SignIn
Kerala Kaumudi Online
Sunday, 27 July 2025 2.52 AM IST

ഓരോവർഷവും മരിക്കുന്നത് 11 ലക്ഷത്തിലധികം പേർ, പുതുതായി രോഗം ബാധിക്കുന്നത് മുപ്പതു ലക്ഷത്തിലധികം പേരെ

Increase Font Size Decrease Font Size Print Page
health

കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral Hepatitis). മറ്റു പല കാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വിക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളില്‍ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകള്‍ കാരണം മാത്രം പതിനൊന്നു ലക്ഷത്തിലധികം രോഗികള്‍ എല്ലാവര്‍ഷവും മരണപ്പെടുകയും ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകള്‍ പുതുതായി രോഗബാധിതര്‍ ആവുകയും ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ആയതിനാല്‍ സമൂഹത്തില്‍ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ആഗോള തലത്തില്‍ എല്ലാവര്‍ഷവും ജൂലായ് ഇരുപത്തെട്ടിന് ലോക കരള്‍ വീക്ക ദിനം അഥവാ World Hepatitis Day ആയി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വൈറല്‍ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഓരോ ദിവസവും ഏകദേശം 3500ല്‍ അധികം പേര്‍ വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗികളില്‍ 'Let's Break it Down' അഥവാ 'ഹെപ്പറ്റൈറ്റിസ് - നമുക്ക് അതിനെ തകര്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമായി നല്‍കിയിരിക്കുന്നത്.

1. ഹെപ്പറ്റൈറ്റിസ് - ലിവര്‍ കാന്‍സറിന്റെ ഏറ്റവും പ്രധാന കാരണം

അതിതീവ്രമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം 13 ലക്ഷം മരണങ്ങള്‍ ഓരോ വര്‍ഷവും സംഭവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏകദേശം 8000 പുതിയ ഹെപ്പറ്റൈറ്റിസ് അണുബാധകള്‍ ഓരോ ദിവസവും ആരുമറിയാതെ സംഭവിക്കപ്പെടുന്നു. പ്രതിരോധ സംവിധാനങ്ങളിലൂടെ തടയാവുന്നതും, ചികിത്സിച്ച് ഭേദപ്പെടുത്താനാവുന്നതുമായ ഒരസുഖം ഇത്തരത്തില്‍ പടര്‍ന്നു പിടിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


2. രോഗാണുബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുക എന്നതാണ് കരളിലെ കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള ആദ്യ പടിയായി നാം ഓരോരുത്തരും ചെയ്യേണ്ടത്.


3. 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് ഈ ലോകത്ത് നിന്നും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഇപ്പോള്‍ മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.

ഹെപ്പറ്റൈറ്റിസ് രോഗബാധിതനാണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ ഉടന്‍ നടത്തുക.

നവജാത ശിശുക്കളില്‍ ഹെപ്പറ്റൈറ്റിസ് വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കുക.

ഹെപ്പറ്റൈറ്റിസ് രോഗികള്‍ ശരിയായ ചികിത്സയ്ക്കായി ഇനിയും കാലതാമസം വരുത്താതിരിക്കുക.

പ്രതിരോധ കുത്തിവയ്പ്പ്, മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയം, കൃത്യമായ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്നീ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടോ എന്നും അതിന്റെ പ്രാധാന്യത്തെ പറ്റി സമൂഹത്തിന് ബോധ്യമുണ്ടെന്നും ഉറപ്പാക്കുക.


വിവിധതരം ഹെപ്പറ്റൈറ്റിസുകള്‍

ഹെപ്പറ്റൈറ്റിസ് ബി, സി

വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി സി (Hepatitis B, C) എന്നിവ ചില രോഗികളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cirrhosis), ലിവര്‍ കാന്‍സര്‍ (Liver cancer) തുടങ്ങിയ ഗുരുതര പ്രശ്‌നനങ്ങള്‍ ഉടലെടുക്കാന്‍ നിമിത്തമാവുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ഡി

ഹെപ്പറ്റൈറ്റിസ് ബി രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡിരോഗബാധ വളരെ തീവ്രതയുള്ളതും സങ്കീര്‍ണവുമാണ്.

ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്

വൈറസ് ബാധയാല്‍ മലിനമായ വെള്ളത്തിലൂടെയാ ഭക്ഷണപദാര്‍ത്ഥങ്ങളിലുടെയോ ആണ് ഈ രോഗങ്ങള്‍ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയില്‍ ദീര്‍ഘകാല സങ്കീര്‍ണ്ണതകള്‍ക്ക് ഈ രോഗങ്ങള്‍ കാരണമാകാറില്ല.

രോഗലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടതുമാണ്.


ചികിത്സാ മാര്‍ഗങ്ങള്‍

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ഇന്നുലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്‌നനങ്ങള്‍ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്ക് കീഴ്‌പ്പെടുത്താനാവും.


എങ്ങനെ പ്രതിരോധിക്കാം?

1. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.

2. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപതി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.

ടാറ്റു, അക്യുപങ്ക്ചര്‍ തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കുക.

സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക.

രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക.

3. വാക്‌സിനുകള്‍

ഹെപ്പറ്റൈറ്റിസ് എ , ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്സിനുകള്‍ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.

വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളില്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂര്‍ണ്ണമായും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

Dr. Subhash R.
Consultant Surgical Gastroenterologist
SUT Hospital, Pattom, Trivandrum

TAGS: HEALTH, LIFESTYLE HEALTH, HEPATITIS, TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.