തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'കൂലി' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം 'മോണിക്ക' അടുത്തിടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പക്കാ ഡാൻസ് നമ്പർ ആയി ഒരുക്കിയ മോണിക്കയിൽ പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് എത്തുന്നത്. ഇതിൽ പൂജ ഹെഗ്ഡെയെ സൈഡാക്കി കൈയടി മുഴുവൻ സൗബിൻ കൊണ്ടു പോയിരുന്നു. ഗംഭീര ഡാൻസ് ആണ് സൗബിൻ ഗാനരംഗത്ത് കാഴ്ചവയ്ക്കുന്നത്. ഏത് സൂപ്പർതാരത്തിന്റെ ഒപ്പമാണെങ്കിലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്ന് വരെ ആരാധകർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'ഭീഷ്മപർവം' ചിത്രത്തിലെ സൗബിന്റെ ഡാൻസ് കണ്ടാണ് മോണിക്ക ഗാനത്തിൽ ഡാൻസ് ചെയ്യാൻ അദ്ദേഹത്തെ വിളിച്ചതെന്നാണ് ലോകേഷ് പറയുന്നത്. 'ഗലാട്ട തമിഴി'ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
'സൗബിനാണ് മോണിക്ക ഗാനത്തിന്റെ ഭംഗി കൂട്ടിയത്. നായകനും നായികയും ഡാൻസ് ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷേ വില്ലൻ ഡാൻസ് കളിക്കുക എന്നത് പുതിയ കാര്യമാണ്. 'ഭീഷ്മപർവം' സിനിമ കാണുന്ന സമയത്ത് തോന്നിയതാണ്. ഇത്ര നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് സൗബിനോട് ഡാൻസ് കളിക്കാമോ എന്ന് ചോദിച്ചുകൂടാ എന്ന്'- ലോകേഷ് കനകരാജ് വ്യക്തമാക്കി.
അഞ്ചു കോടി രൂപയാണ് 'മോണിക്ക' ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതിന് പൂജയുടെ പ്രതിഫലം. വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ആലാപനം. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്റെ റാപ് ആലപിച്ചത് അസൽ കോലാർ ആണ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന കൂലി ആഗസ്റ്റ് 14ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |