യുവാക്കളുടെ സ്വപ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ വ്യക്തി...കലാമിനെപ്പോലെ ജീവിക്കണമെന്നും മരിക്കണമെന്നും ഒരു ജനതയെ മോഹിപ്പിക്കാൻ പ്രേരിപ്പിച്ച ജീവിത കാലം. ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് 10 വർഷം പിന്നിടുകയാണ്. 2015 ജൂലായ് 27ന് വൈകിട്ട് ഏഴിന് ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു ഇന്ത്യയുടെ മിസൈൽ മാൻ യാത്രയായത്. കാലമിത്ര പിന്നിട്ടിട്ടും ഇന്നും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അദ്ദേഹം ജീവിക്കുകയാണ്. ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മാഞ്ഞുപോവുകയും ചെയ്യുന്നതല്ല സ്വപ്നമെന്നും ഉറങ്ങാൻ അനുവദിക്കാതെ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാർത്ഥ സ്വപ്നമെന്നുമാണ് അബ്ദുൽ കലാം ലോകത്തോട് വിളിച്ച് പറഞ്ഞത്. സ്വപ്നം കാണാനും സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്നാട്ടിലെ രാമേശ്വരത്ത് സാമ്പത്തിക പരാധീനതകൾക്കിടയിൽ ജനിച്ച അദ്ദേഹത്തെ ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയും ആക്കിത്തീർത്തത്.
തന്റെ ജീവിതത്തെയാണ് അദ്ദേഹം അഗ്നിച്ചിറകുകൾ എന്ന ആത്മകഥയിലൂടെ ലോകത്തോട് പറഞ്ഞത്. സ്വപ്നം കാണാനുള്ള പരിശീലന പുസ്തകമായി പലരും ഇതിനെക്കണ്ടു. ഒരു പക്ഷേ, മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്ക് ശേഷം ലോകത്തെ ഇത്രയധികം പ്രചോദിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത മറ്റൊരു പുസ്തകം ഉണ്ടാവില്ല. കലാമിന്റെ ബാല്യം, വിദ്യാഭ്യാസ കാലഘട്ടം, ജീവിതത്തിൽ നേരിടേണ്ടിവന്ന യാതനകൾ തുടർന്ന് ശാസ്ത്ര ലോകത്തിലേക്കുള്ള കടന്നുവരവ് എന്നിവയെല്ലാം അഗ്നിച്ചിറകിൽ അനന്തതയിലേക്ക് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾക്ക് സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ എരിയേണ്ടതുണ്ട് എന്നാണ് കലാം പറഞ്ഞത്.
രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോൾ കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തന്റേത്. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. എഴുത്തുകാരൻ, അദ്ധ്യാപകൻ, ഗവേഷകൻ എന്നിങ്ങനെ കൈവെച്ച എല്ലാ മേഖലകളിലും കലാം വ്യക്തിമുദ്ര പതിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീർഘ ദൂര മിസൈലുകൾ കൊണ്ട് മൂന്ന് സേനകളെയും ആധുനികവൽക്കരിച്ചു. അമേരിക്കൻ ചാരക്കണ്ണുകളെ വെട്ടിച്ച് പൊഖ്രാന് 2 അണുബോംബ് പരീക്ഷണത്തിലൂടെ 1998ൽ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാൻ നേതൃത്വം നല്കി. പത്മഭൂഷനും പത്മവിഭൂഷനും പരമോന്നത ബഹുമതിയായ ഭാരത രത്നയും നൽകി രാജ്യം ആദരവ് പങ്കുവെച്ചു. ഒടുവിൽ, പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിലേക്കെത്തിപ്പോഴും ജനകീയ നയങ്ങളാൽ ജനങ്ങളുടെ രാഷ്ട്രപതിയായി.
രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തു. അതിരാവിലെ അദ്ദേഹം അതിലൂടെ നടക്കുമായിരുന്നു. കൂടെയുള്ളവർ സുരക്ഷയെക്കരുതി അത് എതിർത്തെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. ഉദ്യാനത്തിന്റെ മരച്ചുവടുകളിൽ കവിത കുറിച്ചുവെച്ചു. തന്റെ പിറന്നാളുകൾ ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. രാഷ്ട്രപതി എത്തുന്നു എന്നറിഞ്ഞാൽ എത്ര പിന്നാക്കമായ ഗ്രാമമായാലും പെട്ടന്ന് വൈദ്യുതി, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ലഭ്യമാവും. ഇന്ത്യയിൽ പെട്ടന്ന് വികസനം എത്തിക്കാൻ ഇതൊക്കെയേ മാർഗമുള്ളൂ എന്നതിനാലാണിത്. രാഷ്ട്രപതി ഭവനിൽനിന്നുമിറങ്ങിയ കലാം ഒരുനിമിഷം പോലും വെറുതെ ഇരുന്നില്ല. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടേയിരുന്നു. സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്തത് കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടേയിരുന്നു. ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകൾ ബാധിക്കാൻ കലാം അനുവദിച്ചില്ല. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ദീർഘകാല അജണ്ടകളും ദർശനങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
പൈലറ്റാവാൻ മോഹിച്ച കലാം പ്രതിരോധ വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആന്റ് പ്രൊഡക്ഷനിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റായി മാറിയതാണ് ഇന്ത്യയുടെ മിസൈൽ മനുഷ്യന്റെ പിറവിക്ക് വഴിയൊരുക്കിയത്. പരാജയങ്ങളിൽ തളരാത്ത അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയുടെ തെളിവുകളാണ് ഇന്ത്യയുടെ അഭിമാനമായ തൃശൂൽ, പൃഥി, നാഗ്, അഗ്നി മിസൈൽ വിക്ഷേപണങ്ങൾ.
രാജ്യം ദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം വിക്ഷേപണ വാഹനംഎസ്.എൽ.വി 3 യുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു കലാം. പിന്നീട് ഡി.ആർ.ഡി.ഒയുടെ ഇന്റഗ്രേറ്റഡ് ഗൈയ്ഡഡ് മിസൈൽ പ്രോഗ്രാമിന്റെ തലപ്പത്തേക്ക് കലാമെത്തിയ കാലഘട്ടത്തിലാണ് അഗ്നി, പൃഥ്വി ഉൾപ്പെടെയുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതികൾ യാഥാർഥ്യമായത്. തന്റെ രാജ്യത്തിന്റെ അതിരില്ലാത്ത സാദ്ധ്യതകളിൽ ഉള്ള വിശ്വാസമാണ് മറ്റ് രാജ്യങ്ങളെ പോലും വെല്ലുവിളിച്ച് പൊക്രാൻ 2 ഉൾപ്പെടെയുള്ള ആണവ പരീക്ഷണങ്ങൾക്ക് കലാമിന് ധൈര്യം നൽകിയത്.
2015 ജൂലൈ 27ന് വിടപറയുമ്പോൾ ഇഷ്ടപ്പെട്ടിരുന്ന തൊഴിലായ അദ്ധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അദ്ധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി 48 സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച വ്യക്തിയാണ് കലാം. വരും തലമുറക്ക് ജീവിതത്തിൽ വിജയിക്കാനുള്ള വിജയ മന്ത്രങ്ങളെക്കുറിച്ചുള്ള ഒറു വിദ്യാർത്ഥിയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ഇപ്രകാരമായിരുന്നു; 'ജീവിതത്തിൽ വിജയിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് നാല് കാര്യങ്ങളാണ്. ഒന്ന്, മികച്ച ലക്ഷ്യങ്ങളുണ്ടായിരിക്കുക എന്നതാണ്. എനിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. ഞാൻ അറിവ് ആർജ്ജിച്ച് കൊണ്ടേയിരിക്കും. ഞാൻ കഠിനാദ്ധ്വാനം ചെയ്യും. വിജയത്തിലെത്തും. ജീവിത വിജയത്തിനുള്ള മന്ത്രങ്ങൾ ഇവയാണ് എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |