ന്യൂഡൽഹി : സ്പാനിഷ് ഫുച്ൂബാൾ ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുഖ്യപരിശീലകനാകാൻ അപേക്ഷ നൽകിയെന്ന വാർത്തയിൽ വൻട്വിസ്റ്റ്. സാവിയുടേതെന്ന പേരിൽ വന്ന ഇ- മെയിൽ ഇന്ത്യക്കാരനായ ഒരു 19കാരൻ വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ ഇമെയിലിൽ ഫുട്ബാൾ ഫെഡറേഷൻ വീണുപോയെന്നും അവർ വിശദീകരിച്ചു.
ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നുവെന്നും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടതായും എ.ഐ.എഫ്.എഫ് അവകാശപ്പെട്ടിരുന്നു. സാവി ഹെർണാണ്ടസിന്റെ ശമ്പളം ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് താങ്ങാനാവാത്തതാണ് അപേക്ഷ നിരസിക്കപ്പെടാൻ കാരണമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ടീം ഡയറക്ടർ സുബ്രത പോളാണ് സാവി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇമെയിൽ വഴി പരീശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചെന്ന് വ്യക്തമാക്കിയത്. മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റാന്റിൻ, ലിവർപൂൾ ഇതിഹാസം ഹാരി കിവെൽ, കിബു വികുന, ഈൽകോ ഷട്ടോറി, ഖാലിദ് ജാമിൽ, സ്ലൊവാക്യയുടെ സെഫ്ര ടാർകോവിച്ച്, മുൻ ബ്ലാക്ക്‌ബേൺ മാനേജർ സ്റ്റീവ് കീൻ എന്നിവരും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ സ്പാനിഷ് മാദ്ധ്യമങ്ങൾ ഈ വാർത്ത നിഷേധിച്ചു.
ഇതിന് പിന്നാലെയാണ് സാവിയുടെ പേരിൽ നിർമ്മിച്ച ഒരു വ്യാജ ഇ- മെയിലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഒരു 19കാരൻ നിർമ്മിച്ച വ്യാജ ഇ- മെയിൽ ഐഡിയിൽ നിന്ന് എ.ഐ.എഫ്.എഫിന് അയച്ച അപേക്ഷയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |