കൊച്ചി: ആതിര ഗോൾഡ് ആൻഡ് സിൽക്‌സ് ഉടമകൾ പ്രതികളായ സ്വർണ നിക്ഷേപത്തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. 75 കേസുകളിലായി തുക 10 കോടി രൂപ കവിഞ്ഞതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് ജില്ലാ പൊലീസ് മേധാവിക്ക് എറണാകുളം സെൻട്രൽ പൊലീസ് റിപ്പോർട്ട് നൽകി. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 95 കേസുകളിലായി തട്ടിപ്പുതുക 13 കോടി രൂപ കവിഞ്ഞു.
അഞ്ച് കോടി രൂപ വരെയുള്ള കേസുകളാണ് ലോക്കൽ പൊലീസിന്റെ അന്വേഷണ പരിധി. അഞ്ചു കോടിക്കു മേൽ ജില്ലാ ക്രൈംബ്രാഞ്ചും 10 കോടി മുതൽ മുകളിലേക്ക് സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് അന്വേഷണ ഏജൻസി. കേസുകളുടെ എണ്ണക്കൂടുതലിനാൽ ഒരു വർഷത്തിനകം 10 കോടി കവിഞ്ഞതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഒഴിവായത്.
പ്രതികളായ ആതിരഗോൾഡ് എം.ഡി ആർ.ജെ. ആന്റണി, സഹോദരങ്ങളും പാർട്ണർമാരുമായ ആർ.ജെ. ജോസഫ്, ആർ.ജെ.ജോൺ, ആർ.ജെ.ജോബി എന്നിവർ ജുഡിഷ്യൽ റിമാൻഡിലാണ്. ഇവർക്ക് ആദ്യ കേസുകളിൽ ജാമ്യം അനുവദിച്ചെങ്കിലും പിന്നീടുള്ള കേസുകളിൽ റിമാൻഡ് ചെയ്തു. വഞ്ചനാക്കുറ്റം, വിശ്വാസവഞ്ചന ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഹൈക്കോർട്ട് ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചത്. വലിയ ലാഭം നൽകാമെന്ന വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചെന്നാണ് പരാതി. സ്വർണം ബുക്ക് ചെയ്യുമ്പോഴത്തെ മാർക്കറ്റ് വിലയ്‌ക്ക് നിശ്ചിത വർഷം കഴിഞ്ഞ് സ്വർണം നൽകാമെന്നായിരുന്നു മറ്റൊരു ഉറപ്പ്. എന്നാൽ സ്വർണത്തിന് വില കൂടിയതുൾപ്പെടെ സ്ഥാപനത്തിന് തിരിച്ചടിയായി. മുനമ്പം ആസ്ഥാനമായ സ്ഥാപനത്തിലെ നിക്ഷേപകർ ഭൂരിഭാഗവും വൈപ്പിൻ, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി ഭാഗങ്ങളിലുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |