വിതുര: ചേന്നൻപാറ കൊച്ചുകരിക്കകം വീട്ടിൽ പ്രേമരാജൻ നായരുടെ (58) മരണം കഴുത്തിന് പിന്നിലേറ്റ ശക്തമായ അടിമൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ അടിയും ഇടിയുമേറ്റതിന്റെ പാടുകളും ചതവും മുറിവുമുണ്ട്. കഴിഞ്ഞമാസം 9ന് രാവിലെയാണ് അവിവാഹിതനായ പ്രേമരാജനെ വിതുര ചേന്നൻപാറ വൈദ്യുതി ഒാഫീസിന് സമീപം അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്.
തലയുടെ പിൻഭാഗത്ത് മുറിവേറ്റ നിലയിലായിരുന്നു. പ്രേമരാജനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 29ന് പുലർച്ചെ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഹോദരി പ്രമീള മുഖ്യമന്ത്രിക്കും വിതുര പൊലീസിലും പരാതിനൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രതിയെ പിടികൂടാൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ലെന്നുമാണ് പ്രേമരാജൻനായരുടെ ബന്ധുക്കളുടെ പരാതി. അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്.അരുൺ,വിതുര സി.ഐ ജി.പ്രദീപ്കുമാർ,എസ്.ഐ മുഹ്സിൻ മുഹമ്മദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |