കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. സെല്ലിലെ കമ്പിയുടെ താഴ് ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുക്കുന്നതും കാണാം.
പുലർച്ചെ 1.20 കഴിയുന്നതോടെയാണ് ഗോവിന്ദച്ചാമി പുറത്തിറങ്ങുന്നത്. പിന്നീട് പത്താംബ്ലോക്കിന്റെ മതിൽ ചാടിക്കടന്നു. പുലർച്ചെ നാലേകാൽ വരെ ജയിൽ വളപ്പിനുള്ളിലെ മരത്തിന് സമീപം നിന്നു. വലിയ ചുറ്റുമതിൽ തുണികൾ കൂട്ടിക്കെട്ടിയാണ് ചാടിക്കടന്നതെന്നാണ് മൊഴി. ജയിൽ ചാടിക്കടക്കാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നുമാണ് ഗോവിന്ദച്ചാമി പറഞ്ഞത്.
മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടുന്നത് . നിലവിൽ ഗോവിന്ദച്ചാമിയെ കൂടുതൽ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |