്ഞ ഇമോഷൻ സഞ്ചരിക്കാനും സാധിച്ചു. രണ്ടുതരം പ്രേക്ഷകരും എന്നെ അംഗീകരിച്ചതിൽ ഒരുപാട് സന്തോഷം.
ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ ഏത് മേഖല തിരഞ്ഞെടുക്കും ?
എപ്പോഴെങ്കിലും അങ്ങനെ അവസരം ലഭിച്ചാൽ തീർച്ചയായും തിരക്കഥ എഴുതും. ജേണലിസം പഠിച്ചതിനാൽ എഴുതാൻ താത്പര്യമാണ്. സിനിമയിൽ വന്നശേഷം തിരക്കഥയോട് കൂടുതൽ താത്പര്യം തോന്നി. മിക്കവാറും അവിടെയാകും എന്റെ തുടക്കം. ഇപ്പോൾ കൂടുതൽ സിനിമയുടെ ഭാഗമായപ്പോൾ സംവിധാനം എന്തുകൊണ്ട് ആലോചിച്ചുകൂടാ എന്നും തോന്നി. എന്നാൽ അവിടെയെങ്ങും എത്തിചേരാനാകില്ലെന്ന് നന്നായി അറിയാം. കുറെ പഠിക്കാനുണ്ട്. എപ്പോഴെങ്കിലും എഴുത്തിലും സംവിധാനത്തിലും ഒന്നു ശ്രമിച്ചുനോക്കണമെന്നാഗ്രഹിക്കുന്നു.
'ലവ് ഇൻഷ്വറൻസ് കമ്പനി "യിൽ കാണുന്ന പ്രത്യേകത?
എൽ. ഐ. കെ അത്യാധുനികവും ഭാവിയിലേക്ക് ഉറ്റു നോക്കുന്നതുമായ സിനിമയായിരിക്കും . ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രം. വേറിട്ട ലുക്ക്. സെക്കൻഡ് ഹീറോയിൻ ആണ്. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിദേശ ഷെഡ്യൂൾ ഉണ്ടായിരുന്നു. വലിയ പ്രോജക്ടിന്റെ ഭാഗമാകുമ്പോൾ അതിന്റേതായ അനുഭവം ഉണ്ടാകുമല്ലോ. വിഘ്നേഷ് ശിവൻ ഫൺ ആണ്. സംഗീതം അനിരുദ്ധും ക്യാമറ രവിവർമ്മനും. മൊത്തത്തിൽ ഒരു അടിപൊളി പാക്കേജ് ആകുമെന്നാണ് വിശ്വാസം. റിലീസ് തീരുമാനിച്ചില്ല. തമിഴിൽ രണ്ട് സിനിമകൾ കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |