ആലപ്പുഴ: കൈനകരി സ്വദേശിയിൽ നിന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് എന്ന പേരിൽ 11 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി ജാർഖണ്ഡ് ദ്യോഘർ സ്വദേശിയായ വേദ് ആനന്ദ് (29) പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം പൊലീസ്, വെസ്റ്റ് ബംഗാളിലെ അസൻസോൾ എന്ന സ്‌ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ പ്രതിനിധി ചമഞ്ഞ് വാട്സ് ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
എട്ട് ഇടപാടുകളിലായി ആകെ 11,17,000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പരാതിക്കാരന്റെ പണം തട്ടിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായത്. ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനായി വെസ്റ്റ് ബംഗാളിലെ സിലിഗുരി എന്ന സ്‌ഥലം കേന്ദ്രീകരിച്ച് ഇയാൾ കോൾസെന്ററുകൾ വരികയാണ്. പ്രതിയുടെ സഹായികളായ സുകൃതി ചൗധരി, നവജീത് സിങ്, റാഷിദ് ഖാൻ എന്നിവർ ഉടൻ അറസ്റ്റിലാകുമെന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ജാർഖണ്ഡ് അസൻസോൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിൽ റിമാന്റിലായിരുന്ന പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നാഗ്പുർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി.ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ സബ് ഇൻസ്‌പെക്ടർ എസ്.വി ഷൈജുലാൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്. ജെ, സി.പി.ഒ ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |